മുഖ്യമന്ത്രി കെജ്‌രിവാളോ, രാജിവെച്ച കെജ്‌രിവാളോ ശക്തിമാന്‍?

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിച്ച് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് സാധിക്കുമോ? അതിഷിയെ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ച് കെജ്‌രിവാള്‍ ഒരു കളിക്ക് ഒരുങ്ങുമ്പോള്‍ ചോദ്യം ബാക്കി.
ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ആപിനും കെജ്‌രിവാളിനും മുമ്പിലുള്ള ഏറ്റവും മെച്ചപ്പെട്ട വഴിയാണ് കെജ്‌രിവാളിന്റെ പിന്മാറ്റം. അഴിമതി ആരോപണത്തിന്റെ കറ, അതുമൂലം ജനവിശ്വാസത്തിനേറ്റ ഇടിവ് എന്നിവ മാറ്റിയെടുക്കാന്‍ തന്റെ രാജി തന്നെയാണ് മെച്ചപ്പെട്ട വഴിയെന്ന് കെജ്‌രിവാള്‍ തിരിച്ചറിഞ്ഞു. ഫെബ്രുവരിയില്‍ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും വീണ്ടും അധികാരം പിടിക്കാനുമുള്ള കരുനീക്കത്തിലാണ് കെജ്‌രിവാള്‍. ബി.ജെ.പി രാഷ്ട്രീയത്തിന്റെ ബലിയാടാകേണ്ടി വന്നുവെന്ന് വോട്ടര്‍മാരോട് പറയുക. അത് അംഗീകരിച്ച് ജനം വീണ്ടും ആപിന് അധികാരം നല്‍കുമ്പോള്‍, ജനവിധി ചൂണ്ടിക്കാട്ടി വീണ്ടും മുഖ്യമന്ത്രിയാവുക. ഇപ്പോഴത്തെ ചുവടുവെയ്പ് അതിനാണ്.

ആപിന് ഡല്‍ഹിയില്‍ ഇനിയൊരു ഊഴം കിട്ടുമോ?

ഇനിയുമൊരു ഊഴം ആപിനും കെജ്‌രിവാളിനും ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നല്‍കുമോ? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആപും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാണ് ബി.ജെ.പിയെ നേരിട്ടത്. നിയമസഭയിലെ അംഗബലം വെച്ചു നോക്കിയാല്‍ ബി.ജെ.പിക്ക് എട്ടും ആപിന് 62ഉം എം.എല്‍.എമാരാണുള്ളത്. എന്നിട്ടും ഏഴ് ലോക്‌സഭ സീറ്റില്‍ ഒന്നുപോലും നേടാന്‍ 'ഇന്ത്യ മുന്നണി'ക്ക് സാധിച്ചില്ല. അതാണ് സ്ഥിതിയെങ്കില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യം എന്താവും? മദ്യനയ അഴിമതി കേസില്‍ ബി.ജെ.പിയുടെ ബലിയാട് എന്ന ഇമേജിലൂടെ അധികാരം പിടിക്കാനുള്ള പദ്ധതി ഉദ്ദേശിക്കുന്നതുപോലെ ഫലം കാണുമോ?
അഴിമതിക്കെതിരെ പട നയിച്ച് ഡല്‍ഹിയുടെ അധികാരം പിടിച്ചയാളാണ് കെജ്‌രിവാള്‍. അതേ നേതാവു തന്നെയാണ് അഴിമതി കേസില്‍ ജയില്‍ വാസത്തിനും രാജിക്കും ശേഷം വിശ്വാസ്യത തെളിയിക്കാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. കെജ്‌രിവാള്‍ മാത്രമല്ല, ആപിന്റെ നിരവധി നേതാക്കളെയാണ് മദ്യനയ അഴിമതി കേസില്‍ അന്വേഷണ ഏജന്‍സികള്‍ കുരുക്കിയത്. അത് രാഷ്ട്രീയ പ്രേരിതമാണെന്നു പറയുമ്പോള്‍ തന്നെ, മദ്യനയം ക്ലീനായിരുന്നുവെന്ന് കരുതുന്നവര്‍ കുറവായിരിക്കും. മദ്യനയത്തിലെ ശുദ്ധതയില്‍ വെള്ളം ചേര്‍ത്തതിന് ആം ആദ്മി പാര്‍ട്ടിക്ക് ആനുപാതിക ശിക്ഷയാണോ
അന്വേഷണ
ഏജന്‍സികള്‍ കൊടുത്തത് എന്ന സന്ദേഹം ബാക്കിനില്‍ക്കുമെന്നു മാത്രം.
നിയമസഭ തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന കെജ്‌രിവാളിനോടുള്ള വോട്ടര്‍മാരുടെ മനോഗതി മദ്യനയത്തെ കേന്ദ്രീകരിച്ചാവണമെന്നില്ല. ഡല്‍ഹി ഭരണത്തില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണയുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന രംഗങ്ങളിലെ സംഭാവനകള്‍ മാത്രമല്ല അതിനു കാരണം. ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വൈദ്യുതി-ജല ബില്ലിലെ സമാശ്വാസം എന്നിങ്ങനെ നീളുന്ന സൗജന്യങ്ങളുടെ പട്ടികയും ഡല്‍ഹിയിലെ വിവിധ ജനവിഭാഗങ്ങളെ സന്തോഷിപ്പിക്കുന്നു. അഴിമതി ആരോപണ കറ അതിജയിക്കാന്‍ ഇത് സഹായിക്കുമെന്ന ഉറച്ച വിശ്വാസമാണ് കെജ്‌രിവാളിനും ആപിനും ഉള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മോദിക്കും നിയമസഭ തെരഞ്ഞെടുപ്പ് കെജ്‌രിവാളിനുമുള്ള മാര്‍ക്കിടലാകുമെന്ന കാഴ്ചപ്പാടുകളുടെ അടിസ്ഥാനവും ഇതു തന്നെ. ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ബി.ജെ.പിയുടെ സ്വേഛാധിപത്യത്തിന് ഇടിവ് തട്ടുകയും ചെയ്തു.

