Image: Canva
Image: Canva

ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 26 ലക്ഷം പേര്‍ക്ക് പരിരക്ഷ; നേട്ടം 20 ലക്ഷം കുടുംബങ്ങള്‍ക്ക്

1,050 രൂപയാണ് വാര്‍ഷിക പ്രീമീയമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. ഇത് 4,000 രൂപയായി ഉയര്‍ത്തണമെന്നാണ് കേരളം അടക്കം ആവശ്യപ്പെടുന്നത്‌
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 26 ലക്ഷം പേര്‍ക്ക് പരിരക്ഷ ലഭിക്കും. 20 ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ളവരാണിത്. പദ്ധതിയില്‍ 60 ശതമാനം ചെലവ് കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളുടേതുമാണ്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരെയായിരുന്നു കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അങ്ങനെ നിയന്ത്രണങ്ങളൊന്നുമില്ല. 70 വയസ് കഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാം.

കാസ്പില്‍ 9 ലക്ഷം പേര്‍

ഒന്‍പത് ലക്ഷം പേര്‍ നിലവില്‍ കാസ്പ് പദ്ധതിയില്‍ അംഗങ്ങളാണ്. ഇവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നിലവില്‍ അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സൗജന്യം ഉണ്ട്. കുടുംബങ്ങള്‍ക്കുള്ള ഈ സൗജന്യം തുടരുന്നതിനൊപ്പം 70 കഴിഞ്ഞവര്‍ക്ക് പുതിയ പദ്ധതിയില്‍ അംഗങ്ങളാകാന്‍ സാധിക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കേണ്ട രീതിയെക്കുറിച്ച് കേന്ദ്രം ഇതുവരെ സംസ്ഥാനത്തോട് വിശദീകരിച്ചിട്ടില്ല.

അതേസമയം, പദ്ധതിയിലെ വാര്‍ഷിക പ്രീമിയം ഉയര്‍ത്തണമെന്ന് കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1,050 രൂപയാണ് വാര്‍ഷിക പ്രീമീയമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. ഇത് 4,000 രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. കേന്ദ്രം ഈ നിര്‍ദ്ദേശത്തോട് പ്രതികരിച്ചിട്ടില്ല.

ദേശീയ ആരോഗ്യ അതോറിറ്റിയുടെ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റിലോ ആയുഷ്മാന്‍ ഭാരത് മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ മാത്രം മതിയാകും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com