വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത പണി, വിദ്യാര്‍ത്ഥി കുടിയേറ്റം കുറയ്ക്കാനൊരുങ്ങി ഈ രാജ്യം

തീരുമാനം മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ മോഹത്തെ ബാധിക്കാന്‍ ഇടയുണ്ടെന്ന് വിലയിരുത്തല്‍
indian students in australia
image credit : canva
Published on

രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്‌ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് കാലത്ത് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കു നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുന്നതിന്റെയും കുടിയേറ്റ നിയന്ത്രണങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍ നിയന്ത്രണം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നും കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് പഠിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലയര്‍ പറഞ്ഞു.

പണിയാകുമെന്ന് വിദഗ്ധര്‍

അതേസമയം, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 24.7 ബില്യന്‍ ഡോളറാണ് (ഏകദേശം 2ലക്ഷം കോടി രൂപ) വിദേശ വിദ്യാര്‍ത്ഥികളിലൂടെ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചതെന്നാണ് കണക്ക്. കൂടാതെ വിദേശ വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ ഫീസിന് പുറമെ വീട്ടുവാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയവയ്ക്ക് വേണ്ടി വലിയ തുക ചെലവഴിക്കുന്നുണ്ട്. ഇതില്‍ ഒരു ഭാഗമെങ്കിലും നഷ്ടമാകുന്നത് ആയിരങ്ങളുടെ തൊഴില്‍ ഇല്ലാതെയാക്കുകയും സാമ്പത്തികരംഗത്തെ ബാധിക്കുകയും ചെയ്യും.

വോട്ടര്‍മാരെ പിണക്കാന്‍ വയ്യ

എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ മൂലമാണ് രാജ്യത്തെ വീട്ടുവാടക അടക്കമുള്ള കാര്യങ്ങളില്‍ വര്‍ധനയുണ്ടായതെന്ന് ഓസ്‌ട്രേലിയയിലെ വലിയൊരു ഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. വിദേശികള്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ അവസരങ്ങള്‍ കുറയ്ക്കുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്ന് ഓസ്‌ട്രേലിയയിലെ 42 ശതമാനം പേരുടെയും അഭിപ്രായം. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ പിണക്കാന്‍ സര്‍ക്കാരിനും താത്പര്യമില്ലെന്നാണ് കടുത്ത തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

കോവിഡിന് ശേഷം കുതിപ്പ്

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കോവിഡ് മഹാമാരിക്ക് ശേഷം വലിയ കുതിപ്പാണ് ഓസ്‌ട്രേലിയ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6 ലക്ഷം സ്റ്റുഡന്റ്‌സ് വിസകള്‍ വരെ അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ക്ക് 1,45,000 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാന്‍ കഴിയൂ. വൈദഗ്ധ്യ തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 95,000 വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്താം. ഇക്കാര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കും

കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ മോഹത്തെ ബാധിക്കാന്‍ ഇടയുണ്ട്. കാനഡ, യു.കെ. നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത്തരം തീരുമാനം യൂണിവേഴ്സിറ്റികളിലെ സീറ്റുകള്‍ കുറയ്ക്കുകയും വലിയ മത്സരത്തിന് കാരണമാവുകയും ചെയ്യും. സ്വാഭാവികമായും ഇത് ട്യൂഷന്‍ ഫീസ് അടക്കമുള്ള ചെലവുകള്‍ വര്‍ധിപ്പിക്കുകയും വിദേശ പഠനത്തിനൊരുങ്ങുന്നവരുടെ ബജറ്റ് കൂട്ടുകയും ചെയ്യും. കുടിയേറ്റ സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ മാറാനുള്ള സാധ്യതയുണ്ടെന്നും ചിലര്‍ പറയുന്നു. എന്നാല്‍ തീരുമാനത്തോടെ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളില്‍ മികച്ച ഗുണമേന്മയിലുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കൂടിയാണ് തെളിയുന്നതെന്നും ചിലര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com