അദാനി കടം വീട്ടാന്‍ കഷ്ടപ്പെട്ട് ബംഗ്ലാദേശ്, കുടിശികയില്‍ ഒരു പങ്ക് തിരിച്ചടച്ചു; പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് യൂനുസ് ഭരണകൂടം

വൈദ്യുതി വിതരണത്തിലെ കുടിശിക പെരുകിയതോടെ കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിനുള്ള വൈദ്യുതി അദാനി പവര്‍ പകുതിയായി കുറച്ചിരുന്നു
narendra modi and muhamed yunus
Image Courtesy: x.com/narendramodi, www.muhammadyunus.org
Published on

ഷേഖ് ഹസീന സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടരാക്കി അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസിന്റെ നേതൃത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയും യൂനുസിന്റെ കാലയളവില്‍ തുടര്‍ക്കഥയായി. തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ മെല്ലപ്പോക്ക് സമീപനത്തിലായതോടെ സൈന്യവും ഇടക്കാല സര്‍ക്കാരിനെതിരേ തിരിഞ്ഞിരുന്നു.

ഇപ്പോഴിതാ ബംഗ്ലാദേശില്‍ നിന്ന് വരുന്ന വാര്‍ത്ത ആശ്വാസം പകരുന്നത്. ബംഗ്ലാദേശിന് വൈദ്യുതി നല്കിയ വകയില്‍ കുടിശികയായിരുന്ന തുകയില്‍ 384 മില്യണ്‍ ഡോളര്‍ അവര്‍ അടച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജൂണ്‍ 27 വരെ ബംഗ്ലാദേശ് അടയ്‌ക്കേണ്ടിയിരുന്നത് 437 മില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 384 മില്യണ്‍ ഡോളറാണ് അടച്ചു തീര്‍ത്തത്.

കരാര്‍ 25 വര്‍ഷത്തേക്ക്

മാര്‍ച്ച് 31 വരെയുള്ള കുടിശിക പൂര്‍ണമായും ബംഗ്ലാദേശ് അടച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദ്യുതി വിതരണത്തിലെ കുടിശിക പെരുകിയതോടെ കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിനുള്ള വൈദ്യുതിയില്‍ അദാനി പവര്‍ പകുതിയായി കുറച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ കുടിശിക തുക തിരിച്ചടയ്ക്കാന്‍ തുടങ്ങിയതോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയും ചെയ്തു.

ഇതുവരെ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ ബില്ലുകളിലായി ബംഗ്ലാദേശ് അടച്ചത് 1.5 ബില്യണ്‍ ഡോളറാണ്. കൃത്യമായി കുടിശിക അടച്ചു തീര്‍ത്താല്‍ പിഴത്തുക ഒഴിവാക്കാമെന്ന് അദാനി പവര്‍ സമ്മതിച്ചിരുന്നു.

2017ല്‍ ഷേഖ് ഹസീന സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ പ്രകാരം ജാര്‍ഖണ്ഡിലെ ഗോഡ വൈദ്യുതി പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി അടുത്ത 25 വര്‍ഷത്തേക്ക് ബംഗ്ലാദേശിന് നല്കണം. ഹസീന സ്ഥാനമൊഴിയുന്ന സമയം വരെ വലിയ കുടിശിക ഉണ്ടായിരുന്നില്ല.

ആഭ്യന്തര കലാപവും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും രൂക്ഷമായതോടെയാണ് ബംഗ്ലാദേശിന്റെ തിരിച്ചടവ് മുടങ്ങിയത്. എന്‍ടിപിസിയും പിടിസി ഇന്ത്യ ലിമിറ്റഡും ഉള്‍പ്പെടെ മറ്റ് ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ബംഗ്ലാദേശിലേക്ക് വൈദ്യുതി വില്‍ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com