രണ്ട് മാസത്തിനിടെ 22,000 പേര്‍ക്ക് 40 കോടി രൂപയുടെ ചികിത്സ, എന്റോള്‍ ചെയ്തത് 25 ലക്ഷം പേര്‍; ഹിറ്റായി ആയുഷ്മാന്‍ ഭാരത്

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതാണ് പദ്ധതി. ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ രാജ്യമാകമാനം 25 ലക്ഷം പേര്‍ പദ്ധതിയുടെ ഭാഗമായെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്നവര്‍ക്ക് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചികിത്സയ്ക്കായി ഈ കാര്‍ഡുകളുമായാണ് ആശുപത്രികളിലെത്തേണ്ടത്. രണ്ടുമാസത്തിനിടെ 22,000 പേര്‍ക്ക് ചികിത്സയ്ക്കായി 40 കോടി രൂപയിലധികം സര്‍ക്കാര്‍ ചെലവഴിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതീക്ഷ 4.5 കോടി രജിസ്‌ട്രേഷന്‍

3,437 കോടി രൂപയാണ് കേന്ദ്രം പ്രാഥമികമായി പദ്ധതിക്ക് അനുവദിച്ചിട്ടുളളത്. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആശ സ്റ്റാഫ് പോലുള്ള ചില പ്രത്യേക വിഭാഗങ്ങള്‍ക്കും മാത്രമാണ് നേരത്തെ പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നത്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

4.5 കോടി കുടുംബങ്ങളില്‍ നിന്നുള്ള ഏകദേശം 6 കോടി വ്യക്തികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പദ്ധതിക്ക് കീഴില്‍ വരുന്ന എല്ലാ ചികിത്സകള്‍ക്കും 2 ലക്ഷം രൂപയില്‍ താഴെയാണ് ചെലവ് വരുന്നത്. കൂടാതെ, യോഗ്യരായ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികള്‍ക്ക് രാഷ്ട്രീയ ആരോഗ്യ നിധിയുടെ (ആര്‍.എ.എന്‍) കീഴില്‍ ജന്‍ ആരോഗ്യ യോജന പദ്ധതിയില്‍ പരിരക്ഷിക്കപ്പെടാത്ത ചികിത്സകള്‍ക്കായി 15 ലക്ഷം രൂപ വരെ ധനസഹായവും നല്‍കുന്നു.
Related Articles
Next Story
Videos
Share it