

ചില ഓഹരി നിക്ഷേപങ്ങള്‍ അങ്ങനെയാണ്, ദീര്‍ഘകാലം കാത്തിരുന്നാല്‍ പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും അതിന്റെ ലാഭവിഹിതം ലഭിക്കുന്നത്. ഓഹരി വിപണിയിലെ അതികായന്‍ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ 1988 മുതല്‍ നടത്തിയ ഒരു നിക്ഷേപത്തിനും പറയാനുള്ളത് സമാനമായ ഒരു കഥയാണ്. ഈ കമ്പനിയിലെ നിക്ഷേപത്തിന് ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേക്ക് ഓരോ മിനിറ്റിലും ലഭിക്കുന്നത് ശരാശരി 1,550 ഡോളര്‍ (ഏകദേശം 1.33 ലക്ഷം രൂപ) വീതമാണെന്ന് കണക്കുകള്‍ പറയുന്നു. ഇനി ഏതാണ് ആ കമ്പനിയെന്നല്ലേ, ലോകത്തിന്റെ എല്ലായിടത്തും വില്‍ക്കപ്പെടുന്ന സാക്ഷാല്‍ കൊക്കക്കോള തന്നെ.
കൊക്കക്കോളയില്‍ 40 കോടി ഓഹരികളാണ് ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേക്കുള്ളത്. പ്രതിവര്‍ഷം ലാഭവിഹിതമായി ലഭിക്കുന്നത് 81.6 കോടി ഡോളര്‍ (ഏകദേശം 7,000 കോടി രൂപ). ഒന്നുകൂടി ലളിതമാക്കിയാല്‍ ഓരോ ദിവസവും ലഭിക്കുന്നത് 22 ലക്ഷം ഡോളര്‍ (ഏകദേശം 18 കോടി രൂപ). ഓരോ മണിക്കൂറിലും 93,150 ഡോളറും ഓരോ മിനിറ്റിലും 1,550 ഡോളര്‍ ലഭിക്കുമെന്നും കണക്കുകള്‍ പറയുന്നു. ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ നിക്ഷേപിച്ചാല്‍ വലിയ പണിയൊന്നും എടുക്കാതെ വരുമാനം വന്നുകൊണ്ടിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം.
1987ലെ വിപണി ഇടിവിന് പിന്നാലെ 1988 മുതലാണ് വാറന്‍ ബഫറ്റ് കൊക്കക്കോള ഓഹരികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് 1994വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ഘട്ടങ്ങളായി ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ നിക്ഷേപിച്ചത് 130 കോടി ഡോളര്‍. കൊക്കക്കോളയുടെ ഏഴ് ശതമാനം വിഹിതമാണിത്. 'ബൈ ആന്‍ഡ് ഹോള്‍ഡ്' (വാങ്ങുക കാത്തിരിക്കുക) എന്ന വാറന്‍ ബഫറ്റിന്റെ സിദ്ധാന്തം അതേപടി പകര്‍ത്തിയ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ ഇക്കാലമായിട്ടും കൊക്കക്കോളയിലെ ഒരു ഓഹരി പോലും വിറ്റിട്ടില്ല. 130 കോടി ഡോളറിന് വാങ്ങിയ ഓഹരികളുടെ വില ഇന്ന് പതിന്മടങ്ങ് വര്‍ധിച്ചു. ഓരോ വര്‍ഷവും ലഭിച്ച ലാഭവിഹിതം വേറെയും.
ആഗോള ബ്രാന്‍ഡെന്ന നിലയില്‍ വളരാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ബഫറ്റ് കൊക്കക്കോളയില്‍ നിക്ഷേപിച്ചത്. എതിരാളികള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയാത്ത സാമ്പത്തിക കോട്ടയാണ് കൊക്കക്കോളയെന്നാണ് അദ്ദേഹം ഒരിക്കല്‍ കമ്പനിയെ വിശേഷിപ്പിച്ചത്. കമ്പനിയുടെ ലാളിത്യം, ഉറപ്പായ ലാഭം, നിക്ഷേപകര്‍ക്ക് പ്രാധാന്യം നല്‍കുന്ന മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളും അദ്ദേഹത്തെ ഈ നിക്ഷേപത്തിന് പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ കൊക്കക്കോളയുടെ വലിയ ആരാധകന്‍ കൂടിയാണ് താനെന്നും ബഫറ്റ് പറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും അഞ്ച് കുപ്പി കൊക്കക്കോളയെങ്കിലും താന്‍ കുടിക്കാറുണ്ടെന്നും ബഫറ്റ് പറയുന്നു.
Coca-Cola investment
ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് വാറന്‍ ബഫറ്റ് നല്‍കുന്ന ഏറ്റവും വലിയ പാഠമാണിത്. മനസിലാകുന്ന മേഖലയില്‍ നിക്ഷേപിക്കുക, അതിന് വളരാനുള്ള സമയം കൊടുക്കുക. ട്രെന്‍ഡുകള്‍ക്കും വിവാദങ്ങള്‍ക്കും പുറകെ പോകാതെ ശരിയായ രീതിയില്‍ നിക്ഷേപിക്കുക.
Berkshire Hathaway’s 400 million Coca‑Cola shares now deliver about $816 million a year – roughly $93,150 every hour – in passive dividend income.
Read DhanamOnline in English
Subscribe to Dhanam Magazine