ട്രംപിനെ പാക്കിസ്ഥാന്‍ പറഞ്ഞു പറ്റിച്ചു? മുന്നറിയിപ്പുമായി ബലൂചിസ്ഥാന്‍ വിമതര്‍; യു.എസിന്റെ എണ്ണ ഭീഷണി പാളിയേക്കും

ബലൂചിസ്ഥാന്‍ വില്പനയ്ക്ക് വച്ചിട്ടില്ലെന്നും പാക്കിസ്ഥാനോ ചൈനയോ മറ്റേതെങ്കിലും രാജ്യമോ ഈ പ്രദേശത്ത് അനധികൃത ഖനനത്തിന് തുനിഞ്ഞാല്‍ വെറുതെയിരിക്കില്ലെന്നും മിര്‍ ട്രംപിനായി പങ്കുവച്ച തുറന്ന കത്തില്‍ വ്യക്തമാക്കുന്നു
pak army
Published on

പാക്കിസ്ഥാന്റെ മണ്ണില്‍ വന്‍തോതില്‍ എണ്ണ സാന്നിധ്യമുണ്ടെന്നും ഭാവിയില്‍ ഇന്ത്യയിലേക്ക് ഇവ കയറ്റുമതി നടത്തുന്ന സ്ഥിതിവിശേഷം പോലുമുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ അവകാശവാദത്തെ പാക് ഭരണകൂടം വലിയതോതില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്രം പ്രഖ്യാപിച്ച ബലൂചിസ്ഥാന്‍ വിമതര്‍ മറ്റൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കാര്യമായ എണ്ണ, ധാതു ശേഖരം ഇല്ലെന്നും അതെല്ലാം തങ്ങളുടെ സ്വന്തമായ പ്രദേശത്താണെന്നും ബലൂചിസ്ഥാന്‍ വിമത നേതാവ് മിര്‍ യാര്‍ ബലൂചിന്റെ അവകാശവാദം. സൈനിക മേധാവിയായ അസീം മുനീര്‍ യു.എസ് പ്രസിഡന്റിനെ കബളിപ്പിക്കുകയായിരുന്നുവെന്നും മിര്‍ യാര്‍ ബലൂച് ആരോപിച്ചു.

പാക്കിസ്ഥാനിലെ എണ്ണ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് വലിയ കരാറില്‍ ഏര്‍പ്പെടുമെന്നും എണ്ണശേഖരം വികസിപ്പിക്കുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ട്രംപിന്റെ നീക്കമാണ് പാക് എണ്ണശേഖരമെന്ന വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ബലൂചിസ്ഥാന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍.

ഏറ്റുമുട്ടല്‍ ശക്തമാകുമോ?

പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്രം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി മുന്നോട്ടു പോകുന്നത്. ഇന്ത്യ-പാക് സംഘര്‍ഷ സമയത്ത് ഇവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ധാതുനിക്ഷേപത്തില്‍ ഏറെ സമ്പന്നമാണ് ബലൂചിസ്ഥാന്‍ മേഖല. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന ഭൂപ്രദേശം കൂടിയാണിത്.

ചൈന-പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ ബലൂചിസ്ഥാനില്‍ കൂടി കടന്നുപോകുന്നുണ്ട്. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് എന്‍ജിനിയര്‍മാര്‍ക്കു നേരെ വലിയ തോതില്‍ ആക്രമണങ്ങളും അടുത്തിടെ നടന്നിരുന്നു.

എണ്ണ പര്യവേഷണവുമായി ബന്ധപ്പെട്ട് യു.എസ് സാന്നിധ്യം വന്നാല്‍ ബലൂചിസ്ഥാന്‍ മേഖല വീണ്ടും സംഘര്‍ഷഭരിതമാകും. ബലൂചിസ്ഥാന്‍ വില്പനയ്ക്ക് വച്ചിട്ടില്ലെന്നും പാക്കിസ്ഥാനോ ചൈനയോ മറ്റേതെങ്കിലും രാജ്യമോ ഈ പ്രദേശത്ത് അനധികൃത ഖനനത്തിന് തുനിഞ്ഞാല്‍ വെറുതെയിരിക്കില്ലെന്നും മിര്‍ ട്രംപിനായി പങ്കുവച്ച തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.

Balochistan rebels challenge Trump's Pakistan oil claims, warn of conflict over US involvement

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com