

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം ഷേഖ് ഹസീന രാജി വെച്ച് ഇന്ത്യയില്‍ അഭയം തേടി. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പോയേക്കും. ബംഗ്ലാദേശിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചിച്ച് പട്ടാളം ഇടക്കാല സര്‍ക്കാര്‍ രൂപവല്‍ക്കരിക്കും. ഷേഖ് ഹസീന രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അക്രമാസക്ത പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവ വികാസങ്ങള്‍.
ഈ വര്‍ഷമാദ്യമാണ് പ്രധാനമന്ത്രിയായി 76-കാരിയായ ഷേഖ് ഹസീന അഞ്ചാമൂഴം സ്ഥാനമേറ്റത്. ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനിടയില്‍ തിങ്കളാഴ്ച അവര്‍ തലസ്ഥാനമായ ധാക്ക വിട്ട് ഇന്ത്യയിലെ സുരക്ഷിതമായൊരു കേന്ദ്രത്തിലേക്ക് സൈനിക ഹെലികോപ്ടറില്‍ പോവുകയാണ് ഉണ്ടായത്. ഷേഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഉന്നത ശീര്‍ഷനായ നേതാവുമായ ഷേഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമ പ്രക്ഷോഭകാരികള്‍ തകര്‍ത്തു. പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നടത്തിയ പ്രക്ഷോഭം നയിച്ച നേതാവാണ് ഷേഖ് മുജീബുര്‍ റഹ്‌മാന്‍.
കുഴപ്പങ്ങള്‍ക്ക് കാരണം ഇതാണ്
1971ലെ സ്വാതന്ത്ര്യ പോരാട്ടത്തിന് മുന്നിലുണ്ടായിരുന്ന മുക്തിജോദ്ധാ കുടുംബാംഗങ്ങള്‍ക്കായി 30 ശതമാനം സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയ്തതിനെതിരായ പ്രക്ഷോഭമാണ് കഴിഞ്ഞ മാസം തുടങ്ങി ഷേഖ് ഹസീനക്ക് രാജ്യം വിടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിനൊപ്പം നില്‍ക്കുന്നവരെ വഴിവിട്ടു സഹായിക്കുന്ന ഏര്‍പ്പാടാണ് സംവരണത്തിലൂടെ നടപ്പാക്കിയതെന്ന് പ്രക്ഷോഭകാരികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇരുമ്പുമുഷ്ടി കൊണ്ട് പ്രക്ഷോഭം അമര്‍ച്ച ചെയ്യാനാണ് തുടക്കത്തില്‍ അവാമി ലീഗ് ഭരണകൂടം ശ്രമിച്ചത്. കര്‍ഫ്യൂ ലംഘിച്ച് ജനം തെരുവിലിറങ്ങിയ പ്രക്ഷോഭത്തിനിടയില്‍ 300ല്‍പരം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താറുമാറായി
പ്രക്ഷോഭം തുടര്‍ന്നത് ബംഗ്ലാദേശിനെ കൂടുതല്‍ കടക്കെണിയിലേക്ക് നയിച്ചു. വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുന്നതിനിടയില്‍ ഐ.എം.എഫില്‍ നിന്നും മറ്റും ഹസീന ഭരണകൂടം കുടുതല്‍ വായ്പ തേടി. കര്‍ഫ്യൂവും ഉപരോധവും ഇന്റര്‍നെറ്റ് വിലക്കും മൂലം ബംഗ്ലാദേശിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ താറുമാറായി. വസ്ത്ര നിര്‍മാണ കയറ്റുമതി, മൈക്രോ ഫിനാന്‍സ് മേഖലകളില്‍ കുറെക്കാലമായി ലോകത്തിനു തന്നെ മാതൃക സമ്മാനിച്ച രാജ്യമാണ് ബംഗ്ലാദേശ്. പ്രക്ഷോഭം 1,000 കോടി ഡോളറിന്റെ നഷ്ടം ഇതിനകം വരുത്തിവെച്ചു എന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്ന ഹസീന ഭരണകൂടത്തിന്റെ അവകാശവാദങ്ങളില്‍ നെല്ലിനേക്കാള്‍ പതിരാണ് കൂടുതലെന്ന വാദമാണ് വിമര്‍ശകര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine