

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സംവരണ വിരുദ്ധ കലാപം രാജ്യമെങ്ങും ബാധിച്ചതോടെ തലവേദന ഇന്ത്യയ്ക്കും. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരേയാണ് കലാപമെങ്കിലും അയല്‍പ്പക്കത്തെ പ്രശ്‌നങ്ങള്‍ ഇന്ത്യയെയും ബാധിക്കും. ദീര്‍ഘകാലമായി ഇന്ത്യയുടെ നല്ല സുഹൃത്തുക്കളാണ് ബംഗ്ലാദേശ്.
വിദ്യാര്‍ത്ഥികളും യുവാക്കളും ആരംഭിച്ച കലാപം മറ്റുള്ളവരും കൂടി ഏറ്റെടുത്തതോടെ രാജ്യത്ത് യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞു നില്‍ക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് സംവരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നത്.
തുടക്കം 30 ശതമാനത്തില്‍
പാക്കിസ്ഥാനെതിരേ 1971ല്‍ നടന്ന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം ജോലി സംവരണം നല്‍കാനുള്ള തീരുമാനമാണ് വലിയ ജനരോഷത്തിലേക്ക് ബംഗ്ലാദേശിനെ കൊണ്ടെത്തിച്ചത്. സര്‍ക്കാര്‍ ജോലികളില്‍ 46 ശതമാനവും സംവരണ വിഭാഗത്തിലാണ് പെടുന്നത്. അവികസിത ജില്ലക്കാര്‍ക്ക് 10 ശതമാനം, ആദിവാസികള്‍ക്ക് 5 ശതമാനവും ഒരു ശതമാനം ഭിന്നശേഷിക്കാര്‍ക്കുമായി മാറ്റി വച്ചിരിക്കുകയാണ്.
2018ല്‍ സംവരണ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചിരുന്നു. സമരക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ നിയമം പിന്‍വലിച്ചു. എന്നാല്‍ പിന്നീട് കേസ് കോടതിയിലെത്തിയപ്പോള്‍ സംവരണം പുനസ്ഥാപിക്കപ്പെട്ടു. ഇതോടെയാണ് ബംഗ്ലാദേശ് വീണ്ടും കലാപക്കളമായി മാറിയത്. യുദ്ധത്തില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്കുള്ള സംവരണമാണ് പ്രതിഷേധക്കാരുടെ വ്യാപക എതിര്‍പ്പിന് കാരണം.
ഭരണകക്ഷിയായ അവാമി ലീഗിനോട് കൂറുപുലര്‍ത്തുന്നവര്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കുമാണ് ഈ 30 ശതമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ജോലി കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതു തന്നെയാണ് വലിയ പ്രതിഷേധത്തിനും കാരണമാകുന്നത്. സംവരണം പുനസ്ഥാപിച്ച ഉത്തരവ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിട്ടും പ്രക്ഷോഭം തുടരുന്നതിന് കാരണം ഹസീന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കൂടിയാണ്.
ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ
പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന അയല്‍ക്കാരെ ചുറ്റപ്പെട്ടാണ് ഇന്ത്യയുടെ നില്‍പ്പ്. അയല്‍ക്കാര്‍ക്കിടയില്‍ എക്കാലവും ഇന്ത്യയോട് കൂറുപുലര്‍ത്തിയാണ് ബംഗ്ലാദേശിന്റെ നില്‍പ്. വര്‍ഷങ്ങളായി ഏകാധിപതിയെ പോലെ ഭരിക്കുന്ന ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇന്ത്യയോടുള്ള സൗഹൃദവും വ്യാപാര ബന്ധവും വര്‍ധിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ കലാപം ഷെയ്ഖ് ഹസീനയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്പിച്ചിട്ടുണ്ട്.
ജനരോഷം തുടര്‍ന്നാല്‍ ഹസീനയുടെ കസേര ഇളകും. അത് ഭരണമാറ്റത്തിലേക്ക് വഴിതുറന്നാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും ഹസീനയുടെ അവാമി ലീഗിനെ പോലെ അത്രമാത്രം ഇന്ത്യ അനുകൂലികളല്ല. ബംഗ്ലാദേശിനോട് അടുക്കാന്‍ ശ്രമിക്കാന്‍ ചൈനയ്ക്ക് വീണുകിട്ടിയ വടിയായി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മാറാതിരിക്കാന്‍ ഇന്ത്യയും ജാഗ്രതയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine