ടൂറിസം കേന്ദ്രങ്ങളില്‍ ഇനി കൂടുതല്‍ സമയം മദ്യം; രാത്രി വിനോദസഞ്ചാരത്തിന് ഊര്‍ജ്ജമാകും

കേരളത്തിലേക്ക് വരുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രധാന പരാതികളിലൊന്നായിരുന്നു രാത്രിയിലെ മദ്യനിയന്ത്രണം
Image of glasses of beer with kerala green fields in the background along with a beer sign
Canva
Published on

സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം വര്‍ധിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടിയാണ് മദ്യ വില്പനയ്ക്കുള്ള സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12 വരെ ഈ കേന്ദ്രങ്ങളില്‍ മദ്യവില്പന നടത്താം.

നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളില്‍ മദ്യവില്പനയ്ക്ക് അനുമതിയുണ്ടായിരുന്നത്. അതേസമയം, വിനോദസഞ്ചാരികള്‍ ഏറെ തങ്ങുന്നതും കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബുമായ കൊച്ചി കോര്‍പറേഷനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍, എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് പ്രദേശങ്ങളില്‍ 12 വരെ മദ്യം വില്‍ക്കാം.

തിരുവനന്തപുരം നഗരത്തില്‍ ഒരു ടൂറിസം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിധി 200 മീറ്ററാക്കി ചുരുക്കി. കവടിയാര്‍ പാലസ് മുതല്‍ പട്ടം പാലസ് വരെയുള്ള 200 മീറ്ററില്‍ മാത്രമാണ് ടൂറിസം കേന്ദ്രം കോഴിക്കോടും കൊല്ലത്തും കോര്‍പറേഷന്‍ പരിധിയിലെ ബീച്ച് പ്രദേശത്ത് മാത്രമാണ് പുതുക്കിയ സമയക്രമത്തിലുള്ള മദ്യവില്പനയ്ക്ക് അനുമതി.

നൈറ്റ് ടൂറിസത്തിനും കോണ്‍ഫറന്‍സുകള്‍ക്കും ഗുണകരം

കേരളത്തിലേക്ക് വരുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രധാന പരാതികളിലൊന്നായിരുന്നു രാത്രിയിലെ മദ്യനിയന്ത്രണം. ഗോവ പോലുള്ള സംസ്ഥാനങ്ങള്‍ ടൂറിസത്തിനായി മദ്യവില്പനയില്‍ വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഇത്തരമൊരു സൗകര്യമില്ല. കൊച്ചിയും കുമരകവും അടുത്തിടെ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബായി ഉയര്‍ന്നു വരുന്നുണ്ട്. പുതിയ മാറ്റം ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങളോടെയുള്ള മദ്യലഭ്യത ഉയര്‍ത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com