കേരള ബാങ്കുകളില്‍ പടര്‍ന്നു കയറുകയാണ്, നിര്‍മിത ബുദ്ധി

ബാങ്കിങ് മേഖല സാങ്കേതിക വിദ്യയുടെ തലമുറ മാറ്റത്തില്‍
a girl sitting in front of a computer a robot looking from the corner
image credit : canva
Published on

ബാങ്കിങ് മേഖല സാങ്കേതിക വിദ്യയുടെ പുതിയൊരു തലമുറ മാറ്റത്തിലാണ്. കമ്പ്യൂട്ടര്‍ പ്രചാരം നേടിയ സന്ദര്‍ഭത്തെ വെല്ലുന്ന വിധമുള്ള മാറ്റമാണത്. ബാങ്കുകളില്‍ കമ്പ്യൂട്ടര്‍ വെച്ചപ്പോള്‍ നല്ലൊരു പങ്ക് ജീവനക്കാര്‍ ഭയന്നു. കമ്പ്യൂട്ടര്‍ പണി കളയുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനൊത്ത് ബാങ്കുകളില്‍ പ്രവര്‍ത്തന വേഗം കൈവന്നു. ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമായി. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങളും പതിയെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി. ഡിജിറ്റല്‍ സാക്ഷരത വളരുന്നതിനൊത്ത്, ബാങ്ക് ഇടപാടു നടത്താന്‍ ബാങ്കുകളിലേക്ക് നേരിട്ടു പോകുന്ന രീതി ഇല്ലാതായി വരുന്നു. കോവിഡ് കാലത്തിനു പിന്നാലെ ബാങ്കുകള്‍ നിര്‍മിത ബുദ്ധി അഥവാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) കരുത്ത് കൂടി അതിവേഗം നേടുകയാണ്. കേരള ബാങ്കുകളും അതിനൊത്ത് വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്.

മാറ്റങ്ങള്‍ വരുന്ന വഴി

ക്ലൗഡ്, ജന്‍ എ.ഐ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അടക്കമുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വിവിധ ബാങ്കുകള്‍. പ്രവര്‍ത്തനങ്ങള്‍ സുഗമമായി സംയോജിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമവും വിശ്വസ്തവും ഉപയോഗപ്രദവുമായ രീതികള്‍ നടപ്പാക്കുന്നതിനും എ.ഐ സഹായകമാണ്. തല്‍സമയ മുഖം തിരിച്ചറിയല്‍, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന വീഡിയോ കെ.വൈ.സി, പ്രവാസി ഇന്ത്യക്കാരുടെ രേഖകള്‍ സാക്ഷ്യപ്പെടുത്തി വിവിധ കറന്‍സി അക്കൗണ്ട് ശരിയാക്കല്‍, ജനറേറ്റീവ് എ.ഐ കണ്‍സള്‍ട്ടിങ്, ഡാറ്റ സംരക്ഷണ നിയമ പ്രകാരം സുപ്രധാനമായ ആധാര്‍ വിവരങ്ങള്‍ മറയ്ക്കുന്നതിനുള്ള ഓട്ടോമേറ്റ് ക്രമീകരണം, ഉപഭോക്തൃ വിവരങ്ങള്‍ ജീവനക്കാര്‍ നേരിട്ട് പരിശോധിക്കുന്നതിനു പകരം ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തല്‍, ചെക്ക് മാറ്റി പണമാക്കുന്നതിന് നിലവിലെ കാലതാമസം ഒഴിവാക്കുന്ന വിധം തല്‍സമയ പരിശോധന-സാക്ഷ്യപ്പെടുത്തല്‍, ഓട്ടോമേറ്റായി രേഖകള്‍ ഒത്തുനോക്കല്‍, സുരക്ഷിത ഇടപാട് ഉറപ്പുവരുത്തുന്ന വിധം ക്ലൗഡ് മാനേജ്മെന്റ്, ലോഗ് മാനേജ്മെന്റ് സൊല്യൂഷന്‍സ്, സോഫ്റ്റ്‌വെയര്‍ വികസനം തുടങ്ങിയവക്ക് നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്.

