പ്രതിദിനം 22 കോടി രൂപ! ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അസിം പ്രേംജി മുന്നില്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംരംഭകരില്‍ മുന്നില്‍ വിപ്രോയുടെ സ്ഥാപക ചെയര്‍മാന്‍ അസിം പ്രേംജി. എയ്ദല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2020 പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം അസിംപ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത് 7904 കോടി രൂപയാണ്. അതായത് പ്രതിദിനം 22 കോടി രൂപ.
രണ്ടാം സ്ഥാനത്ത് എച്ച് സി എല്‍ ടെക്‌നോളജീസ് സ്ഥാപക ചെയര്‍മാന്‍ ശിവ്‌നാടാരാണ്. 795 കോടി രൂപയാണ് അദ്ദേഹം ചെലവിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് (458 കോടി രൂപ) മൂന്നാം സ്ഥാനത്ത്. ആദിത്യബിര്‍ള ഗ്രൂപ്പിന്റെ കുമാര മംഗലം ബിര്‍ള (276 കോടി രൂപ), വേദാന്തയുടെ അനില്‍ അഗര്‍വാള്‍ (215 കോടി രൂപ) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാപനങ്ങളില്‍.
ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ബിസിനസുകാരുടെ പട്ടികയില്‍ 112 പേരാണ്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 100 പേരായിരുന്നു. മലയാളിയും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ് ഡി ഷിബുലാല്‍ അടക്കം 28 പേരാണ് പുതുതായി പട്ടികയിലിടം നേടിയത്. 32 കോടി രൂപയാണ് ഷിബുലാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. 5.3 കോടി രൂപ ജീവകാരുണ്യത്തിനായി നല്‍കിയ ഫ്‌ളിപ്പ് കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബല്‍സലാണ് പട്ടികയില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
വിദ്യാഭ്യാസം (9324 കോടി), ആരോഗ്യപരിപാലനം (667 കോടി), ദുരിതാശ്വാസം (359 കോടി), ഗ്രാമീണ വികസനം (274 കോടി), പരിസ്ഥിതി (181 കോടി) എന്നിങ്ങനെയാണ് വിവിധ മേഖലകള്‍ക്കായി ലഭിച്ച തുക.