സ്‌കൂള്‍ വിപണിയില്‍ ആദായ വില്പനയുടെ പൊടിപൂരം, മഴയില്‍ കത്തിക്കയറി കുട വിപണിയും; മാര്‍ക്കറ്റില്‍ താരം 100 രൂപ മഴക്കോട്ട്!

കേരളത്തില്‍ മണ്‍സൂണ്‍ മഴക്കോട്ടുകളുടെ ചാകരക്കാലമാണ്. മുമ്പ് ബ്രാന്‍ഡുകള്‍ക്ക് പുറകെ പോയിരുന്നതായിരുന്നു ട്രെന്റ്. എന്നാല്‍ ഇപ്പോള്‍ 100 രൂപയ്ക്ക് ലഭിക്കുന്ന മഴക്കോട്ടുകളിലാണ് ഏവരുടെയും കണ്ണ്
school market in kerala
Published on

കനത്ത മഴയിലും കിതയ്ക്കാതെ സംസ്ഥാനത്തെ സ്‌കൂള്‍ വിപണി. അധ്യയന വർഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വിപണിയില്‍ തിരക്കേറുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തെത്തുടര്‍ന്ന് ഇക്കുറി 20 മുതല്‍ 25 ശതമാനം വരെയാണ് സ്‌കൂള്‍ ഉപകരണങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുള്ളത്. എങ്കിലും കച്ചവടത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ഒട്ടുമിക്ക ജില്ലകളിലും പ്രധാന മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം പുരോഗമിക്കുന്നത്. സ്‌കൂള്‍ വിപണി ലക്ഷ്യമിട്ട് മിക്ക കച്ചവടക്കാരും മുന്‍കൂട്ടി സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ബാഗുകള്‍ക്ക് 25 ശതമാനം വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്.

ത്രീഡി ആനിമേഷന്‍ ബാഗുകളും

500 രൂപയില്‍ ആരംഭിക്കുന്ന ബാഗ് വില ബ്രാന്‍ഡഡ് ത്രീഡി ആനിമേഷന്‍ ബാഗുകളിലേക്ക് എത്തുമ്പോള്‍ 2,800 രൂപ വരെ ഉയരുന്നു. കൊച്ചു കുട്ടികള്‍ക്കായി സ്പൈഡര്‍മാന്‍, ഫ്രോസണ്‍, അവഞ്ചേഴ്സ്, ബാര്‍ബി തുടങ്ങിയ കഥാപാത്രങ്ങളടങ്ങിയ ഡിസൈനുകളോടു കൂടിയ ബാഗുകളും വില്‍പ്പനക്കെത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍, ക്ലബുകള്‍ എന്നിവ വഴിയുള്ള വില്പനയും പലയിടത്തും സജീവമാണ്.

കാലവര്‍ഷം മുന്നില്‍ കണ്ട് കുടകളും മഴ കോട്ടുകളും വിപണിയില്‍ സജീവമാണ്. ത്രീഫോള്‍ഡ് കുടകള്‍ 400-860 രൂപ വരെയാണ് വില. വിവിധ നിറങ്ങളോകുകൂടി കൊച്ചു കുട്ടികള്‍ക്കായി കുടകളും 150 മുതല്‍ 600 രൂപ വരെ വിലയില്‍ മഴ കോട്ടുകളുമുണ്ട്.

നോട്ട് ബുക്കുകള്‍ക്ക് ഇക്കുറി 10 ശതമാനം വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്. ഇതിനു പുറമേ ടിഫിന്‍ ബോക്സ്, വാട്ടര്‍ബോട്ടില്‍, ചെറുപ്പ് എന്നിവയുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ വരും ദിവസങ്ങളില്‍ വില്‍പ്പന നിലവിലുള്ളതിനേക്കാള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

മഴക്കോട്ട് വിപണിയും ഉഷാര്‍

കേരളത്തില്‍ മണ്‍സൂണ്‍ മഴക്കോട്ടുകളുടെ ചാകരക്കാലമാണ്. കോടികളുടേതാണ് കേരളത്തിലെ മഴക്കോട്ട് വിപണി. മുമ്പ് ബ്രാന്‍ഡുകള്‍ക്ക് പുറകെ പോയിരുന്നതായിരുന്നു ട്രെന്റ്. എന്നാല്‍ ഇപ്പോള്‍ 100 രൂപയ്ക്ക് ലഭിക്കുന്ന മഴക്കോട്ടുകളിലാണ് ഏവരുടെയും കണ്ണ്. 100 രൂപ മുതലാണ് ഇതിന്റെ വില. കട്ടി കൂടുന്നതിനനുസരിച്ച് വിലയും ഉയരും. വിലക്കുറവില്‍ ലഭിക്കുന്നതിനാലാണ് ഇത്തരം മഴക്കോട്ടിന് പ്രിയമേറിയത്.

സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 100 രൂപയുടെ കോട്ടുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് 50-60 രൂപയ്ക്കാണ് ലഭിക്കുന്നത്. കൂടുതല്‍ വില്പന ലഭിക്കുന്നതിനാല്‍ കച്ചവടക്കാരും ഇത്തരം കോട്ടുകള്‍ വില്ക്കാനാണ് താല്പര്യം കാണിക്കുന്നത്. 5,000 രൂപ വരെയുള്ള മഴക്കോട്ടുകള്‍ വില്പനയ്ക്കായി എത്തിയിട്ടുണ്ട്.

മഴയെത്തിയതോടെ ചെരുപ്പ് വിപണിയും ഉഷാറായിട്ടുണ്ട്. ഷൂസും ലെതര്‍ ചെരിപ്പുകളും ധരിച്ചിരുന്നവര്‍ മഴക്കാലമാകുന്നതോടെ സാന്‍ഡലിലേക്ക് മാറും. മഴക്കാലം മാത്രം ലക്ഷ്യമിട്ട് കമ്പനികള്‍ പ്രത്യേക മോഡലുകള്‍ പുറത്തിറക്കാറുണ്ട്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ചെരുപ്പുകളുടെ വില്പനയും ഉയര്‍ന്നിട്ടുണ്ട്.

Kerala school market and monsoon gear sales surge despite price hikes ahead of academic year

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com