അധികാരമില്ലാത്ത കെജ്‌രിവാളിന് കൂടുതല്‍ ശക്തി

നടക്കുന്നത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെങ്കിലും, അധികാരത്തിലുള്ള കെജ്‌രിവാളിനേക്കാള്‍ ശക്തി ഇപ്പോള്‍ രാജിവെച്ച കെജ്‌രിവാളിന് നിയമസഭ തെരഞ്ഞെടുപ്പു കളത്തില്‍ ഉണ്ടാവും. അല്ലെങ്കില്‍ തന്നെ, ഇനിയങ്ങോട്ട് അധികാരത്തില്‍ തുടരുന്നത് അനുചിതമാക്കുന്ന ജാമ്യ വ്യവസ്ഥകളാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം നല്‍കിയത്. ഭരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ മദ്യനയ കേസില്‍ പരാമര്‍ശം നടത്താനോ കഴിയാത്ത വിധം തുടരേണ്ട മുഖ്യമന്ത്രിയാവുമായിരുന്നു കെജ്‌രിവാള്‍. അതിനേക്കാള്‍, നിയമനടപടികളെ മാനിച്ച് അധികാരം കൈയൊഴിയുമ്പോള്‍ 'പോരാളി' എന്ന പഴയ പ്രതിഛായ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കെജ്‌രിവാള്‍ നടത്തുന്നത്. ഭാര്യ സുനിതയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാതിരിക്കുക വഴി, കുടുംബ വാഴ്ചയുടെ ആരോപണ മുനയില്‍ നിന്ന് ഒഴിഞ്ഞു മാറാനും ശ്രദ്ധിച്ചിട്ടുണ്ട്.

മര്‍മം അറിഞ്ഞ് രാഷ്ട്രീയം പ്രയോഗിക്കാന്‍ നിപുണനാണ് കെജ്‌രിവാള്‍. എന്നാല്‍ അതിനിടയില്‍ പ്രധാനമായ ചില ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു. പിറന്ന കാലത്തു നിന്ന് ഇന്നത്തെ ആം ആദ്മി പാര്‍ട്ടി എത്ര അകലെ? മറ്റു പാര്‍ട്ടികളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയെ വ്യത്യസ്തമാക്കുന്ന ഘടകമേത്?
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  

Related Articles

Next Story

Videos

Share it