സഹായം നിലച്ച് മിലറ്റ് ഗ്രാമ പദ്ധതി, അട്ടപ്പാടി മാതൃക പിന്തുണയില്ലാതെ ജലരേഖയാകുമോ? മുന്നേറാന്‍ വെല്ലുവിളി ഏറെ

പോഷക സമൃദ്ധമായ മില്ലറ്റുകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും അവബോധം കുറവാണെന്ന് ജൈവ കര്‍ഷകരും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും പറയുന്നു.
Millet crops
Millet crops
Published on

സവിശേഷമായ ഭൂപ്രകൃതി കൊണ്ടും ജീവിത രീതി കൊണ്ടും ശ്രദ്ധേയമായ സ്ഥലമാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി. ഇരുനൂറിലേറെ ആദിവാസി ഊരുകളുള്ള ഈ മലയോരത്തെ കൃഷി, ഭക്ഷണ രീതികള്‍ക്കും പ്രത്യേകതകള്‍ ഏറെയാണ്. ആരോഗ്യ സംരക്ഷണത്തില്‍ ആഗോള പ്രാധാന്യം നേടിയ ചെറുധാന്യങ്ങളുടെ (Millets) കൃഷിയിലും ഉപയോഗത്തിലും അട്ടപ്പാടിയിലെ ആദിവാസികള്‍ നൂറ്റാണ്ടിന് മുമ്പു തന്നെ ശ്രദ്ധ കൊടുക്കുന്നവരാണ്. റാഗി, ചാമ തുടങ്ങിയ പോഷക സമൃദ്ധമായ ചെറുധാന്യങ്ങളുടെ ഉപയോഗം നഗരങ്ങളില്‍ വര്‍ധിച്ചു വരുമ്പോള്‍ അട്ടപ്പാടിയിലേക്കാണ് ആരോഗ്യമേഖലയുടെ കണ്ണുകള്‍ ചെന്നെത്തുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെറുധാന്യ കൃഷി നടക്കുന്നത് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലാണ്. മേഖലയിലെ അഗളി, ഷോളയൂര്‍, പുതുര്‍ എന്നീ പഞ്ചായത്തുകള്‍ ഇന്ന് ചെറുധാന്യങ്ങളുടെ കലവറയായാണ് അറിയപ്പെടുന്നത്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞാണ് എട്ടു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ മില്ലറ്റ് ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍, പദ്ധതി അടുത്തിടെ നിര്‍ത്തിയതോടെ അട്ടപ്പാടിയിലെ ചെറുധാന്യ കൃഷിയുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഇവിടുത്തെ കര്‍ഷകര്‍ക്കുള്ളത്. പദ്ധതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ആദിവാസികള്‍ ഉള്‍പ്പടെയുള്ള 21 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

എട്ടു വര്‍ഷത്തിന്റെ ബാക്കി പത്രം

2017 ല്‍ ആണ് സംസ്ഥാന കൃഷി വകുപ്പും പട്ടിക വിഭാഗ ക്ഷേമ വകുപ്പും ചേര്‍ന്ന് അട്ടപ്പാടിയില്‍ മില്ലറ്റ് ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. ചെറുധാന്യങ്ങളുടെ കൃഷിയിലേക്ക് കൂടുതല്‍ ആദിവാസി ഊരുകളെ കൊണ്ടു വരുന്നതിനും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വിത്തുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യമിട്ടത്. വെള്ളം അധികം ആവശ്യമില്ലാത്ത കൃഷിയായതിനാല്‍ അട്ടപ്പാടി മേഖല മില്ലറ്റ് ഉല്‍പ്പാദനത്തിന് അനുയോജ്യമാണ്. കാടിനുള്ളിലും ഊരുകളിലെ വയലുകളിലും കൃഷി നടത്തി ശീലിച്ചവരാണ് ആദിവാസികള്‍. അവര്‍ക്ക് ഭക്ഷണത്തിന് ആവശ്യമായ ചെറുധാന്യങ്ങള്‍ പതിറ്റാണ്ടുകളായി കൃഷി ചെയ്തു വരുന്നുണ്ട്. മില്ലറ്റ് ഗ്രാം പദ്ധതി തുടങ്ങുന്നതിന് മുമ്പ് 150 ഏക്കറിലാണ് ഇവിടെ ചെറുധാന്യ കൃഷി നടന്നിരുന്നത്. കര്‍ഷകര്‍ക്ക് ഹെക്ടറിന് 20,000 രൂപ വരെ ധനസഹായം നല്‍കിയും ഉല്‍പ്പന്നങ്ങള്‍ മികച്ച വില നല്‍കി സംഭരിച്ചുമാണ് പദ്ധതി മുന്നോട്ടു പോയത്.

അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഫോര്‍ മില്ലറ്റ്‌സ് (അറ്റ്ഫാം) എന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്കാണ് സംഭരണ ചുമതല. നിലവില്‍ 198 ഊരുകളിലായി 2,500 ഹെക്ടറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി മൂലം കഴിഞ്ഞതായി അറ്റ്ഫാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുകന്യ സുന്ദര്‍ 'ധനം ഓണ്‍ലൈനോ'ട് പറഞ്ഞു. അട്ടപ്പാടിയിലെ കൃഷി രീതി പൂര്‍ണമായും ജൈവരീതിയാണ്. ആദിവാസികള്‍ സൂക്ഷിച്ചു വെക്കുന്ന വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. രാസവളം ഉപയോഗിക്കുന്നില്ല. അവരുടെ ഭക്ഷണാവശ്യത്തിനുള്ള ധാന്യങ്ങള്‍ മാറ്റിവെച്ച് ബാക്കിയുള്ളതാണ് വില്‍ക്കുന്നത്. ജൈവ ഉല്‍പ്പന്നങ്ങളായതിനാല്‍ മികച്ച വില നല്‍കിയാണ് കമ്പനി അവ സംഭരിക്കുന്നതെന്ന് സുകന്യ വ്യക്തമാക്കി. പദ്ധതിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന കാലാവധി അവസാനിച്ചതാണ് ഫണ്ടിംഗ് നിലക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചെറുധാന്യങ്ങള്‍ മൂല്യവര്‍ധന നടത്തിയാണ് അറ്റ്ഫാം വിപണിയില്‍ എത്തിക്കുന്നത്. റാഗി പുട്ടിപൊടി, റാഗി ദോശ മിക്‌സ്, ചാമ ഉപ്പുമാവ് മിക്‌സ്, പനി വരഗ് അരി, കമ്പ് ദോശ മിക്‌സ്, മണിച്ചോളം മാവ് തുടങ്ങി 36 ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കിയത്. മില്ലറ്റുകള്‍ സംസ്‌കരിക്കുന്നതിനുള്ള യന്ത്രസംവിധാനം അട്ടപ്പാടിയിലുണ്ട്. ചെറു ധാന്യങ്ങള്‍ ഉപയോഗിച്ച് സ്‌നാക്കുകള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. ഉല്‍പ്പാദനം വൈകാതെ തുടങ്ങും.

ആശങ്കയോടെ കര്‍ഷകര്‍

2023 ല്‍ ബെസ്റ്റ് മില്ലറ്റ് പ്രൊമോഷന്‍ സ്‌റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കിയത് കേരളമാണ്. എട്ടു കോടി രൂപയിലേറെ ചെലവിട്ട് നടപ്പാക്കിയ അട്ടപ്പാടിയിലെ മില്ലറ്റ് ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത്. ഒരു സീസണില്‍ ശരാശരി 250 ടണ്‍ ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനമാണ് നടക്കുന്നത്. വര്‍ഷത്തില്‍ രണ്ട് വിളകള്‍ എടുക്കും. എന്നാല്‍ പ്രത്യേക ഫണ്ട് നിലച്ചതോടെ കര്‍ഷകര്‍ക്കിടയില്‍ ആശങ്കകളുണ്ട്. കൃഷി ചെയ്‌തെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ മാത്രം കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിനുള്ള പണം ലഭിക്കില്ല. ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിന് ആവശ്യമായ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തുടരേണ്ടതുണ്ട്. വനമേഖലയായതിനാല്‍ കൃഷിയിടങ്ങള്‍ക്കുള്ള പ്രധാന വെല്ലുവിളി വന്യമൃഗങ്ങളുടെ ശല്യമാണ്. വൈദ്യുതി വേലി സ്ഥാപിക്കുന്നതുള്‍പ്പടെ ഭാരിച്ച ചെലവുകള്‍ വരുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക പദ്ധതി ഏറെ സഹായകമായിരുന്നു. വിളകളുടെ സംരക്ഷണം ഉറപ്പാക്കാനായില്ലെങ്കില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കും.

വേണം ബോധവല്‍ക്കരണം

പോഷക സമൃദ്ധമായ മില്ലറ്റുകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും അവബോധം കുറവാണെന്ന് ജൈവ കര്‍ഷകരും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും പറയുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ചെറുധാന്യങ്ങള്‍ പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ തടയുന്നതിനും സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്തുന്നതിനും ചെറുധാന്യങ്ങളുടെ ഉപയോഗം നല്ലതാണ്. ശരീരത്തിന് പൊതുവില്‍ ഊര്‍ജം നല്‍കുന്നതിനാല്‍ ഭക്ഷണത്തില്‍ കുറഞ്ഞ അളവിലെങ്കിലും ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇവയുടെ ഗുണത്തെ കുറിച്ച് പൊതുവില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം കുറവാണ്. ലഭ്യതക്കുറവും വിലക്കൂടുതലും വലിയൊരു വിഭാഗം ജനങ്ങളെ മില്ലറ്റുകളില്‍ നിന്ന് അകറ്റുന്നുമുണ്ട്. ജൈവരീതിയില്‍ ഉല്‍പ്പാദിക്കുന്ന ചെറുധാന്യങ്ങള്‍ക്ക് രാസവളം ഉപയോഗിച്ചുണ്ടാക്കുന്നവയേക്കാള്‍ ഏതാണ്ട് ഇരട്ടിവിലയാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ചെറുധാന്യങ്ങള്‍ അട്ടപ്പാടിയിലെ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ കടുത്ത വെല്ലുവിളിയാകുന്നുണ്ട്. അട്ടപ്പാടി ബ്രാന്‍ഡിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് വാങ്ങാനെത്തുന്നവരുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com