''പ്രവര്‍ത്തന ക്ഷമത പരമാവധി കൂട്ടാനും ചെലവു കുറക്കാനും ഉപയോക്തൃ സേവനങ്ങള്‍ക്കും നിര്‍മിത ബുദ്ധിയുടെ വിവിധ പ്രവര്‍ത്തന മേഖലകള്‍ വലിയതോതില്‍ ഉപയോഗപ്പെടുത്തുകയാണ് ബാങ്കുകള്‍. ഉപയോക്താക്കളെ ചേര്‍ക്കുക, തട്ടിപ്പുകള്‍ കണ്ടെത്തുക, സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക, സുരക്ഷിതത്വ ക്രമീകരണം ഒരുക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം എ.ഐയുടെ സ്വാധീനം പ്രകടമാണ്. ചെക്ക് ക്ലിയറിങ്ങിന് എടുക്കുന്ന സമയം ഗണ്യമായി കുറക്കാന്‍ എ.ഐ നിര്‍ണായക പങ്ക് വഹിക്കും. നിലവിലുള്ള നടപടിക്രമങ്ങളില്‍ ജനറേറ്റീവ് എ.ഐ കൊണ്ടുവരുന്നത് തീരുമാനമെടുക്കല്‍ പ്രക്രിയക്ക് വലിയ പിന്തുണയാകും'' -ധനകാര്യ മേഖലയില്‍ നിര്‍മിത ബുദ്ധിയുടെ കരുത്ത് പ്രയോജനപ്പെടുത്തുന്നതില്‍ ബാങ്കുകളെ സഹായിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ പിക്സ് ഡൈനാമിക്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ അരുണ്‍ പുരുഷോത്തമന്‍ പറയുന്നു.

പുതിയ സാധ്യതകള്‍, ഒപ്പം വെല്ലുവിളികള്‍

പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കേണ്ടത് ബാങ്കുകളിലെ മനുഷ്യവിഭവ ശേഷിയാണ്. അതിനൊത്ത് വിപുലമായ പരിശീലനത്തിലൂടെ നൈപുണ്യ വികസനം ബാങ്കുകള്‍ സാധ്യമാക്കുകയും വേണം. പല ബാങ്കുകളും ഉപഭോക്തൃ സംതൃപ്തി, പ്രവര്‍ത്തന വിജയം എന്നിവ മുന്‍നിര്‍ത്തി മാറുന്ന കാലത്തിനൊത്ത് മുന്‍പേ നടക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കി വരുന്നു. ആനുകാലിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ അതിനൊത്ത് ഡിജിറ്റല്‍ രംഗത്ത് വലിയ പരിഷ്‌കരണം തന്നെ വേണ്ടതുണ്ട്. ഇത് ചെലവു കൂട്ടും; നടപ്പാക്കുന്നതിന് സമയം വേണ്ടിവരും എന്നതാണ് മറ്റൊരു വെല്ലുവിളി.

ഡിജിറ്റല്‍ മുന്നേറ്റത്തിനിടയിലും പരമ്പരാഗത ബാങ്കിങ് സമ്പ്രദായത്തെയാണ് ഇന്ത്യയില്‍ വലിയൊരു വിഭാഗം ഉപയോക്താക്കളും ഇന്നും ആശ്രയിക്കുന്നത്. ഇതിനിടയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോക്താവിന്റെ വിശ്വാസം ആര്‍ജിക്കേണ്ടതും പ്രധാനമാണ്. ഇത്തരം വെല്ലുവിളികള്‍ മാറ്റങ്ങളുടെ ഏതു ഘട്ടത്തിലും സ്വാഭാവികമായും ഉയര്‍ന്നു വരുന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അത് ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ ഓരോ കാലത്തും ബാങ്കിങ്, ധനകാര്യ മേഖലക്ക് സാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com