ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക! നാളെ ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി 3 ദിവസം തടസപ്പെടും

ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്
bank
Image courtesy: Canva
Published on

ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ നാളത്തെ ദേശീയ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പണിമുടക്കിന് പിന്നാലെ ശനിയും ഞായറും വാരാന്ത്യ അവധികളായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ചില സംസ്ഥാനങ്ങളിൽ വിനായക ചതുർത്ഥിയുടെ അവധി കൂടി ഉള്ളതിനാൽ നാല് ദിവസം വരെ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ട്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.സി, എന്‍.സി.ബി.ഇ ഉൾപ്പെടെയുള്ള ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു (UFBU) ആണ് ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രധാന ആവശ്യങ്ങളും തുടർന്നുള്ള പണിമുടക്ക് തീയതികളും

ബാങ്ക് ജീവനക്കാരുടെ സേവന വ്യവസ്ഥകളുടെ ഭാഗമായി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ അനുവദിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. 2024 മാർച്ച് മാസത്തിൽ തന്നെ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) ഇതിന് അംഗീകാരം നൽകിയെങ്കിലും കേന്ദ്ര സർക്കാർ അന്തിമ നടപടികൾ സ്വീകരിക്കാത്തതാണ് സമരത്തിലേക്ക് നയിച്ചത്.

തുടർന്നും തീരുമാനമുണ്ടായില്ലെങ്കിൽ രണ്ടാം ഘട്ട പണിമുടക്ക് സെപ്റ്റംബർ 28, 29, 30 തീയതികളിൽ നടക്കും. ഇതിനുശേഷവും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലേബർ കമ്മിഷണറുമായുള്ള യൂണിയനുകളുടെ അടുത്ത ചര്‍ച്ച ഒക്ടോബർ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com