മാര്‍ച്ച് 31ന് ബാങ്കുകള്‍ക്ക് പെരുന്നാള്‍ അവധിയില്ലേ? സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം ഓഹരി വിപണി ഇങ്ങനെ

ഈ മാസത്തെ അവസാന ശനിയാഴ്ചയായ മാര്‍ച്ച് 29ന് പതിവ് പോലെ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കും
Bank
Canva
Published on

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 31ന് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരം. ഈദുല്‍ ഫിത്തര്‍ ദിവസമായ മാര്‍ച്ച് 31 നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ അവധി കലണ്ടറില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇടപാടുകള്‍ പൂര്‍ത്തിയാക്കേണ്ട അവസാന ദിവസം അവധി നല്‍കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഇക്കാര്യത്തില്‍ ആര്‍.ബി.ഐ വ്യക്തത വരുത്തി.

അവധി ഇങ്ങനെ

സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകള്‍, ട്രഷറിയുമായി ബന്ധപ്പെട്ട ബാങ്കുകള്‍ എന്നിവ മാര്‍ച്ച് 31നും തുറന്ന് പ്രവര്‍ത്തിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ തടസപ്പെടാതിരിക്കാന്‍ പ്രത്യേക ക്ലിയറന്‍സ് ഓപറേഷന്‍ നടത്താനാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മാര്‍ച്ച് 31 അവധി തന്നെയാണ്. വാര്‍ഷിക കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കുമെങ്കിലും ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ ഒന്നും നടത്താന്‍ കഴിയില്ല. ഈ മാസത്തെ അവസാന ശനിയാഴ്ചയായ മാര്‍ച്ച് 29ന് പതിവ് പോലെ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 30 ഞായറാഴ്ച ആയതിനാല്‍ ബാങ്ക് അവധിയാണ്. അതേസമയം, ഉപയോക്താക്കള്‍ക്ക് ഈ ദിവസങ്ങളില്‍ എ.ടി.എം, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

ഇക്കാര്യം ശ്രദ്ധിക്കൂ...

  • മാര്‍ച്ച് 29 മുതല്‍ മാര്‍ച്ച് 31 വരെ രാജ്യത്തെ സി.ജി.എസ്.ടി ഓഫീസുകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കും.

  • പോളിസി ഉടമകള്‍ക്ക് തടസം നേരിടാതിരിക്കാന്‍ മാര്‍ച്ച് 29,30,31 തീയതികളില്‍ ഓഫീസ് തുറക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  • ടാക്‌സ് ഫയലിംഗ് മുടങ്ങാതിരിക്കാന്‍ മാര്‍ച്ച് 29,30,31 തീയതികളില്‍ രാജ്യത്തെ എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആദായ നികുതി വകുപ്പും അറിയിച്ചിട്ടുണ്ട്.

ഓഹരി വിപണിയിലെ വ്യാപാരം

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മാര്‍ച്ച് 31ന് ഇന്ത്യയിലെ ഓഹരി വിപണികളായ ബി.എസ്.ഇ, എന്‍.എസ്.ഇ എന്നിവ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 29,30 തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ പതിവ് പോലെ അവധിയാണ്. അതായത് തുടര്‍ച്ചയായ മൂന്ന് ദിവസം നിക്ഷേപകര്‍ക്ക് അവധിയെടുക്കാം. ഏപ്രില്‍ ഒന്നിന് പതിവ് പോലെ ഓഹരി വിപണിയിലെ വ്യാപാരം ആരംഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com