

ലക്ഷദ്വീപിലേക്ക് ബിയറും മദ്യവും കയറ്റി അയക്കാന്‍ ബവ്റിജസ് കോർപറേഷന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. മദ്യനിരോധനം നിലനിൽക്കുന്ന പ്രദേശമായിരുന്നു അടുത്ത കാലം വരെ ലക്ഷദ്വീപ്.
എന്നാൽ കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തുകയായിരുന്നു. ബിൽ നിലവിൽ വരുന്നതോടെ 1979 ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.
ടൂറിസം വളര്‍ച്ച ലക്ഷ്യം
ലക്ഷദ്വീപില്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിനെ സമീപിച്ചത്. ഇതേക്കുറിച്ച് പഠിച്ച ശേഷം എക്‌സൈസ് കമ്മീഷണറാണ് മദ്യം നല്‍കാമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമാണ് നിലവിൽ മദ്യം നല്‍കുന്നത്. കവരത്തി, മിനിക്കോയ്, കടമം ദ്വീപുകളിലേക്ക് കൂടി മദ്യ ലഭ്യത വ്യാപിപ്പിക്കാൻ 2021ൽ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നടന്നില്ല. എന്നാലിപ്പോൾ ദ്വീപിലെ എല്ലായിടത്തും മദ്യം എത്തിക്കാനുളള ശ്രമങ്ങളാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം നടത്തുന്നത്.
മദ്യം നല്‍കാന്‍ സർക്കാരിന്റെ പ്രത്യേക ഉത്തരവ്
കേരളത്തിൽ നിന്ന് വലിയ തോതിൽ ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം മദ്യം വാങ്ങുന്നത്. പൂർണമായും കേരളസർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ബെവ്കോ.
വിദേശ മദ്യവും ബിയറും വാങ്ങുന്നതിനും വിൽക്കുന്നതിനും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ബെവ്കോയെയാണ്. അബ്കാരി ചട്ടത്തിൽ ബെവ്ക്കോയ്ക്ക് മറ്റൊരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ നേരിട്ട് മദ്യവിൽപ്പനയ്ക്ക് അനുമതിയില്ല. അതിനാലാണ് സർക്കാര്‍ പ്രത്യേക ഉത്തരവ് നല്‍കിയിരിക്കുന്നത്.
ലക്ഷദ്വീപിലെ സര്‍ക്കാര്‍ ടൂറിസം ഏജന്‍സിയായ സ്‌പോര്‍ട്സിനാണ് അനുമതി ലഭിച്ചത്. ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന നടപടിയായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗമായിരിക്കും ആദ്യഘട്ടത്തില്‍ മദ്യം ലക്ഷദ്വീപില്‍ എത്തിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine