Begin typing your search above and press return to search.
ബംഗ്ലാദേശ് പ്രതിസന്ധി: ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് കോള്, പണി കിട്ടിയത് ഈ ബിസിനസുകള്‍ക്ക്
ബംഗ്ലാദേശിലെ ഭരണപ്രതിസന്ധി ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് നേട്ടമായപ്പോള്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ടി.വി.എസ് മോട്ടോര്‍ കമ്പനി എന്നിവരാണ് ബംഗ്ലാദേശ് ഇരുചക്ര വാഹന വിപണിയിലെ പകുതിയും കയ്യാളുന്നത്. പുതിയ സാഹചര്യത്തില്‍ രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പനയില്‍ 15-20 ശതമാനം വരെ കുറവുണ്ടാകും. ഈ വര്‍ഷം നാല് ലക്ഷത്തോളം യൂണിറ്റുകള്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യന്‍ ഇരുചക്ര നിര്‍മാണ കമ്പനികള്‍ കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ ചെറിയൊരു ശതമാനമാണ് ബംഗ്ലാദേശിലേക്കുള്ളത്. എന്നാലും പുതിയ പ്രതിസന്ധി കമ്പനികളുടെ മൊത്തം കയറ്റുമതിയെ സാരമായി ബാധിക്കാന്‍ പോന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയില്‍ കുറവുണ്ടായിരുന്നു. നിലവില്‍ ബംഗ്ലാദേശിലെ ഇരുചക്ര വാഹന വില്‍പ്പനയാകെ താറുമാറായിരിക്കുകയാണ്. സാമ്പത്തിക പ്രതിന്ധി, ഉയര്‍ന്ന നികുതി, വില തുടങ്ങിയ ഘടകങ്ങള്‍ മൂലം താഴേക്ക് നീങ്ങിയിരുന്ന വില്‍പ്പന സംവരണ പ്രക്ഷോഭം തുടങ്ങിയതോടെ സാരമായി കുറഞ്ഞു. ബംഗ്ലാദേശില്‍ ബജാജിന് 28 ശതമാനവും ഹീറോ മോട്ടോര്‍സിന് 17 ശതമാനവും ടി.വി.എസിന് 10 ശതമാനവും വിപണി വിഹിതമാണുള്ളത്.
ചെറുകിട സംരംഭകര്‍ക്കും പണി
തേയില, കോഫി, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുമ്പോള്‍ റെഡിമെയ്ഡ് തുണിത്തരങ്ങള്‍, തുകല്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവ ബംഗ്ലാദേശില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തിരിച്ചടിയാണ് ബംഗ്ലാദേശിലെ ഭരണ പ്രതിസന്ധി.
ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് നേട്ടം
വിദേശരാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം 4,000 കോടി ഡോളറിന്റെ തുണിത്തരങ്ങള്‍ ബംഗ്ലാദേശും 1,500 കോടി ഡോളറിന്റേത് ഇന്ത്യയും കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശ് വിപണിയിലെ വിശ്വാസം നഷ്ടപ്പെടുമെന്നും ഇത് ഓര്‍ഡറുകള്‍ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് വഴിവയ്ക്കുമെന്നുമാണ് വിലയിരുത്തല്‍. ബംഗ്ലാദേശില്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റാനും സാധ്യതയുണ്ട്. എന്നാല്‍ ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയെയും ബാധിക്കുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
Next Story
Videos