

യുവജന പ്രക്ഷോഭമെന്ന പേരില്‍ വെറുപ്പ് പടര്‍ത്തുന്ന സംഘടനകളുടെ പ്രതിഷേധം ആളിക്കത്തും മുമ്പ് ദക്ഷിണേഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നു ബംഗ്ലാദേശിന്റേത്. ഷെയ്ഖ് ഹസീനയുടെ ഭരണത്തില്‍ വ്യവസായിക മേഖലയില്‍ വലിയ വളര്‍ച്ച നേടാന്‍ ആ രാജ്യത്തിന് സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നല്‍ നല്കിയതോടെ ടെക്‌സ്‌റ്റൈല്‍, ലെതര്‍ ഐറ്റങ്ങളുടെ കയറ്റുമതിയും അതുവഴി തൊഴില്‍മേഖലയും പുഷ്ടിപ്പെട്ടു.
ഇതൊക്കെ പഴയകഥ. ജെന്‍സീ പ്രക്ഷോഭത്തിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ കാര്‍മികത്വത്തിലെത്തിയ സര്‍ക്കാര്‍ മതനിയമങ്ങള്‍ക്ക് പിന്നാലെ പോയതോടെ രാജ്യം തകര്‍ച്ചയുടെ പടിവാതില്‍ക്കലാണ്. ബംഗ്ലാദേശിന്റെ ശക്തി ഗാര്‍മെന്റ്‌സ് കയറ്റുമതിയായിരുന്നു. എന്നാല്‍, പ്രക്ഷോഭം കനത്തതോടെ ഒട്ടുമിക്ക ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്.
വൈദ്യുതി, ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പല ഫാക്ടറികളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. ആകെയുള്ള കപ്പാസിറ്റിയുടെ 30 ശതമാനത്തിലേറെ നിര്‍ജീവമായ അവസ്ഥയിലാണെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു.
ഫാക്ടറികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് വഴിയാധാരമായത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പകുതിയിലധികം ടെക്‌സ്റ്റൈല്‍ ഫാക്ടറികളും അടുത്ത വര്‍ഷത്തോടെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് നിര്‍മാതാക്കളുടെ മുന്നറിയിപ്പ്. ഇതുവഴി ഉത്പാദനത്തില്‍ 50 ശതമാനമെങ്കിലും കുറവു വരും.
ധാക്ക, ചിറ്റഗോംഗ്, ഗാസിപൂര്‍ തുടങ്ങിയ വ്യവസായിക ക്ലസ്റ്ററുകളില്‍ വൈദ്യുത, ഗ്യാസ് ലഭ്യത കുറഞ്ഞ തോതിലാണ്. ഹസീനയെ അധികാരഭ്രഷ്ടയാക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന ഷരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തിനു ശേഷം ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതിയിലാണ് ബംഗ്ലാദേശ്. ധാക്ക നഗരത്തില്‍ നിന്ന് കലാപം വ്യവസായിക മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ആക്രമണം ഭയന്ന് പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ പലതും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ആദ്യവട്ട പ്രക്ഷോഭത്തിനുശേഷം നിരവധി വിദേശ ഓര്‍ഡറുകള്‍ ബംഗ്ലാദേശി കമ്പനികള്‍ക്ക് നഷ്ടമായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ ന്യൂഇയര്‍ ഓര്‍ഡറുകളിലടക്കം വലിയ പ്രതിസന്ധിയാണ് കയറ്റുമതിക്കാര്‍ക്ക് സൃഷ്ടിക്കുന്നത്.
രാഷ്ട്രീയപരമായ അസ്ഥിരത ബംഗ്ലാദേശിന്റെ കയറ്റുമതിയെ ഗുരുതരമായി ബാധിക്കുകയാണെന്ന മുന്നറിയിപ്പ് വ്യവസായിക ലോകം നല്കുന്നുണ്ട്. സ്ഥിരമായി ബംഗ്ലാദേശിന് ലഭിച്ചിരുന്ന ഓര്‍ഡറുകളില്‍ പലതും വിയറ്റ്‌നാമിനും ഇന്ത്യയ്ക്കുമാണ് ലഭിക്കുന്നത്.
യുഎസ് ഇരട്ട താരിഫില്‍ തിരിച്ചടി നേരിട്ടിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് പിടിവള്ളിയായി ഈ ഓര്‍ഡറുകള്‍ മാറുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ അസ്ഥിരത അവിടുത്തെ ടെക്‌സ്റ്റൈല്‍ വ്യവസായത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന വിലയിരുത്തലാണ് വ്യവസായിക ലോകത്തിനുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine