കേരളം എയര്‍ ടാക്സിക്ക് അനുയോജ്യം; സാധ്യതകള്‍ വിലയിരുത്തി വ്യോമയാന ഉച്ചകോടി

എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നതില്‍ സിയാലിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഏവിയേഷന്‍ വിദഗ്ധര്‍

കൊച്ചിയില്‍ നടന്ന വ്യോമയാന ഉച്ചകോടിയില്‍ ഫ്യുച്ചര്‍ ഓഫ് ഷോര്‍ട്ട് ഹൗള്‍ ഏവിയേഷന്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച
കൊച്ചിയില്‍ നടന്ന വ്യോമയാന ഉച്ചകോടിയില്‍ ഫ്യുച്ചര്‍ ഓഫ് ഷോര്‍ട്ട് ഹൗള്‍ ഏവിയേഷന്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച
Published on

സീപ്ലെയിന്‍, ഹെലികോപ്റ്റര്‍, ഈവിറ്റോള്‍ എന്നിവ സമന്വയിപ്പിച്ച് കേരളത്തില്‍ എയര്‍ ടാക്സി സേവനത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് കൊച്ചിയില്‍ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇത് സഹായിക്കുമെന്ന് ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നതില്‍ സിയാലിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സിയാലില്‍ ഓപ്പറേഷണല്‍ ഹബ്

അര്‍ബന്‍ മൊബിലിറ്റിക്ക് ഹെലികോപ്പ്റ്റര്‍, സീപ്ലെയിന്‍, ഈവിറ്റോള്‍ എന്നിവയുടെ സാധ്യതകള്‍ തേടി നടന്ന പാനല്‍ ചര്‍ച്ചയില്‍ തുമ്പി ഏവിയേഷന്‍ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റന്‍ ഡോ. കെ എന്‍ ജി നായര്‍ മോഡറേറ്ററായിരുന്നു. ഇമൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയര്‍ ടാക്സികളാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ള ഏവിയേഷന്‍ വൈസ് പ്രസിഡന്റ് പായല്‍ സതീഷ് പറഞ്ഞു. കേരളത്തില്‍ എയര്‍ ടാക്സിക്ക് വലിയ സാധ്യതയുണ്ട്. സിയാലില്‍ ഓപ്പറേഷണല്‍ ഹബ് തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. തീര്‍ഥാടന, വിനോദ സഞ്ചാര കണക്റ്റിവിറ്റിക്ക് ഹൈബ്രിഡ് എയര്‍ ടാക്സി മികച്ചതാണ്. മൂന്നാര്‍, തേക്കടി, ആലപ്പുഴ, ശബരിമല എന്നിവിടങ്ങളിലേക്ക് എയര്‍ ടാക്‌സി സാധ്യമാണെന് പായല്‍ സതീഷ് പറഞ്ഞു.

സീ പ്ലെയ്ന്‍ ഓപ്പറേഷന്‍ നടത്തുന്നതിനായി കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാന്‍ഡ് എയര്‍ക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആര്‍ എസ് ഒ പ്രതിനിധി സയ്ദ് കമ്രാന്‍ ഹുസൈന്‍ പറഞ്ഞു. റോഡുകള്‍ക്കായി അടിസ്ഥാന സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സീ പ്ലെയ്ന്‍ അനുയോജ്യമാണെന്ന് ചിപ്സണ്‍ സിഎംഡി സുനില്‍ നാരായണ്‍ അഭിപ്രായപ്പെട്ടു.

റൂഫ് ടോപ് റണ്‍വേ വേണം

സീപ്ലെയ്‌നുകള്‍ക്ക് ടൂറിസം മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. ജലസ്രോതസുകളും ഡാമുകളും ഉള്ളതിനാല്‍ കേരളത്തിന് ഇത് ഏറ്റവും അനുയോജ്യമാണ്. ഹെലികോപ്റ്റര്‍ ഓപ്പറേഷന് കൂടുതല്‍ ഹെലിപാഡുകള്‍ ആവശ്യമാണ്. ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്ററുകള്‍ക്ക് റൂഫ് ടോപ്പുകളില്‍ നിന്ന് പറന്നുയരാനുള്ള അനുമതി നല്‍കണമെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ സീ പോര്‍ട്ടുകള്‍ കേരളത്തിന് ആവശ്യമാണ്. ഇവിറ്റോളുകള്‍ക്ക് പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ചെറിയ റണ്‍വേ മതിയെന്നതിനാല്‍ കേരളത്തില്‍ ഏറെ സാധ്യതയുണ്ട്. കേരളത്തിലെ റോഡുകള്‍ക്ക് ഇരുവശവും സ്ഥലങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ചെറിയ ഹെലിക്കോപ്ടറുകള്‍ ഉണ്ടാക്കിയാല്‍ ഗതാഗതം സുഗമമാകുമെന്നും പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com