യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് റെയില്‍വേ

യാത്രക്കാര്‍ക്ക് ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാന്‍ നടപടിയുമായി റെയില്‍വേ. ട്രെയിന്‍ യാത്രയില്‍ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇവരെ ഒഴിവാക്കണം

ട്രെയിനില്‍ ഭക്ഷണ വിതരണം നടത്തുന്ന അനധികൃത വെബ്സൈറ്റുകളുടെ പട്ടിക ഐ.ആര്‍.സി.ടി.സി പുറത്തുവിട്ടു. ഇത് പ്രകാരം റെയില്‍റെസ്‌ട്രോ, റെയില്‍മിത്ര, ട്രാവല്‍ഖാന, റെയില്‍മീല്‍, ഡിബ്‌റെയില്‍, ഖാനാഓണ്‍ലൈന്‍, ട്രെയിന്‍സ് കഫേ, ട്രെയിന്‍ മെന്യു, ഫൂഡ് ഓണ്‍ ട്രാക്ക്, ഇകാറ്ററിംഗ് ആപ്പ് എന്നീ ഭക്ഷണ വിതരണ വെബ്സൈറ്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് ഐ.ആര്‍.സി.ടി.സിയുടെ നിര്‍ദേശം.

ഭക്ഷണം വാങ്ങാം റെയിവേ കാറ്ററിംഗില്‍ നിന്ന്

ഭക്ഷണം വാങ്ങാന്‍ അനധികൃത കച്ചവടക്കാരെ ഒഴിവാക്കികൊണ്ട് റെയിവേ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗം ഐ.ആര്‍.സി.ടി.സിയുടെ ഇ-കാറ്ററിംഗ് സംവിധാനമാണ്. ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. ഇതിനായി റെയില്‍വേയുടെ ഇ-കാറ്ററിംഗിന്റെ ഔദ്യോഗിക പോര്‍ട്ടലിലായ www.ecatering.irctc.co.in അല്ലെങ്കില്‍ ഫുഡ് ഓണ്‍ ട്രാക്ക് (ഐ.ആര്‍.സി.ടി.സിയ്ക്ക് കീഴിലുള്ളത്) ആപ്പില്‍ മാത്രം ഓര്‍ഡര്‍ ചെയ്യണമെന്ന് ഐ.ആര്‍.സി.ടി.സി യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കൂടാതെ യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി +91-8750001323 എന്ന നമ്പറില്‍ വാട്‌സാപ്പും ചെയ്യുകയോ അല്ലെങ്കില്‍ 1323 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം.

സീറ്റില്‍ എത്തും ഭക്ഷണം, ഓര്‍ഡര്‍ ചെയ്യാം ഇങ്ങനെ

ട്രെയിന്‍ യാത്രയില്‍ ഭക്ഷണം വാങ്ങുന്നതിനായി ഐ.ആര്‍.സി.ടി.സിയുടെ ഇ-കാറ്ററിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.ecatering.irctc.co.in സന്ദര്‍ശിക്കുക. ഇനി ട്രെയിനിന്റെയോ സ്റ്റേഷന്റയോ പേരും പി.എന്‍.ആര്‍ (Passenger Name Record) നമ്പറും നല്‍കുക. ഇനി ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാനാകും. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന സമയത്തോ പണമടയ്ക്കാം. ഈ സേവനത്തില്‍ ഭക്ഷണം യാത്രക്കാരുടെ സീറ്റില്‍ എത്തിക്കും. രാജ്യത്തുടനീളമുള്ള 300ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ ഐ.ആര്‍.സി.ടി.സി ഇ-കാറ്ററിംഗ് സേവനം ലഭ്യമാണ്.

Related Articles
Next Story
Videos
Share it