ആദ്യം മുട്ട, ഇപ്പോള്‍ ബീഫ്! യു.എസില്‍ ബീഫ് വില കുതിച്ചുയരുന്നു, ട്രംപിന് പുതിയ തലവേദന

beef market
canva
Published on

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വലിയ പരീക്ഷണങ്ങളാണ് നേരിടുന്നത്. വ്യാപാര യുദ്ധം യു.എസിന്റെ താല്പര്യങ്ങളിലേക്ക് മറ്റ് രാജ്യങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും സ്വന്തം രാജ്യത്ത് അദ്ദേഹത്തിന് കാര്യങ്ങള്‍ അനുകൂലമല്ല. അവശ്യ സാധനങ്ങളുടെ വിലവര്‍ധന ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

അടുത്തിടെ യു.എസില്‍ മുട്ടവില വലിയ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്ന് മുട്ട ഇറക്കുമതി ചെയ്താണ് ഈ പ്രശ്‌നത്തെ അതിജീവിച്ചത്. ഇപ്പോഴിതാ മറ്റൊരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ട്രംപ് ഭരണകൂടം. ബീഫ് വില വലിയതോതില്‍ കുതിച്ചുയരുന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ തലവേദന.

തിരിച്ചടിയായി വരള്‍ച്ചയും

ജനുവരി മുതല്‍ ബീഫ് വിലയില്‍ ഒന്‍പത് ശതമാനം വര്‍ധനയെന്നാണ് യു.എസ് കൃഷിവകുപ്പിന്റെ കണക്ക്. വരള്‍ച്ച മൂലം കന്നുകാലികളുടെ എണ്ണം കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ബീഫ് വില കുതിച്ചുയരാന്‍ കാരണമായത്. കന്നുകാലികളുടെ എണ്ണത്തില്‍ 74 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍. ജനുവരിയിലെ കണക്കനുസരിച്ച് 87 ദശലക്ഷം കന്നുകാലികളാണ് യു.എസിലുള്ളത്. ഇത് 1951നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

കന്നുകാലി കര്‍ഷകര്‍ പലരും ഈ തൊഴിലില്‍ നിന്ന് പിന്മാറുകയോ ഉരുക്കളുടെ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതും കാലികളുടെ എണ്ണം ക്രമാതീതമായി താഴാന്‍ ഇടയാക്കി. വരള്‍ച്ച മൂലം തീറ്റയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തു. ഇത് കര്‍ഷകരുടെ ലാഭം കുറച്ചു.

മെക്‌സിക്കോയില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതി മേയ് മുതല്‍ യു.എസ് തടഞ്ഞിരുന്നു. ഇതും വിലയില്‍ പ്രതിഫലിച്ചു.

ഒരു പൗണ്ട് (450 ഗ്രാം) ബീഫിന്റെ വില ജൂണില്‍ ആറു ഡോളറിന് മുകളിലായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഡേറ്റ എടുക്കാന്‍ തുടങ്ങിയ 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇറക്കുമതി വര്‍ധിച്ചു

ലോകത്തെ ബീഫ് കയറ്റുമതി രാജ്യങ്ങളില്‍ മുന്‍നിരയിലാണ് യു.എസിന്റെ സ്ഥാനം. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയില്‍ സമീപകാലത്ത് വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു യു.എസിലേക്ക് കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്നത്. ലഭ്യത കുറഞ്ഞും ഡിമാന്‍ഡ് ഉയര്‍ന്നും നില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ബീഫ് ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് യു.എസ്.

ട്രംപിന്റെ താരിഫ് യുദ്ധവും ബീഫ് വില ഉയരുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. മുമ്പ് 10 ശതമാനം തീരുവയിലായിരുന്നു ബ്രസീലില്‍ നിന്ന് ബീഫ് ഇറക്കുമതി ചെയ്തിരുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ 50 ശതമാനം തീരുവയാകും ബ്രസീലിന് നേരിടേണ്ടി വരിക. തീരുവ വലിയതോതില്‍ കൂടുന്നതോടെ യു.എസ് മാര്‍ക്കറ്റില്‍ വിലയും ഉയരും.

US beef prices hit record high amid drought, cattle shortage, and import tariffs—posing major challenge for Trump

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com