
രാഷ്ട്രപിതാവ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം ഒഴിവാക്കി പുതിയ ഡിസൈനിലുള്ള കറന്‍സി നോട്ടുകള്‍ പുറത്തിറക്കി ബംഗ്ലദേശ്. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും പ്രശസ്തമായ കലാസൃഷ്ടികളുടെയും ചിത്രങ്ങളാണ് പകരമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രിയായിരുന്ന മുജീബുര്‍ റഹ്‌മാന്റെ ചിത്രമുള്ള കറന്‍സികളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കി നോബല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ മാറി. മുജീബുര്‍ റഹ്‌മാന്റെ ചിത്രങ്ങള്‍ മാറ്റി ബംഗ്ലദേശിന്റെ സാംസ്‌കാരിക-ചരിത്ര പ്രതീകങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിരുന്നു.
20, 50, 1000 ബംഗ്ലാദേശ് ടകാ കറന്‍സികള്‍ കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് പ്രചരിച്ച് തുടങ്ങി. എല്ലാ തുകക്കുള്ള നോട്ടുകളും അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തിറങ്ങും. ആദ്യഘട്ടത്തില്‍ ബംഗ്ലദേശ് ബാങ്കിന്റെ ഢാക്കയിലെ പ്രധാന ഓഫീസില്‍ നിന്നാകും നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. രാഷ്ട്രപിതാവിന്റെ ചിത്രമുള്ള നോട്ടുകളുടെ വിനിമയം സാധാരണ പോലെ തുടരുമെന്നും ബംഗ്ലദേശ് ബാങ്ക് അധികൃതര്‍ അറിയിച്ചു.
രാഷ്ട്രപിതാവിന്റെ ചിത്രമുണ്ടെന്ന പേരില്‍ കോടിക്കണക്കിന് രൂപയുടെ കറന്‍സികള്‍ ബാങ്കുകള്‍ തടഞ്ഞുവെച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏതാണ്ട് 15,000 ടകാ നോട്ടുകളാണ് ഇത്തരത്തില്‍ തടഞ്ഞുവെച്ചത്. ഇതോടെ വിപണിയില്‍ ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമല്ലാതെ വരികയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ നോട്ടുകളെത്തുന്നത്.
ഇതാദ്യമായല്ല ബംഗ്ലദേശ് തങ്ങളുടെ കറന്‍സിയില്‍ മാറ്റം വരുത്തുന്നത്. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1972ലാണ് ബംഗ്ലദേശില്‍ ആദ്യമായി കറന്‍സി മാറ്റമുണ്ടാകുന്നത്. പുതുതായി രൂപീകരിച്ച രാജ്യത്തിന്റെ ഭൂപടമായിരുന്നു ഈ നോട്ടിലുണ്ടായിരുന്നത്. പിന്നാലെ അവാമി ലീഗ് നേതാവ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ ഇടം പിടിച്ചു. ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ നോട്ടുകളില്‍ ചരിത്ര സ്മാരകങ്ങളും ഇടം പിടിച്ചിരുന്നു.
Bangladesh introduces new currency notes featuring Hindu and Buddhist temples, replacing the image of Sheikh Mujibur Rahman.
Read DhanamOnline in English
Subscribe to Dhanam Magazine