ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക! യു.ടി.എസ് ആപ്പ് നിര്‍ത്തലാക്കുന്നു; ഇനി എല്ലാം 'റെയില്‍ വണ്‍' ആപ്പില്‍, ആര്‍-വാലറ്റിലെ പണം എന്ത് ചെയ്യണം?

യു.ടി.എസ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അതേ മൊബൈല്‍ നമ്പറും വിവരങ്ങളും ഉപയോഗിച്ച് റെയില്‍ വണ്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാനാകും
Indian Railway train running on track
Representational Image Canva
Published on

ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ചിരുന്ന യു.ടി.എസ് (UTS) മൊബൈല്‍ ആപ്പ് സേവനം 2026 മാര്‍ച്ച് 1 മുതല്‍ നിര്‍ത്തലാക്കുന്നു. പകരം ഐ.ആര്‍.സി.ടി.സി (IRCTC) അംഗീകരിച്ച പുതിയ ഏകീകൃത പ്ലാറ്റ്ഫോമായ 'റെയില്‍ വണ്‍' (RailOne) ആപ്പിലേക്ക് ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂര്‍ണമായും മാറുകയാണെന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) അറിയിച്ചു.

യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ എളുപ്പമാക്കുന്നതിനും എല്ലാ റെയില്‍വേ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ കൊണ്ടുവരുന്നതിനുമാണ് ഈ മാറ്റം.

റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഐ.ആര്‍.സി.ടി.സി (IRCTC) വഴി തന്നെ തുടര്‍ന്നും ലഭ്യമാകും. ഐ.ആര്‍.സി.ടി.സിയുടെ മറ്റ് പങ്കാളിത്ത ആപ്പുകളെപ്പോലെ തന്നെ റെയില്‍ വണ്‍ ആപ്പിനും ഔദ്യോഗിക അംഗീകാരമുണ്ട്.

ആര്‍-വാലറ്റിലെ പണം എന്ത് ചെയ്യണം?

യു.ടി.എസ് ആപ്പ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് അവരുടെ ആര്‍-വാലറ്റില്‍ (R-Wallet) ബാക്കിയുള്ള തുകയെക്കുറിച്ചാണ്. റെയില്‍വേ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം യു.ടി.എസ് വാലറ്റിലുള്ള തുക ഉപയോക്താക്കളുടെ പുതിയ റെയില്‍ വണ്‍ അക്കൗണ്ടിലേക്ക് സ്വയം മാറ്റപ്പെടും. യു.ടി.എസ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അതേ മൊബൈല്‍ നമ്പറും വിവരങ്ങളും ഉപയോഗിച്ച് റെയില്‍ വണ്‍ ആപ്പില്‍ ലോഗിന്‍ ചെയ്താല്‍ തുക ലഭ്യമാകും.

തുക പുതിയ ആപ്പിലേക്ക് മാറ്റാന്‍ താല്പര്യമില്ലാത്തവര്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ റീഫണ്ടിനായി അപേക്ഷിക്കാനും സൗകര്യമുണ്ടാകും.

ഫെബ്രുവരി അവസാന വാരത്തോടെ യു.ടി.എസ് ആപ്പിലെ റീചാര്‍ജ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാലറ്റില്‍ വലിയ തുക സൂക്ഷിക്കുന്നവര്‍ മാര്‍ച്ച് ഒന്നിന് മുന്‍പ് പുതിയ ആപ്പിലേക്ക് മാറാന്‍ തയ്യാറെടുക്കുക.

എന്താണ് റെയില്‍ വണ്‍?

കേന്ദ്ര റെയില്‍വേ മന്ത്രിഅശ്വിനി വൈഷ്ണവ് 2025 ജൂലൈ 1-ന് പുറത്തിറക്കിയതാണ് 'റെയില്‍ വണ്‍' (RailOne). സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന്റെ (CRIS) 40-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു ഈ ലോഞ്ച്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ഐ.ഒ.എസ് (iOS) ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

റെയില്‍വേയും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനാണ് റെയില്‍ വണ്‍ ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ജനറല്‍ ടിക്കറ്റുകള്‍ക്ക് പുറമെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റുകള്‍ (Pass) എന്നിവ ബുക്ക് ചെയ്യാനും ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയാനും ഈ ആപ്പ് വഴി സാധിക്കും. ഇ-കാറ്ററിംഗ്, പോര്‍ട്ടര്‍ ബുക്കിംഗ് (കൂലി), ലാസ്റ്റ് മൈല്‍ ടാക്‌സി സൗകര്യം എന്നിവയും ഇതിലുണ്ട്.

ആധുനികമായ സെക്യൂരിറ്റി ഫീച്ചറുകളും ലളിതമായ യൂസര്‍ ഇന്റര്‍ഫേസുമാണ് ഇതിന്റെ പ്രത്യേകത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com