വീടിന് മുന്നിൽ കാർ പാർക്ക് ചെയ്യാൻ വാർഷിക ഫീസ്: ബംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം വരുന്നു

ഹാച്ച്ബാക്കിന് 15,000 മുതൽ എസ്.യു.വിക്ക് 25,000 രൂപ വരെ വാർഷിക പാർക്കിംഗ് ഫീസ് നിർദ്ദേശിച്ച് ബംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം അവതരിപ്പിച്ചു
Bengaluru parking fee new rules 2026
പ്രതീകാത്മക ചിത്രംAI Generated Image
Published on

വീടിന് മുന്നിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്ന ബംഗളൂരു നിവാസികളിൽ നിന്ന് ഇനി വാർഷിക ഫീസ് ഈടാക്കാൻ നീക്കം. 'ഡ്രാഫ്റ്റ് ജി.ബി.എ (പാർക്കിംഗ്) റൂൾസ് 2026' [GBA (Parking) Rules - 2026] പ്രകാരം വാഹനങ്ങളുടെ തരം അനുസരിച്ച് പ്രതിവർഷം 25,000 രൂപ വരെ ഫീസ് ഈടാക്കാനാണ് നീക്കം. റോഡ് കൈയ്യേറ്റവും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാരാണ് പുതിയ നയം തയാറാക്കിയിരിക്കുന്നത്.

നിർദേശിക്കപ്പെട്ട ഫീസ് ഘടനയും ഉപാധികളും

ബം​ഗളൂരു കോർപറേഷൻ നിർദ്ദേശിക്കുന്ന പ്രധാന പാർക്കിംഗ് ഫീസ് വിവരങ്ങൾ:

  • ഹാച്ച്ബാക്ക് കാറുകൾ: പ്രതിവർഷം 15,000 രൂപ.

  • സെഡാൻ കാറുകൾ: പ്രതിവർഷം 20,000 രൂപ.

  • എസ്.യു.വി (SUV) കാറുകൾ: പ്രതിവർഷം 25,000 രൂപ.

പ്രധാന പാതകൾ (Arterial Roads) ഒഴികെയുള്ള അനുബന്ധ റോഡുകളിൽ നഗരസഭ പുറപ്പെടുവിക്കുന്ന നിർദ്ദിഷ്ട പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇനി വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. പെർമിറ്റില്ലാത്ത പാർക്കിംഗ് നിയമവിരുദ്ധമായി കണക്കാക്കി വാഹനങ്ങൾക്ക് പിഴ ഈടാക്കും.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം സ്വന്തമായി പാർക്കിംഗ് സൗകര്യമുള്ള കെട്ടിടങ്ങളിലെ നിവാസികൾക്ക് മാത്രമേ ഈ പെർമിറ്റ് ലഭ്യമാകൂ. സ്വന്തമായി പാർക്കിംഗ് സ്ഥലമില്ലാതെ നിർമ്മിച്ചിട്ടുള്ള വീടുകളിലെ നിവാസികൾക്ക് ഈ പെർമിറ്റിന് അർഹതയുണ്ടായിരിക്കില്ല.

പെർമിറ്റ് രീതിയും ഗതാഗത നിബന്ധനകളും

ആവശ്യക്കാരനായ വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത നിർദ്ദിഷ്ട വാഹനത്തിന് ഒരു വർഷത്തെ കാലാവധിയിലാണ് പെർമിറ്റ് നൽകുന്നത്. വാസസ്ഥലത്തിന് നടക്കാവുന്ന ദൂര പരിധിക്കുള്ളിലെ റോഡുകളിൽ മാത്രമേ പാർക്ക് ചെയ്യാൻ അനുമതിയുള്ളൂ.

ഗതാഗത തടസ്സം ഒഴിവാക്കാൻ റോഡിന്റെ വീതി അനുസരിച്ചുള്ള കർശന നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ റോഡുകളിൽ വാഹനം പാർക്ക് ചെയ്ത ശേഷവും ഗതാഗതത്തിനായി കുറഞ്ഞത് 4 മീറ്റർ വീതിയും കാൽനടയാത്രക്കാർക്കായി 1.8 മീറ്റർ വീതിയുള്ള നടപ്പാതയും ഒഴിച്ചിടണം. വലിയ റോഡുകളിൽ വാഹനങ്ങൾക്കായി 6 മീറ്റർ വീതി ഒഴിച്ചിടേണ്ടതുണ്ട്.

നഗരസഭാ വാർഡൻമാർക്കും ട്രാഫിക് പോലീസിനുമായിരിക്കും പരിശോധനാ ചുമതല. പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും എതിർപ്പുകളും അറിയിക്കാൻ കർണാടക സർക്കാർ നിലവിൽ അവസരം നൽകിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com