ഓണക്കാലത്ത് വിറ്റഴിഞ്ഞത് കോടികളുടെ വാഴയില; തമിഴ്‌നാട് കര്‍ഷകര്‍ക്ക് വാഴയില്‍ ലോട്ടറി!

കേരളത്തിലേക്ക് വാഴയിലയെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഓണം ലക്ഷ്യമിട്ട് മാത്രം വാഴക്കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ തമിഴ്‌നാട്ടിലുണ്ട്
banana leaf
Published on

മലയാളിക്ക് ഓണമുണ്ണാന്‍ വാഴയില നിര്‍ബന്ധമാണ്. അതിലൊരു വിട്ടുവീഴ്ച്ചയുമില്ല. വാഴയിലയ്ക്ക് പൊന്നുംവില കൊടുക്കേണ്ടി വന്നാലും ഓണക്കാലത്ത് വിറ്റുപോകും. ഈ ഓണത്തിന് കാലാവസ്ഥയും കാര്യങ്ങളുമെല്ലാം അനുകൂലമായതോടെ കോടികളുടെ വാഴയില വില്പനയാണ് സംസ്ഥാനത്ത് നടന്നത്. കേരളത്തില്‍ വിറ്റഴിക്കപ്പെട്ട വാഴയിലയുടെ സിംഹഭാഗവും വന്നത് അതിര്‍ത്തിക്കപ്പുറത്തു നിന്നാണ്.

കഴിഞ്ഞ വര്‍ഷം ഒരു ഇലയ്ക്ക് 6-7 രൂപ വരെയായിരുന്നു ഓണക്കാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് 9-12 രൂപയിലേക്ക് ഉയര്‍ന്നു. വാഴയിലയിലെ ഓണസദ്യ വ്യാപകമായതോടെ പേപ്പര്‍ വാഴയിലയില്‍ സദ്യ കഴിച്ചിരുന്നവര്‍ പോലും വാഴയിലയിലേക്ക് മാറി. ഓണസദ്യയ്‌ക്കൊപ്പം വാഴയില കൂടി നല്കിയില്ലെങ്കില്‍ വില്പന നടക്കാത്ത അവസ്ഥയുണ്ടെന്ന് കാറ്ററിംഗ് ഹോട്ടലുകാരും പറയുന്നു. അത്രത്തോളം വൈകാരിക അടുപ്പം മലയാളിക്ക് വാഴയിലയോട് ഉണ്ട്.

100 ഇലകളുടെ ഒരു കെട്ടിന് 1,000 രൂപയ്ക്ക് മുകളിലായിരുന്നു ഇത്തവണത്തെ നിരക്ക്. ഓരോ പ്രദേശം അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. തമിഴ്‌നാടുമായി അടുത്തു കിടക്കുന്ന പ്രദേശങ്ങളില്‍ വില താരതമ്യേന കുറവാണ്.

വരുമാനം മുഴുവന്‍ തമിഴ്‌നാടിന്

കേരളത്തിലേക്ക് വാഴയിലയെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഓണം ലക്ഷ്യമിട്ട് മാത്രം വാഴക്കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ തമിഴ്‌നാട്ടിലുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലം വെറുതെ കിടക്കുന്നതിനാല്‍ വാഴയിലയ്ക്കായി കൃഷി ചെയ്യുകയെന്നത് തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് പ്രയാസമല്ല.

തിരുനെല്‍വേലി, തൂത്തുക്കുടി, കാവല്‍കിണര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വാഴയില എത്തുന്നത്. കര്‍പ്പൂരവല്ലി, ഞാലിപ്പൂവന്‍ എന്നിവയാണ് ഇലയ്ക്കുവേണ്ടി മാത്രം കൃഷി ചെയ്യുന്ന ഇനങ്ങള്‍. ഇലയില്‍ നിന്നുള്ള വരുമാനത്തിന് ശേഷം തോട്ടം തന്നെ ഉപേക്ഷിക്കുന്നവരുമുണ്ട്.

കാറ്റും മഴയും കൂടുതല്‍ ലഭിക്കുന്ന സമയത്ത് ഓണം വരുന്നതിനാല്‍ കേരളത്തില്‍ വാഴയില കൃഷി അത്ര ആദായകരമല്ല. എന്നിരുന്നാല്‍ പോലും നാടന്‍ വാഴയിലകള്‍ ഇത്തവണ വ്യാപകമായി വിപണിയിലേക്ക് എത്തിയിരുന്നു. വാഴ നട്ട് ഒന്നര മാസം കഴിയുമ്പോള്‍ മുതല്‍ ഇലവെട്ടി തുടങ്ങാം. ഒരില വെട്ടി ഏറെ വൈകാതെ തന്നെ അടുത്ത ഇല വിരിഞ്ഞ് വെട്ടാറാകും.

10 മാസം വരെ ഇത്തരത്തില്‍ ഏറിയും കുറഞ്ഞും ഇലയെടുക്കാന്‍ സാധിക്കും. ഒരു വാഴയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 1,000 രൂപയെങ്കിലും നേടാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com