
ബംഗ്ലാദേശില്‍ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തുവിടാന്‍ ബാങ്കുകളെ അനുവദിക്കാതെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍. രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രമുള്ളതിനാലാണ് പുതിയ നോട്ടുകള്‍ വിനിമയത്തിന് അനുവദിക്കാതെ തടഞ്ഞതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കി കഴിഞ്ഞ വര്‍ഷം ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ബംഗ്ലാദേശില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങുന്നത്. അധികാരത്തിലെത്തിയതിന് പിന്നാലെ മുജീബുര്‍ റഹ്‌മാനുമായി ബന്ധമുള്ള പ്രതീകങ്ങളെല്ലാം ഇടക്കാല സര്‍ക്കാര്‍ നീക്കിയിരുന്നു. കറന്‍സി നോട്ടുകളിലെ ചിത്രവും നീക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതിന് മുമ്പ് അച്ചടിച്ച കോടിക്കണക്കിന് കറന്‍സികള്‍ ബാങ്കുകളുടെ റിസര്‍വിലുണ്ടായിരുന്നു. ഇവ ജനങ്ങള്‍ക്ക് കൈമാറരുതെന്നും റിസര്‍വില്‍ തന്നെ സൂക്ഷിക്കാനും കഴിഞ്ഞ മാസമാണ് ബംഗ്ലാദേശ് കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.
പുതിയ കറന്‍സികള്‍ വിപണിയിലെത്താതെ വന്നതോടെ ജനങ്ങളാകെ ബുദ്ധിമുട്ടിലാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ചടി കഴിഞ്ഞ കോടിക്കണക്കിന് ബാങ്ക് നോട്ടുകള്‍ വിവിധ ബാങ്കുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാ നോട്ടുകളും പിന്‍വലിച്ച് പുതിയത് അച്ചടിക്കാന്‍ നിലവില്‍ സര്‍ക്കാരിന് കഴിയില്ല. അച്ചടിച്ച നോട്ടുകളെങ്കിലും ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുജീബുര്‍ റഹ്‌മാന്റെ ചിത്രമുള്ള ഏതാണ്ട് 15,000 കോടി ഢാക്കയുടെ (ഏതാണ്ട് 10,000 കോടിയോളം ഇന്ത്യന്‍ രൂപ) നോട്ടുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്നത് പോലും പഴകിയ മുഷിഞ്ഞ നോട്ടുകളാണെന്നും ബാങ്കുകള്‍ ഇവ മാറ്റി നല്‍കുന്നില്ലെന്നും ജനങ്ങളും പരാതിപ്പെടുന്നു.
ഒരു രാജ്യത്തിന്റെ വിപണിയിലേക്ക് കൃത്യമായ അളവില്‍ കറന്‍സികള്‍ എത്തിയില്ലെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ആവശ്യത്തിന് കറന്‍സി ഇല്ലെങ്കില്‍ ആളുകളും ബിസിനസുകളും ചെലവാക്കാന്‍ മടിക്കും. ഇത് വിപണിയില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും ഡിമാന്‍ഡ് കുറക്കും. പിന്നാലെയുണ്ടാകുന്ന നാണ്യച്ചുരുക്കം ചെലവിടല്‍ വീണ്ടും കുറക്കും. വരുമാനം ചെറുതാകുന്നതോടെ ഉത്പാദനവും ജീവനക്കാരെയും കുറക്കാന്‍ സംരംഭകരും നിര്‍ബന്ധിതരാകും. ഇത് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കും. പതിയെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കും. ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 36 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് നിലവില്‍ ബംഗ്ലാദേശിനുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും 3.3 ശതമാനം മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണിലാണ് ബംഗ്ലാദേശിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്.
Bangladesh faces a financial crisis as banks halt the circulation of new currency, deepening economic distress.
Read DhanamOnline in English
Subscribe to Dhanam Magazine