കേരളത്തില്‍ ട്രെയിന്‍ വേഗത കൂട്ടാന്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം വരുന്നു, കരാര്‍ കെ റെയിലിന്

നിര്‍മാണ കരാറിനായി 7.82 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി കെട്ടിവയ്ക്കാന്‍ കെ റെയിലിന് ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്
Indian Railway
Representative image (Dhanam file)
Published on

സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത കൂട്ടാനും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും സാധിക്കുന്ന തരത്തില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം വരുന്നു. എറണാകുളത്തിനും വള്ളത്തോള്‍ നഗറിനും ഇടയ്ക്കായി വരുന്ന പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് കെ റെയില്‍ ആണ്.

പദ്ധതിക്കായി ആകെ ചെലവു വരുന്നത് 156.47 കോടി രൂപയാണ്. 750 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 102 കിലോമീറ്ററാണ് ഈ റൂട്ടിലെ ദൂരം. ഓട്ടോമാറ്റിക് സിഗ്നലിംഗ് വരുന്നതോടെ കൂടുതല്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കും. ഇതുവഴിയുള്ള ട്രെയിനുകളുടെ എണ്ണം കൂട്ടാനും പുതിയ പരിഷ്‌കാരം വഴിയൊരുക്കും.

യാത്രദുരിതം കുറയ്ക്കാം

നിലവില്‍ പിന്തുടരുന്ന സിഗ്നലിംഗ് സംവിധാനം അനുസരിച്ച് ഒരു ട്രെയിന്‍ കടന്നുപോയി അടുത്ത സ്‌റ്റേഷന്‍ പിന്നിട്ട ശേഷമേ മറ്റൊരു ട്രെയിന്‍ അതേ ദിശയില്‍ കടത്തിവിടൂ. എന്നാല്‍ ഓട്ടോമാറ്റിക് സംവിധാനത്തില്‍ 2 സ്‌റ്റേഷനുകള്‍ക്കിടയില്‍ 3 ട്രെയിനുകള്‍ മുന്നിലും പിന്നിലുമായി ഓടിക്കാന്‍ സാധിക്കും.

ട്രെയിന്‍ വൈകിയോടുന്നതു മൂലം യാത്രക്കാര്‍ക്കു ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാമെന്ന് മാത്രമല്ല കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിര്‍മാണം ആരംഭിച്ചിരുന്നു. നിര്‍മാണ കരാറിനായി 7.82 കോടി രൂപ ബാങ്ക് ഗ്യാരന്റിയായി കെട്ടിവയ്ക്കാന്‍ കെ റെയിലിനോട് ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com