70 കഴിഞ്ഞവര്‍ക്ക് ആയുര്‍വേദ, ഹോമിയോ ചികിത്സയും സൗജന്യം; കൂടുതല്‍ രോഗങ്ങള്‍ക്കും കവറേജ്, പുതിയ മാറ്റം ഇങ്ങനെ

പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്
health insurance for above 70 year old
image credit : canva
Published on

70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ)യില്‍ കൂടുതല്‍ മാറ്റങ്ങള്‍. അലോപ്പതിക്ക് പുറമെ ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ, യോഗ തുടങ്ങിയ ആയുഷ് ചികിത്സാരീതികളും ഉള്‍പ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതിന് ശേഷമാകും ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ജലദോഷം മുതല്‍ അര്‍ബുദ ചികിത്സ വരെ

ആദ്യഘട്ടത്തില്‍ 170 ചികിത്സാ പാക്കേജുകളാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. ജലദോഷം, നടുവേദന, പ്രമേഹം, രക്തസമ്മര്‍ദ്ദം, അര്‍ബുദം തുടങ്ങിയ ചികിത്സയ്ക്കുള്ള പാക്കേജുകള്‍ക്ക് , പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ, ദേശീയ ആരോഗ്യ അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയ്ക്കുള്ള ചികിത്സാ ചെലവുകളും ആരോഗ്യ അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി അല്‍ഷൈമേഴ്‌സ്, ഡിമെന്‍ഷ്യ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തും. നിലവില്‍ പ്രായമായവര്‍ക്കുള്ള 25 പാക്കേജുകളാണ് പദ്ധതിയിലുള്ളത്. ആരോഗ്യ പരിരക്ഷ ലഭിക്കേണ്ട പ്രായമായവരുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ പാക്കേജുകള്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി പേര്‍ക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ കാരുണ്യ പദ്ധതിയുമായി

ആയുഷ്മാന്‍ ഭാരതിനെ കേരളത്തിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ലയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി ലഭ്യമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് മുടക്കുന്നത്. കഴിഞ്ഞ മാസം 23 മുതല്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com