തമിഴ്നാട്ടിലും ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുന്നു.. കൃഷിക്ക് ചെലവേറുന്നു, പച്ചക്കറി വിലയെ ബാധിക്കും

തമിഴ്നാട്ടിലെ ഗ്രാമീണ മേഖലയിലും കൂലി വര്‍ധിക്കുന്നത് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. തുടര്‍ച്ചയായ മഴ മൂലം കാര്‍ഷിക വിളവ് കുറയുന്നതിന് പിന്നാലെ, കൂലി വര്‍ധനവ് കൂടിയായതോടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക മേഖലയില്‍ മെല്ലെപ്പോക്കാണിപ്പോള്‍. പച്ചക്കറി, ധാന്യ കൃഷികളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഈ നിലതുടര്‍ന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള കാര്‍ഷിക വിളകളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കും. ഇത് മലയാളിയെ കഷ്ടത്തിലാക്കും.
തദ്ദേശീയരായ നാടന്‍ തൊഴിലാളികളുടെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം, ഉത്തരേന്ത്യന്‍-വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ്, കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയെന്നിവയാണ് തൊഴില്‍ മേഖലയിലുണ്ടായ പുതിയ മാറ്റങ്ങള്‍ക്ക് കാരണമായി ചൂണിക്കാണിക്കുന്നത്. കൂലിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുപ്പത് ശതമനത്തിലേറെ വര്‍ധനവുണ്ടായതാണ് കണക്ക്.
കുടിയേറ്റത്തിന്റെ പരിണിത ഫലം
തമിഴ്നാട്ടില്‍ കൂലി വര്‍ധിക്കുന്നതിന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം കാരണമായി. നാലു പതിറ്റാണ്ടിലേറെ മുമ്പ് കേരളത്തിലേക്ക് തമിഴ് തൊഴിലാളികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഓരോ കുടുംബത്തില്‍ നിന്നും പുതിയ തലമുറയില്‍ പെട്ടവരും കേരളത്തില്‍ ജോലി തേടി എത്തുന്നു. ഇതിലേറെയും കാര്‍ഷിക ജോലികള്‍ ചെയ്തിരുന്ന നാടന്‍ പണിക്കാരാണ്.
അതോടെ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ തൊഴിലാളി ക്ഷാമം തുടങ്ങി. അത് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കൂട്ടകുടിയേറ്റം തുടങ്ങിയതിന് ശേഷം ഇവിടെ അവിദഗ്ദ തൊഴിലാളികളെ പോലും കിട്ടാനില്ലാതായതു പോലത്തെ അവസ്ഥയാണ് ഇപ്പോള്‍ തമിഴ്നാട്ടിലും.
ബംഗാളികള്‍ കയ്യടക്കുന്ന തൊഴിലിടങ്ങള്‍
ബംഗാളികള്‍ എന്ന് പൊതുവെ വിളിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇപ്പോള്‍ തമിഴ്നാട്ടിലും വ്യാപകമായി എത്തുന്നുണ്ട്. കാര്‍ഷിക മേഖല, നിര്‍മാണ മേഖല എന്നിവയില്‍ ഗ്രാമങ്ങളിലും ഇത്തരം കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൂടുന്നു. ഇവര്‍ പ്രതിദിനം കുറഞ്ഞത് 800 രൂപ കൂലി വാങ്ങുന്നവരാണ്. തമിഴ്‌നാട്ടില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നാട്ടിന്‍പുറങ്ങളിലെ കൂലി ആണുങ്ങള്‍ക്ക് 350 രൂപയും സ്ത്രീകള്‍ക്ക് 250 രൂപയുമായിരുന്നു. ഭക്ഷമമില്ലാതെയുള്ള കൂലിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പുരുഷന്‍മാരുടെ കൂലി 500 രൂപയും സ്ത്രീകളുടേത് 400 രൂപയുമായി. കൂടെ രണ്ട് നേരത്തെ ഭക്ഷണവും നല്‍കണം.
