

നഗരത്തിലെ കടുത്ത ട്രാഫിക്ക് ബ്ലോക്ക് കുറയ്ക്കാന്‍ ബെംഗളൂരു ബിസിനസ് കോറിഡോര്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ യോഗം അനുമതി നല്കി. നഗരവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഈ പദ്ധതി. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. 117 കിലോമീറ്റര്‍ നീളുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ തിരക്കില്‍ 40 ശതമാനം കുറവു വരുമെന്നാണ് സര്‍ക്കാരിന്റെ വാദം.
ബെംഗളൂരുവിന്റെ ചരിത്രത്തിലെ വഴിത്തിരിവാകും ഈ പദ്ധതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അവകാശപ്പെട്ടു. ബെംഗളൂരു ശ്വാസംമുട്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍. ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും. 1,900 കുടുംബങ്ങളെ പദ്ധതി ബാധിക്കും. എന്നാല്‍ ഇവര്‍ക്കെല്ലാം അര്‍ഹമായ പരിഗണന നല്കി അവരെ മാറ്റി പാര്‍പ്പിക്കും-ശിവകുമാര്‍ വ്യക്തമാക്കി. മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ നഷ്ടപരിഹാരം നല്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിക്ക് 27,000 കോടി രൂപ ചെലവ് വരുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ സ്ഥലം നഷ്ടപ്പെടുന്ന കര്‍ഷകര്‍ നഷ്ടപരിഹാര തുകയ്ക്ക് പകരമായി മറ്റിടങ്ങളില്‍ സ്ഥലം കൈപ്പറ്റാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ 10,000 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ഏതെങ്കിലും സ്ഥലമുടമകള്‍ ഭൂമി വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചാല്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിവിധ നഷ്ടപരിഹാര പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരപരിധിയില്‍ നിന്ന് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഒക്ടോബര്‍ 2023 ലെ നിരക്കുകള്‍ അനുസരിച്ച്, നഗരപ്രദേശങ്ങളില്‍ മാര്‍ഗനിര്‍ദേശ മൂല്യത്തിന്റെ ഇരട്ടി തുകയും ഗ്രാമപ്രദേശങ്ങളില്‍ മൂന്നിരട്ടി തുകയും പണമായി നല്‍കും. താമസസ്ഥലങ്ങളില്‍ അര ഏക്കറില്‍ കൂടുതല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സമീപത്തുള്ള ലേ ഔട്ടുകളില്‍ വികസിപ്പിച്ച ഭൂമിയുടെ 40 ശതമാനം സര്‍ക്കാര്‍ നല്‍കും.
കോറിഡോര്‍ ട്രാഫിക് ലഘൂകരണത്തിനപ്പുറം വന്‍തോതില്‍ ഭൂമി വാണിജ്യ-വ്യവസായ ഉപയോഗത്തിന് തുറന്നു നല്‍കും. ഇത് ബെംഗളൂരുവിനെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. ഐടി ഹബ്ബിന് പുറമേ ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിങ് മേഖലകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine