
പഹഗല്‍ഗാം തീവ്രവാദിയാക്രമണത്തില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള പങ്ക് ബോധ്യപ്പെട്ടതോടെ ഇന്ത്യയുടെ തിരിച്ചടി ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന ഭയത്തിലാണ് പാക്കിസ്ഥാന്‍. ഇന്ത്യന്‍ മറുപടി ഉടനുണ്ടാകുമെന്ന ഭീതിയില്‍ കഴിയുന്ന പാക്കിസ്ഥാന്‍ ആക്രമണം തടയുന്നതിനായി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങളുടെ പ്രതിനിധികളുമായി മധ്യസ്ഥതയ്ക്കുള്ള സാധ്യത തേടിയിരുന്നു.
സിന്ധുനദീ ജലം തടഞ്ഞും പാക് ഇറക്കുമതി തടഞ്ഞും ഇന്ത്യ നടത്തിയ നീക്കങ്ങള്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. പാക് ജനതയ്ക്കിടയില്‍ ഇന്ത്യാവിരുദ്ധത ആളിക്കത്തിക്കാമെന്ന മോഹവും നദീജലം തടഞ്ഞതോടെ ഇല്ലാതായി. പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഭാവിയില്‍ വലിയ തലവേദനയായി മാറാന്‍ കര്‍ഷകരോഷം കാരണമായേക്കും.
പാക് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ത്യയില്‍ നിന്ന് മാത്രമല്ല. സ്വന്തം രാജ്യത്തിനകത്തു നിന്ന് കൂടിയാണ്. സ്വതന്ത്ര രാഷ്ട്രമാകാനുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. സ്വതന്ത്ര രാഷ്ട്രത്തിനായി ആയുധമെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (Baloch Liberation Army-BLA) കിട്ടിയ അവസരം പരമാവധി മുതലാക്കുകയാണ്.
ബലൂചിസ്ഥാനിലെ കലാത്ത് (kalat) ജില്ലയില്‍ ബി.എല്‍.എ പോരാളികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഹൈവേയുടെയും നിയന്ത്രണം ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ട്. ക്വറ്റ-കറാച്ചി (Quetta-Karachi) ദേശീയപാതയും സംഘം അടച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കെട്ടിടങ്ങള്‍ക്ക് ബി.എല്‍.എ സായുധസേന തീയിട്ടതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള അമൂല്യ ധാതുക്കളും മറ്റും പാക് സര്‍ക്കാര്‍ കടത്തുകയാണെന്നാണ് ബലൂചിസ്ഥാന്‍ ജനതയുടെ പ്രധാന ആരോപണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്ത് ഉണ്ടെങ്കിലും ബലൂചികളുടെ ജീവിതം ദാരിദ്രം നിറഞ്ഞതാണ്. ജനസംഖ്യാപരമായി പാക് ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഭൂമിശാസ്ത്രപരമായി ഏറെ വലുതാണ് ഈ പ്രവിശ്യ. മാത്രമല്ല പാക്കിസ്ഥാന്റെ സാമ്പത്തിക കുതിപ്പിന് വളമേകാന്‍ പാകത്തിനുള്ള നിക്ഷേപം ബലൂചിസ്ഥാന്‍ മണ്ണില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
അസ്ഥിരമായ പാക് മണ്ണില്‍ നിക്ഷേപം നടത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നതും ബലൂചിസ്ഥാനിലെ നിധിയാണ്. എന്നാല്‍ തങ്ങളുടെ മണ്ണിലേക്ക് കടന്നുകയറാന്‍ ചൈനക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന തിരിച്ചറിവ് ബലൂചിസ്ഥാനികള്‍ക്കുണ്ട്. അടുത്ത കാലത്തായി ചൈനീസ് എന്‍ജിനിയര്‍മാര്‍ക്കും അവരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലും വലിയ ആക്രമണങ്ങള്‍ ബി.എല്‍.എ നടത്തിയിട്ടുണ്ട്.
ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യ ബലൂചിസ്ഥാന്‍ പോരാളികളെ സഹായിക്കുന്നുവെന്ന ആരോപണം പാക്കിസ്ഥാന്‍ പലകുറി ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ തെളിവ് നല്കാന്‍ പാക് സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെ കാര്യമായെടുത്തിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യത്തിന്റെ ശ്രദ്ധ നീങ്ങിയാല്‍ ബലൂചിസ്ഥാന്‍ പോരാളികള്‍ നിയന്ത്രണം ഏറ്റെടുക്കുമോയെന്ന ഭയം സര്‍ക്കാരിനുണ്ട്.
സാമ്പത്തികമായി ദുര്‍ബലമായ അവസ്ഥയിലുള്ള പാക്കിസ്ഥാന് ഇനിയൊരു യുദ്ധം കൂടി താങ്ങാനാകില്ല. പണപ്പെരുപ്പവും ദാരിദ്രവും പരിധിവിട്ട രാജ്യത്ത് ആഭ്യന്തര യുദ്ധം കൂടി സംഭവിക്കാനുള്ള സാധ്യതയും സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. ഇത്തരമൊരു അവസ്ഥയിലാണ് യുദ്ധസാധ്യത ഇല്ലാതാക്കാന്‍ പാക് പ്രധാനമന്ത്രി ശ്രമിക്കുന്നതും.
Read DhanamOnline in English
Subscribe to Dhanam Magazine