
ആയുഷ്മാൻ വയോ വന്ദന കാർഡ് ഇപ്പോൾ ആയുഷ്മാൻ ആപ്പ് വഴിയും നൽകാന്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തില്‍ പക്ഷെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആയുഷ്മാൻ ഭാരതിനെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (KASP, കാസ്പ്) ലയിപ്പിച്ചാണു കേരളത്തിൽ നടപ്പാക്കുന്നത്.
പര്യാപ്തമായ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തതാണ് പദ്ധതി നടപ്പാക്കുന്നതിനുളള പ്രതിസന്ധിക്കുളള പ്രധാന കാരണങ്ങളിലൊന്ന്. അതിനാല്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ സൗജന്യ വൈദ്യചികിത്സ ലഭിക്കുന്ന പദ്ധതി കേരളത്തില്‍ നിലവില്‍ ലഭ്യമല്ല. നിശ്ചിത സാമ്പത്തിക പരിധിക്ക് മുകളിലുളള ആളുകള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും നിലവില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഉളളത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആയുഷ്മാൻ വയോ വന്ദന കാർഡ് ലഭിക്കുന്നതിനായി നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളിലും എംപാനല്‍ ചെയ്ത ആശുപത്രികളിലും എത്തുന്നത്.
നിലവില്‍ സംസ്ഥാനത്ത് ഏകദേശം 43 ലക്ഷം കുടുംബങ്ങളെ പി.എം.ജെ.വൈ-കാസ്പ് പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുളള 90 ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. 10 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. സാമ്പത്തിക പരിധിയില്ലാതെ ആളുകളെ പദ്ധതിയില്‍ ചേര്‍ത്താല്‍ വീണ്ടും ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ സംസ്ഥാനത്തിന് അത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. ആകെ പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്ര വിഹിതമായി ലഭിക്കണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിക്കുന്നത്. പക്ഷെ കേന്ദ്രത്തില്‍ നിന്ന് ഇതുസംബന്ധിച്ച് വലിയ പ്രതികരണം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് 70 വയസിനു മുകളിലുള്ള വ്യക്തികൾക്ക് സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന പദ്ധതി സംസ്ഥാനത്ത് അനിശ്ചിതത്വത്തിലാകുന്നത്. ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സെക്കൻഡറി, ടെർഷ്യറി മേഖലകളിലെ പൊതു, എംപാനൽഡ് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ പദ്ധതി വാഗ്ദാനം ചെയ്യുന്നു. www.beneficiary.nha.gov.in എന്ന വെബ്സൈറ്റ് വഴിയും ആയുഷ്മാൻ ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് ആപ്പ് ലഭ്യമാണ്) വഴിയും ഓൺലൈനായി അപേക്ഷിക്കാം. ആധാർ അധിഷ്ഠിത ഇ-കെവൈസി ഉപയോഗിച്ചാണ് പദ്ധതിയില്‍ ചേരുന്നത്.
ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ആയുഷ്മാൻ വയോ വന്ദന കാർഡ് ലഭ്യമാണെങ്കിലും സംസ്ഥാനത്ത് എംപാനല്‍ ചെയ്ത ആശുപത്രികളില്‍ പോയി പദ്ധതിയില്‍ ചേരുന്നതാണ് അഭികാമ്യം. 70 വയസ് കഴിഞ്ഞ സാമ്പത്തിക പരിധി ബാധകമല്ലാത്ത സ്കീമിലേക്ക് എന്റോള്‍ ചെയ്യപ്പെടാന്‍ സാധ്യതയുളളതിനാലാണ് ആപ്പ് വഴി സംസ്ഥാനത്ത് വയോ വന്ദന കാര്‍ഡ് എടുക്കുന്നത് അഭികാമ്യമല്ല എന്ന നിര്‍ദേശത്തിന് കാരണം.
Ayushman Bharat card now downloadable via app, but Kerala restricts access to economically weaker sections.
Read DhanamOnline in English
Subscribe to Dhanam Magazine