കേരള മോഡല്‍ 'പ്രചോദനം'
വിദേശ പണത്തിന്റെ കരുത്തില്‍ ഉയര്‍ന്ന കൂലി നല്‍കി വന്ന കേരളത്തിന്റെ മോഡലാണ് തമിഴ്നാട്ടിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പ്രചോദനം. കേരളത്തിലേക്ക് പോകുന്നവര്‍ക്ക് ഉയര്‍ന്ന കൂലി ഉണ്ടല്ലോ എന്നാണ് അവര്‍ പറയുന്നത്. കേരളത്തിലുള്ള തൊഴിലാളികള്‍ സ്വന്തം നാട്ടില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ അവരോട് തദ്ദേശീയരായ തൊഴിലാളികള്‍ ചോദിക്കുന്നത് ഇതാണ്...'' നിങ്ങള്‍ക്ക് അവിടെ നല്ല കൂലി കിട്ടുന്നുണ്ടല്ലോ, അപ്പോള്‍ ഞങ്ങള്‍ക്ക് കൂലി കൂട്ടി തന്നാല്‍ എന്താണ്....
കേരളത്തില്‍ ജോലിയെടുക്കുന്ന പല തൊഴിലാളികള്‍ക്കും സ്വന്തം നാട്ടില്‍ കൃഷിയിടങ്ങളും കൃഷിയുമുണ്ട്. നെല്ല്, കടല, എള്ള് തുടങ്ങി വിളകളാണ് അവര്‍ കൂടുതലും കൃഷി ചെയ്യുന്നത്. നടീല്‍ സമയത്ത് കേരളത്തില്‍ നിന്ന് രണ്ടോ മൂന്നു ദിവസം അവധിയെടുത്താണ് അവര്‍ കൃഷി തുടങ്ങി വെക്കുന്നത്. പിന്നീട് തൊഴിലാളികളെ ഏല്‍പ്പിച്ച് കേരളത്തിലെത്തും. വിളവെടുപ്പിന് മുമ്പ് ഒന്നോ രണ്ടോ തവണ പോയി വിളകള്‍ പരിശോധിക്കും. വളമിടീലും കീടനാശിനി പ്രയോഗവും നടത്തും. പിന്നീട് വിളവെടുപ്പ് സമയത്ത് ദിവസങ്ങളോളം അവിടെയുണ്ടാകും. മുമ്പ് കൂലി കുറവായിരുന്നപ്പോള്‍ ഈ രീതിയിലുള്ള കൃഷി ലാഭകരമായിരുന്നെന്ന് അവര്‍ പറയുന്നു. എന്നാല്‍ കൂലി കൂടിയപ്പോള്‍ വരുമാനം കുറഞ്ഞു.
തൊഴിലുറപ്പും ബാധിച്ചു
കേരളത്തിലേതു പോലെ തമിഴ്നാട്ടിലും തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ സ്ത്രീകള്‍ ചേര്‍ന്നതും തൊഴിലാളി ക്ഷാമത്തിന് കാരണമായി. ഉററപ്പായ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതും അധ്വാനം കുറവാണെന്നതുമാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതോടെ കാര്‍ഷിക വിളകളുടെ നടീല്‍ സമയങ്ങളില്‍ തൊഴിലാളികളെ ലഭിക്കാത്ത പ്രശ്നമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.
ചിത്രയുടെയും ദേവിയുടെയും അനുഭവം
ജോലാര്‍പേട്ടയില്‍ നിന്നുള്ള സഹോദരിമാരായ ചിത്രയും ദേവിയും വര്‍ഷങ്ങളായി പാലക്കാട് ജില്ലയിലാണ് തൊഴിലെടുക്കുന്നത്. ഇവര്‍ക്ക് നാട്ടില്‍ നെല്‍കൃഷിയുണ്ട്. ഇപ്പോള്‍ പ്രധാനമായും തദ്ദേശീയരായ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. രണ്ട് വര്‍ഷം നല്‍കിയിരുന്നതിനേക്കാള്‍ 100-150 രൂപ അധികമായി ദിവസവും കൂലി നല്‍കേണ്ടി വരുന്നു. ഭക്ഷണത്തിനും ചെലവുണ്ട്. രാവിലെ പത്തു മണി മുതല്‍ അഞ്ചു മണിവരെയാണ് പണി നടക്കുന്നത്. കൂലി ഉയര്‍ന്നതോടെ നാട്ടിലെ കൃഷി തുടരാനാവില്ലെന്ന് അവര്‍ പറയുന്നു. മഴയുടെ അളവ് വര്‍ധിച്ചതും അവിടെ കാര്‍ഷിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
Related Articles
Next Story
Videos
Share it