ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് ബീയര്‍ കിട്ടാക്കനിയായേക്കും

ഇന്ത്യയുടെ ബീയര്‍ഖനി എന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് കര്‍ണാടക. ഇന്ത്യന്‍ ബീയര്‍ വിപണിയിലെ മൊത്തം അളവ് ഏകദേശം 33 ദശലക്ഷം ഹെക്ടോലിറ്ററാണ്. ഇതില്‍ 13 ശതമാനം കര്‍ണാടകയില്‍ നിന്നാണ്. യുണൈറ്റഡ് ബ്രൂവറീസ് (കിംഗ്ഫിഷര്‍ നിര്‍മ്മാതാക്കള്‍), ബിറ91, കാസില്‍ബെര്‍ഗ് തുടങ്ങി പ്രമുഖ കമ്പനികള്‍ക്കെല്ലാം കര്‍ണാടകയില്‍ ഉത്പാദന സാന്നിധ്യവുമുണ്ട്.

ബീയര്‍ കമ്പനികളുടെ മുഖ്യ വില്‍പന സീസണാണ് ക്രിസ്മസ്-പുതുവത്സരാഘോഷക്കാലം. ഇക്കുറിയും മികച്ച പ്രതീക്ഷകള്‍ കമ്പനികള്‍ വച്ചുപുലര്‍ത്തിയിരിക്കേ ഇരുട്ടടിയായി എത്തിയിരിക്കുകയാണ് കര്‍ണാടക എക്‌സൈസ് വകുപ്പിന്റെ ഒരു നിര്‍ദേശം. ഇത് ബീയര്‍ ക്ഷാമത്തിന് പോലും വഴിവച്ചേക്കുമെന്നാണ് കമ്പനികള്‍ ആശങ്കപ്പെടുന്നത്.
മൂന്നാം ഷിഫ്റ്റ് വേണ്ട!
പരിശോധനകള്‍ക്കായി എക്‌സൈസ് വകുപ്പില്‍ ജീവനക്കാര്‍ ആവശ്യത്തിനില്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനത്തിന്റെ മൂന്നാം ഷിഫ്റ്റ് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെയുള്ള ഉത്പാദന ഷിഫ്റ്റാണ് നിര്‍ദേശപ്രകാരം ഒഴിവാക്കേണ്ടത്.
അതേസമയം, മറ്റ് മദ്യ നിര്‍മ്മാതാക്കള്‍ക്ക് ഇത്തരം നോട്ടീസ് അയച്ചിട്ടുമില്ല. മികച്ച വില്‍പന സീസണ്‍ പടിവാതിലില്‍ നില്‍ക്കേ നിര്‍ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബീയര്‍ നിര്‍മ്മാണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Related Articles
Next Story
Videos
Share it