

ഷേഖ് ഹസീന അധികാരഭ്രഷ്ടയാക്കപ്പെട്ട ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലായിരുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം മതവാദികള്‍ക്ക് കീഴടങ്ങിയതോടെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ നിര്‍ലോഭം തുടര്‍ന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിന് ശേഷം താരിഖ് ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുടെ താരിഖ് റഹ്‌മാന്‍ അധികാരത്തിലെത്തിയതോടെ കഥമാറി.
കടുത്ത ഇന്ത്യാവിരുദ്ധതയുമായി മുന്നോട്ടു പോയാല്‍ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ താരിഖ് ബന്ധം മെച്ചപ്പെടുത്താന്‍ ബോധപൂര്‍വ ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ത്യാവിരുദ്ധ നിലപാടുകാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെയും കായികനയതന്ത്രം മെച്ചപ്പെടുത്തിയും മുന്നോട്ടു പോകുകയാണവര്‍. ഇപ്പോഴിതാ പശ്ചിമേഷ്യന്‍ യുദ്ധം ബംഗ്ലാദേശിനെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇന്ത്യയുടെ സഹായം ഇല്ലെങ്കില്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് സമ്പൂര്‍ണ അടച്ചുപൂട്ടലാണ്.
വല്ലാത്തൊരു പ്രതിസന്ധിയാണ് ബംഗ്ലാദേശ് നേരിടുന്നത്. അതിനു കാരണം അവരുടെ ഗള്‍ഫ് ആശ്രിതത്വം ആണ്. ബംഗ്ലാദേശ് സ്ഥിരമായി എണ്ണ വാങ്ങിയിരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യയെ പോലെ എണ്ണ വാങ്ങലില്‍ വൈവിധ്യം കൊണ്ടുവരാന്‍ ധാക്ക ശ്രമിച്ചില്ല. ഗള്‍ഫിനെ മാത്രം ആശ്രയിച്ചതിന്റെ തിരിച്ചടി ഇപ്പോഴാണ് ബംഗ്ലാദേശ് മനസിലാക്കുന്നത്.
ബംഗ്ലാദേശിലെ റിഫൈനറികള്‍ക്ക് ഗള്‍ഫില്‍ നിന്നുള്ള ക്രൂഡ്ഓയില്‍ ശുദ്ധീകരിക്കാനുള്ള ടെക്‌നോളജി മാത്രമേ വശമുള്ളൂ. ഹോര്‍മൂസിലെ പ്രതിസന്ധി മൂലം ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് എണ്ണ ലഭിക്കുന്നില്ല. അതുകൊണ്ട് ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ബംഗ്ലാദേശ് ഭരണകൂടം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച് പെട്രോളിയം ഉത്പന്നങ്ങളാക്കി തിരികെ ബംഗ്ലാദേശിലെത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിനെ അവര്‍ സമീപിച്ചു കഴിഞ്ഞു. എന്നാല്‍, കേന്ദ്രം ഇതുവരെ മനസുതുറന്നിട്ടില്ല. എണ്ണ വാങ്ങുന്നതിനും ശുദ്ധീകരണത്തിനുമുള്ള ചെലവ് വഹിക്കാമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാനാണ് സാധ്യത.
ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരൊറ്റ എണ്ണശുദ്ധീകരണശാല മാത്രമാണുള്ളത്. 1968ല്‍ ചറ്റോഗ്രാമില്‍ സ്ഥാപിച്ച ഈസ്റ്റേണ്‍ റിഫൈനറി ലിമിറ്റഡ് ആണ് ഇത്. 15 ലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി മാത്രമേ ഇതിനുള്ളൂ. ഗള്‍ഫ് എണ്ണ മാത്രമേ ഇവിടെ ശുദ്ധീകരിക്കാന്‍ പറ്റുകയുള്ളു താനും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 50,000 കോടി രൂപയാണ് എണ്ണ ഇറക്കുമതിക്കായി ബംഗ്ലാദേശ് ചെലവഴിച്ചത്.
മിഡില്‍ ഈസ്റ്റില്‍ യുദ്ധം തുടങ്ങിയതോടെ ബംഗ്ലാദേശ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉപഭോഗത്തിന്റെ 96 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്. യുദ്ധം തുടങ്ങിയ ശേഷം രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടി. പലയിടത്തും റേഷന്‍ രീതിയിലാണ് എണ്ണവിതരണം. കയറ്റുമതി വരുമാനം നേടിക്കൊടുക്കുന്ന ടെക്‌സ്‌റ്റൈല്‍ മില്ലുകളും കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധം നീണ്ടാല്‍ രാജ്യം വലിയ കടക്കെണിയിലേക്ക് പോകുമെന്ന ആശങ്ക ബംഗ്ലാദേശിനുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine