ബാങ്ക് അക്കൗണ്ടുകള്‍ക്ക് നാലു വരെ നോമിനികള്‍; നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍

ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നാലു വരെ നോമിനികളെ നിര്‍ദേശിക്കാന്‍ അധികാരം നല്‍കുന്നതടക്കം ബാങ്കിങ് മേഖലയില്‍ വിവിധ പരിഷ്‌കരണം ലക്ഷ്യമിടുന്ന ബാങ്കിങ് നിയമ ഭേദഗതി ബില്‍ -2024 പാര്‍ലമെന്റില്‍. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ ബില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകള്‍ക്കും നോമിനികള്‍ നാലു പേര്‍ വരെയാകാം. ഇപ്പോള്‍ ഒരു നോമിനിയെ മാത്രമാണ് അനുവദിക്കുക. നോമിനികള്‍ക്ക് തുല്യമായോ, ക്രമാനുസരണമോ, നിര്‍ദേശിക്കുന്ന മറ്റു വ്യവസ്ഥയിലോ ഈ സ്വത്തില്‍ അവകാശം.
കേന്ദ്ര സഹകരണ ബാങ്കുകളില്‍ ചെയര്‍മാന്‍, മുഴുസമയ ഡയറക്ടര്‍മാര്‍ എന്നിവര്‍ ഒഴികെയുള്ള ഡയറക്ടര്‍മാരുടെ കാലാവധി എട്ടില്‍ നിന്ന് 10 വര്‍ഷമാക്കി.
കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിക്കാന്‍ അനുവാദം.
ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതിന് ബാങ്കുകള്‍ക്ക് കുടുതല്‍ അധികാരം.
ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ പറഞ്ഞിട്ടുള്ള 'ഗണ്യമായ താല്‍പര്യം' പുനര്‍നിര്‍വചിച്ച് വ്യക്തിയുടെ ഓഹരി കൈവശ പരിധി 1968ല്‍ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപയില്‍ നിന്ന് രണ്ടു കോടി രൂപയാക്കി.

♦റിസര്‍വ് ബാങ്കിന് മറ്റു ബാങ്കുകള്‍ ചട്ടപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട ദിവസം, ഓരോ ദ്വൈവാരത്തിലെയോ മാസത്തിലെയോ ത്രൈമാസത്തിലെയോ അവസാന ദിവസമെന്ന് നിശ്ചയിച്ചു.
അവകാശികളില്ലാത്ത ലാഭവിഹിതം, ഓഹരി, പലിശ, ബേ്ാണ്ട് വിഹിതം എന്നിവ ഇനി നിക്ഷേപ ബോധവല്‍ക്കരണ-സംരക്ഷണ നിധിയിലേക്ക് പോവും. ഈ നിധിയില്‍ നിന്ന് അര്‍ഹരായ വ്യക്തികള്‍ക്ക് റീഫണ്ട് ചോദിക്കാം.
ബാങ്കിങ് നിയന്ത്രണ നിയമം, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, ബാങ്കിങ് കമ്പനി ഏറ്റെടുക്കല്‍-കൈമാറ്റ നിയമം എന്നിവയില്‍ ഇതനുസരിച്ച് ഭേദഗതി നടത്തും.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it