

കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ വെബ്‌സൈറ്റിന്റെ പേരിലും ഡിജിറ്റല്‍ തട്ടിപ്പുകാരുടെ വിളയാട്ടം. നിങ്ങളുടെ വാഹനത്തിന് പിഴയടിച്ചിട്ടുണ്ടെന്നും പണം ഓണ്‍ലൈനായി അടക്കണമെന്നുമുള്ള മൊബൈല്‍ സന്ദേശം വന്നാല്‍ കണ്ണടച്ചു വിശ്വസിക്കരുത്. അതിന് പിന്നില്‍ ഡിജിറ്റല്‍ തട്ടിപ്പുകാരുടെ കൈകളുണ്ടാകാം. ചെറിയ തുക പിഴയടപ്പിച്ച് അതുവഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുന്നതാണ് രീതി.
തൃക്കാക്കര സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ടത് അര്‍ധ രാത്രി മൊബൈലില്‍ എത്തിയ ഒരു സന്ദേശത്തിലൂടെയാണ്. അദ്ദേഹത്തിന്റെ കാറ് ഗതാഗത ലംഘനം നടത്തിയതായും ഉടനെ പിഴയടക്കണമെന്നുമാണ് പരിവാഹന്‍ സൈറ്റിന്റെ പേരില്‍ ലഭിച്ച സന്ദേശം. വാഹനം കസ്റ്റഡിയിലാണെന്നും വിട്ടുകിട്ടാന്‍ 1,000 രൂപ പിഴയടക്കണമെന്നും എസ്എംഎസിലൂടെയാണ് ആവശ്യപ്പെട്ടത്. അതോടൊപ്പം പണമടക്കാനുള്ള ഡിജിറ്റല്‍ ലിങ്കും ഉണ്ടായിരുന്നു.
മകന്‍ കാറുമായി വിനോദ യാത്ര പോയിരുന്നതിനാല്‍ കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം പിഴയടച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു തവണകളായി അക്കൗണ്ടില്‍ നിന്ന് 98,500 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ഉറപ്പായത്. തുടര്‍ന്ന് സൈബര്‍ പോലീസില്‍ പരാതി നല്‍കി.
പരിവാഹന്‍ സംവിധാനത്തിന്റെ ലോഗോ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പകര്‍ത്തി വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിപ്പില്‍ കുടങ്ങാതിരിക്കാന്‍ പരിവാഹന്‍ ഇ-ചലാന്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കണം. മെസേജുകള്‍ വഴി പിഴയടക്കാന്‍ ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥ വെബ്‌സൈറ്റായ https://echallan.parivahan.gov.in വഴി പരിശോധിക്കണം. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വൈബ് സൈറ്റുകള്‍ക്ക് gov.in ഉണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാര്‍ത്ഥ ഇ ചലാനില്‍ ബന്ധപ്പെട്ട വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, എഞ്ചിന്‍, ചേസിസ് നമ്പരുകള്‍ ഉണ്ടാകും. മെസേജുകളില്‍ പറയുന്ന വിവരങ്ങള്‍ യഥാര്‍ത്ഥമാണോ എന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാനും സംവിധാനമുണ്ട്.
വ്യക്തിപരവും സാമ്പത്തികവുമായി വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നും പരിശോധിക്കണം. ഗതാഗത വകുപ്പ് ഓഫീസുകളില്‍ നിന്ന് ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടാറില്ല. സംശയകരമായ സന്ദേശങ്ങളില്‍ ബന്ധപ്പെട്ട ട്രാഫിക് ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്
Read DhanamOnline in English
Subscribe to Dhanam Magazine