ടയര്‍ നിര്‍മാണ വസ്തുക്കളുടെ ലഭ്യത കുറഞ്ഞു, ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി കമ്പനികള്‍

ടയര്‍ നിര്‍മ്മാണ ചിലവിന്റെ 60 മുതല്‍ 70 ശതമാനം വരെ വരുന്നത് ക്രൂഡ് ഓയില്‍ അധിഷ്ഠിത വസ്തുക്കള്‍ക്കാണ്
ടയര്‍ നിര്‍മാണ വസ്തുക്കളുടെ ലഭ്യത കുറഞ്ഞു, ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി കമ്പനികള്‍
Published on

പ്രകൃതിദത്ത റബര്‍ വില കുത്തനെ ഉയരുന്നതും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ തടസം നേരിട്ടതും ടയര്‍ ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ടയര്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ടയര്‍ നിര്‍മാണച്ചെലവ് 70 ശതമാനം വരെ വര്‍ധിച്ചെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) വ്യക്തമാക്കി.

ടയര്‍ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കണമെന്നാണ് ടയര്‍ കമ്പനികളുടെ ആവശ്യം. അതേസമയം, സിന്തറ്റിക് റബര്‍, പ്രത്യേക റെസിനുകള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30 വരെ താല്‍ക്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്.

ടയര്‍ നിര്‍മ്മാണ ചിലവിന്റെ 60 മുതല്‍ 70 ശതമാനം വരെ വരുന്നത് ക്രൂഡ് ഓയില്‍ അധിഷ്ഠിത വസ്തുക്കള്‍ക്കാണ്. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും ഹോര്‍മുസ് കടലിടുക്ക്, സൂയസ് കനാല്‍ തുടങ്ങിയ പ്രധാന കപ്പല്‍ പാതകളിലെ പ്രതിസന്ധിയും ചരക്ക് നീക്കത്തെയും ഇന്‍ഷുറന്‍സ് നിരക്കുകളെയും ബാധിക്കുന്നുണ്ട്. ഇത് ഉത്പാദന ചിലവ് കുത്തനെ ഉയര്‍ത്തുന്നു.

ടയറുകളുടെ സുരക്ഷയില്‍ നിര്‍ണ്ണായകമായ ബീഡ് വയറുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ടയര്‍ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ബീഡ് വയറുകളുടെ ഇറക്കുമതിക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറില്‍നിന്ന് താല്‍ക്കാലിക ഇളവ് അനുവദിക്കണമെന്നാണ് ആത്മയുടെ ആവശ്യം. കൂടാതെ ടയര്‍ നിര്‍മ്മാണത്തിന് ആവശ്യമായ സള്‍ഫര്‍, റബ്ബര്‍ പ്രോസസ് ഓയിലുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ റിഫൈനറികളുടെ ഇടപെടലും അസോസിയേഷന്‍ തേടിയിട്ടുണ്ട്.

റബര്‍ വില കൂടുന്നു

അതേസമയം, പ്രകൃതിദത്ത റബറിന്റെ വില കേരളത്തിലും ഉയരുകയാണ്. രാജ്യാന്തര വില ഇന്ന് 271 രൂപയിലെത്തി. പ്രതിദിനം 4-5 രൂപ നിരക്കിലാണ് വില ഉയരുന്നത്. ലഭ്യത കുറഞ്ഞതും ഡിമാന്‍ഡ് ഉയര്‍ന്നതുമാണ് റബറിന് ഗുണം ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വില കൂടിയതോടെ സിന്തറ്റിക് റബര്‍ ഉത്പാദനം ലാഭകരമല്ലാതായി മാറിയതും പ്രകൃതിദത്ത റബറിന് ഗുണം ചെയ്തു.

Rising raw material costs and supply disruptions are pushing tyre companies to seek import duty cuts to manage soaring production expenses

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com