
ടെക്കികള്‍ക്കും സംരംഭകര്‍ക്കുമായി പുതിയ രാജ്യം പണിയുന്നതിനായി സിംഗപ്പൂരിനടുത്ത് ദ്വീപ് സ്വന്തമാക്കി സംരംഭകന്‍. ഇന്ത്യന്‍ വംശജനായ ബാലാജി ശ്രീനിവാസനാണ് നെറ്റ്‌വര്‍ക്ക് സ്റ്റേറ്റ് എന്ന് പേരിട്ടിരിക്കുന്ന രാജ്യം സ്ഥാപിക്കാനൊരുങ്ങുന്നത്. വികേന്ദ്രീകൃതമായ (Decentralized) ഡിജിറ്റല്‍ ഫസ്റ്റ് രാജ്യം നിര്‍മിക്കുകയാണ് തന്റെ സ്വപ്‌നമെന്നാണ് ബാലാജി പറയുന്നത്.
അമേരിക്കന്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസിന്റെ മുന്‍ സി.ടി.ഒയും നിരവധി സംരംഭങ്ങളുടെ സഹസ്ഥാപകനുമാണ് ബാലാജി. തമിഴ്‌നാട്ടില്‍ വേരുകളുള്ള ബാലാജി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബിറ്റ്‌കോയിന്‍, എഥേറിയം, ഓപ്പണ്‍സീ, ആല്‍ക്കെമി തുടങ്ങിയവയില്‍ തുടക്കകാലത്ത് തന്നെ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ചതിന് 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിനെ നയിക്കാനും അദ്ദേഹത്തെ പരിഗണിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2022ലാണ് തന്റെ സ്വപ്‌ന പദ്ധതിയായ നെറ്റ്‌വര്‍ക്ക് സ്റ്റേറ്റിനെക്കുറിച്ച് ബാലാജി തുറന്നുപറയുന്നത്. 'ദി നെറ്റ്‌വര്‍ക്ക് സ്റ്റേറ്റ്: ഹൗ ടു സ്റ്റാര്‍ട്ട് എ ന്യൂ കണ്‍ട്രി' എന്ന തന്റെ പുസ്തകത്തിലൂടെയാണ് പരമ്പരാഗത രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായുള്ള ആശയം അദ്ദേഹം അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ വാക്കുകളില്‍ ഒതുങ്ങിയിരുന്ന ഈ ആശയത്തിന് പുതിയൊരു മാനം നല്‍കിയത് സിംഗപ്പൂരില്‍ ദ്വീപ് വാങ്ങിയെന്ന വാര്‍ത്തയാണ്. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള ഒരിടമെന്നാണ് ബാലാജി ഇതിനെ വിശേഷിപ്പിക്കുന്നത്. ആദ്യം ഓണ്‍ലൈന്‍ കമ്യൂണിറ്റിയായി തുടങ്ങി പതിയെ പറ്റിയ സ്ഥലം കണ്ടെത്തുകയും പിന്നീട് രാഷ്ട്രപദവി നേടുകയുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ആളുകളെ താമസിപ്പിച്ച് എ.ഐ, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലും സംരംഭകത്വം, വ്യക്തിവികാസം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കുന്ന മൂന്ന് മാസത്തെ പരിശീലന കോഴ്‌സും ബാലാജി വിഭാവനം ചെയ്യുന്നുണ്ട്. ഇതിനുള്ള ആദ്യ പടിയായാണ് സിംഗപ്പൂരിലെ ദ്വീപ് സ്വന്തമാക്കല്‍. പതിയെ പ്രമുഖ നഗരങ്ങളായ ദുബായ്, ടോക്കിയോ, മിയാമി എന്നിവിടങ്ങളിലും നെറ്റ്‌വര്‍ക്ക് സ്‌കൂളുകള്‍ സ്ഥാപിക്കാനും ബാലാജിക്ക് പദ്ധതിയുണ്ട്.
ദരിദ്ര സാഹചര്യത്തില്‍ വളര്‍ന്ന തന്റെ പിതാവിന്റെ അവസ്ഥ മറ്റുള്ളവര്‍ക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് ഇത്തരമൊരു പദ്ധതിക്ക് ഇറങ്ങിത്തിരിച്ചത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മാത്രമാണ് വലിയ അവസരങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ ഇതും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. നിലവിലെ രാഷ്ട്രങ്ങളെല്ലാം യുദ്ധത്തെക്കുറിച്ചും വ്യാപാര തര്‍ക്കങ്ങളെക്കുറിച്ചും ദേശീയതയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇന്റര്‍നെറ്റ് യുഗത്തില്‍ ജനാധിപത്യത്തെ പുതുജീവന്‍ കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Tech visionary Balaji Srinivasan buys island near Singapore using Bitcoin to launch Network State — a bold experiment blending blockchain, AI & community living.
Read DhanamOnline in English
Subscribe to Dhanam Magazine