

ഓണ്‍ലൈനിലൂടെ മദ്യം വാങ്ങാന്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബെവ്കോ പുറത്തിറക്കിയ ബെവ് ക്യു ആപ്പിന് ബദലായി മറ്റൊരു ആപ്പ് കൂടി ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടെന്ന് പലരും കണ്ടെത്തി. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബെവ് ക്യു എന്ന ആപ്പിന്റെ വ്യാജനായിരുന്നു ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പ്രചരിച്ചത് എന്നതാണ് അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇത് അന്വേഷിക്കാനൊരുങ്ങുന്നുവെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചത്.
വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മുതലാണ് ബെവ് ക്യു ആപ്പ് പ്ലേ സ്‌റ്റോറില്‍ ഡൗണ്‍ലോഡ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇത് പലര്‍ക്കും സാധ്യമാകാതെയും വന്നിരുന്നു. പരിചയമില്ലാത്ത പലരും വ്യാജനെയും ഡൗണ്‍ലോഡ് ചെയ്തു.
ഇതിനെത്തുടര്‍ന്ന് ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ ആപ്പ് നിര്‍മിച്ചവര്‍ക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine