

ഒരു കാലത്ത് സര്‍ക്കാര്‍ ജോലിയോ സ്ഥിര വരുമാനമുള്ള ഒരു ജോലിയോ കിട്ടിയാല്‍ ജീവിതം സുരക്ഷിതമാണെന്നായിരുന്നു മലയാളികളുടെ വിശ്വാസം. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി വിദേശ ക്ലയന്റുകള്‍ക്ക് കോഡിംഗ് ചെയ്യുന്നു. ബാങ്ക് ഉദ്യോഗസ്ഥന്‍ യൂട്യൂബ് ചാനല്‍ നടത്തുന്നു. അധ്യാപിക ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ എടുക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ കണ്ടന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. ആകെ മൊത്തം തൊഴില്‍ രീതികളില്‍ മാറ്റം വന്നിരിക്കുന്നു.
പ്രധാന ജോലിക്കൊപ്പം മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്തുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. കോര്‍പ്പറേറ്റ് ലോകം ഇതിനെ 'മൂണ്‍ലൈറ്റിംഗ്' എന്ന് വിളിക്കുമ്പോള്‍, യുവതലമുറ 'സൈഡ് ഹസില്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. വരുമാനം കൂട്ടാനുള്ള ശ്രമം മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള ആശങ്കയും ജീവിതശൈലിയിലെ മാറ്റവുമാണ് ഈ പുതിയ തൊഴില്‍ സംസ്‌കാരത്തിന് പിന്നില്‍.
പത്തനംതിട്ട സ്വദേശിയായ വിവേക് ഉദയന്‍ (ശരിയായ പേരല്ല) കൊച്ചിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഐടി സെക്ഷനിലാണ് ജോലി ചെയ്യുന്നത്. രാവിലെ 8.30ഓടെ ജോലിക്കെത്തുന്ന വിവേക് വൈകുന്നേരം 4.30ഓടെ ഓഫീസ് വിടുന്നു. ഓഫീസ് ജോലി കഴിഞ്ഞാല്‍ ഈ ചെറുപ്പക്കാരന്‍ അടുത്ത ജോലിയിലേക്ക് കടക്കുകയാണ്. സുഹൃത്തുമൊത്ത് കൊച്ചിയിലെ പ്രധാന ഇടറോഡുകളിലൊന്നില്‍ തട്ടുകട നടത്തുകയാണ്. വൈകുന്നേരം ഏഴിന് തുടങ്ങുന്ന തട്ടുകട രാത്രി 11 മണിയോടെ അവസാനിപ്പിക്കും. അതിനുശേഷം വീട്ടിലേക്ക് മടക്കം. ഭാര്യ ഐടി ഫീല്‍ഡാണെങ്കിലും കുട്ടി ജനിച്ചതിനാല്‍ നിലവില്‍ ജോലിക്ക് പോകുന്നില്ല.
കൊച്ചി പോലൊരു നഗരത്തില്‍ ഒരാളുടെ വരുമാനം മാത്രം ആശ്രയിച്ച് കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് വെല്ലുവിളിയാണെന്ന് വിവേക് പറയുന്നു. 'കുഞ്ഞ് കൂടി എത്തിയതോടെ സാമ്പത്തിക ആവശ്യങ്ങള്‍ വര്‍ധിച്ചു. അപ്പോഴാണ് തട്ടുകട കുടുംബത്തിന്റെ രണ്ടാമത്തെ വരുമാന സ്രോതസായി മാറിയത്. ഇന്ന് ആ വരുമാനം ജീവിതചെലവുകള്‍ താളം തെറ്റാതെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ആദ്യമൊക്കെ ഉറക്കക്കുറവും ക്ഷീണവും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതെല്ലാം ശീലമായി,' വിവേക് ചിരിച്ചുകൊണ്ട് പറയുന്നു.
ഇത് കേവലമൊരു വിവേകിന്റെ മാത്രം കാര്യമല്ല. മറ്റ് ജില്ലകളില്‍ നിന്നെത്തി കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം താമസിക്കുന്ന പലരും ഇത്തരത്തിലാണ് അധികവരുമാനം കണ്ടെത്തുന്നത്. കൊച്ചിയില്‍ യൂബര്‍ ബൈക്ക് ടാക്‌സി ഓടിക്കുന്ന കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഇക്ബാലിനെ കണ്ടുമുട്ടിയത് എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ്. എന്റെ റൂമിലേക്കുള്ള യാത്രയില്‍ സാരഥിയായപ്പോഴാണ് 22 വയസുകാരനായ ഇക്ബാല്‍ തന്റെ കഥപറയുന്നത്.
