Begin typing your search above and press return to search.
ഒരുവശത്ത് മ്യാന്മാര്‍ വിമതര്‍, മറുവശത്ത് ആഭ്യന്തര പ്രതിസന്ധി, ബംഗ്ലാദേശ് പടുകുഴിയിലേക്ക്, നേട്ടം ഇന്ത്യയ്ക്കും!
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ? ഒരുകാലത്ത് ഏഷ്യയിലെ അതിവേഗം കുതിക്കുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നു ബംഗ്ലാദേശിലേത്. എന്നാല്‍ ഭരണമാറ്റത്തിന് പിന്നാലെ സാമ്പത്തിക മേഖലയിലടക്കം പ്രതിസന്ധിയുടെ ആഴക്കടലിലാണ് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് ഉപദേശം നല്‍കുന്ന സര്‍ക്കാര്‍.
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ഒരു വശത്ത് രൂക്ഷമാകുന്നതിനൊപ്പം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതും ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടം തട്ടാനിടയാക്കി. ഹസീനയുടെ കാലത്ത് കാര്യമായ ആഭ്യന്തര കലാപങ്ങള്‍ ബംഗ്ലാദേശില്‍ നടന്നിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്രം അനുവദിച്ചത് ഇപ്പോള്‍ അവര്‍ക്ക് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്.
അതിര്‍ത്തിയില്‍ മ്യാന്മാര്‍ തലവേദന
മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണങ്ങളിലൊന്നായ മൗംഗ്‌ഡോയുടെ നിയന്ത്രണം കഴിഞ്ഞ ദിവസം അരാക്കാന്‍ ആര്‍മി പിടിച്ചെടുത്തിരുന്നു. മ്യാന്മാറിലെ രാഘൈന്‍ പ്രവിശ്യയില്‍ അധിവസിക്കുന്ന രാഘൈന്‍ വംശജര്‍ക്ക് സ്വയംഭരണം ആവശ്യപ്പെട്ട് പേരാടുന്ന സായുധ സംഘമാണ് അരാക്കന്‍ ആര്‍മി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൂടുതല്‍ അസ്ഥിരത സൃഷ്ടിക്കുന്നതാണ് ഇവരുടെ സാന്നിധ്യം.
അയല്‍രാജ്യങ്ങളെ പിണക്കുന്ന മുഹമ്മദ് യൂനസ് ശൈലി ആഭ്യന്തര സുരക്ഷയില്‍ മാത്രമല്ല ബംഗ്ലാദേശിനെ കുഴയ്ക്കുന്നത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിക്ഷേപം നടത്തിയിരുന്ന വിദേശ കമ്പനികള്‍ പലതും ബംഗ്ലാദേശിനെ വിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്നുണ്ട്. മതമൗലികവാദികള്‍ക്ക് മേധാവിത്വം ലഭിക്കുന്ന രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നത് ബുദ്ധിയല്ലെന്ന തോന്നല്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കുണ്ട്.
വിദേശനാണ്യത്തില്‍ ഇടിവ്
ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ സിംഹഭാഗവും വന്നിരുന്നത് ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ നിന്നാണ്. ഈ വരുമാനവും തൊഴിലവസരങ്ങളും വന്‍തോതില്‍ കുറയുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അയല്‍രാജ്യത്തെ അസ്വസ്ഥതകള്‍ ഇന്ത്യയ്ക്ക് പ്രശ്‌നമാണെങ്കിലും ടെക്‌സ്റ്റൈല്‍ വ്യവസായത്തെ ഇന്ത്യയിലേക്ക് പറിച്ചു കൊണ്ടുവരാന്‍ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്താനാകും. തിരുപ്പൂരിലെയും സൂറത്തിലെയും ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഈ വര്‍ഷം റിക്കാര്‍ഡ് ഓര്‍ഡറാണ് ലഭിക്കുന്നത്. പുതുവല്‍സരത്തെ ഓര്‍ഡറുകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുപ്പൂരിലെ മില്ലുകള്‍.
വലിയ പ്രതീക്ഷകളോടെയാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ബംഗ്ലാദേശില്‍. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭിച്ചിരുന്ന വൈദ്യുതിക്ക് മുടക്കം വന്നിരിക്കുന്നു. രാജ്യത്തെ തൊഴില്‍ മേഖലയിലെ വിദേശ നിക്ഷേപം പരിമിതപ്പെടുന്നു, കയറ്റുമതി താഴുന്നു. എല്ലാത്തിനുമുപരി ആഭ്യന്തര സുരക്ഷ കൂടുതല്‍ അപകടത്തിലായിരിക്കുന്നു. ഒരുകാലത്ത് ഏഷ്യയുടെ കിരീടമാകുമെന്ന് കരുതിയ ബംഗ്ലാദേശ് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നിപതിക്കുകയാണ്.
Next Story
Videos