ഇക്ബാലിന് പകല്‍ മറൈന്‍ഡ്രൈവിലുള്ള മൊബൈല്‍ ഷേപ്പിലാണ് ജോലി. രാത്രിയില്‍ ചെറിയ വിശ്രമമൊക്കെ കഴിഞ്ഞ പത്തുമണിയോടെ യൂബര്‍ ഓടാന്‍ ഇറങ്ങും. മഴയും മറ്റ് കാര്യങ്ങളെല്ലാം അനുസരിച്ച് മൂന്നുമണി വരെ എങ്കിലും ഓടുമെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. പിന്നെ പോയി കിടന്ന് ഉറങ്ങി രാവിലെ പത്തുമണിയോടെ ഷോപ്പിലെത്തി പതിവ് ജോലികളില്‍ മുഴുകും.
വിവേകും ഇക്ബാലുമൊന്നും ഒറ്റപ്പെട്ട കഥാപാത്രങ്ങളല്ല. ഇത്തരത്തില്‍ ഒന്നിലേറെ ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നവര്‍ ഏറെയാണ്. ഓണ്‍ലൈന്‍ ജോലികള്‍ വര്‍ധിച്ചത് പാര്‍ട്ട്‌ടൈം ജോലികളുടെ സാധ്യതകളും കൂട്ടിയിട്ടുണ്ട്. അധ്യാപന ജോലിക്കു ശേഷം ഓണ്‍ലൈന്‍ ട്യൂഷനെടുക്കുന്നവരും പതിവ് ജോലിക്കൊപ്പം തങ്ങളുടെ കഴിവുകള്‍ വരുമാന മാര്‍ഗമാക്കി മാറ്റുന്നവരും നമുക്ക് ചുറ്റും ഏറെയാണ്.
കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ന്ന ജീവിതച്ചെലവ്. ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ചികിത്സയും വിദ്യാഭ്യാസവും വരെ എല്ലാത്തിന്റെയും ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊപ്പം വീടിനും വാഹനത്തിനുമുള്ള ഇഎംഐകളും കുടുംബബജറ്റിനെ സമ്മര്‍ദത്തിലാക്കുന്നു.
പല സ്വകാര്യ കമ്പനികളിലും വാര്‍ഷിക ശമ്പള വര്‍ധന ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയതോടെ അധിക വരുമാനത്തിനായുള്ള അന്വേഷണം ശക്തമായി. ഒരുകാലത്ത് കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായിരുന്ന ശമ്പളം ഇന്ന് അടിസ്ഥാന ചെലവുകള്‍ പോലും താങ്ങാന്‍ പ്രയാസപ്പെടുന്ന സാഹചര്യമാണ് പലര്‍ക്കും.
ആഗോള ഐടി മേഖലയിലെ പിരിച്ചുവിടലുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്ന തൊഴില്‍മാറ്റങ്ങളും ജീവനക്കാരില്‍ പുതിയ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ പോലും 'നാളെ ജോലി ഉണ്ടാകുമോ?' എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാത്ത സാഹചര്യത്തിലാണ്. ഒരു ഇന്‍ഷുറന്‍സ് പോളിസി പോലെയാണ് പലരും രണ്ടാമത്തെ വരുമാനമാര്‍ഗത്തെ കാണുന്നത്. പ്രധാന ജോലി നഷ്ടപ്പെട്ടാലും സാമ്പത്തികമായി തകരാതെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന സുരക്ഷാ കവചമായി സൈഡ് ഹസിലുകള്‍ മാറുന്നു.
കോവിഡിന് ശേഷം വ്യാപകമായ വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് ജോലി രീതികള്‍ മൂണ്‍ലൈറ്റിംഗിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി. ദിവസവും മണിക്കൂറുകള്‍ യാത്രയ്ക്കായി ചെലവഴിക്കേണ്ട സാഹചര്യം കുറഞ്ഞതോടെ അധിക സമയം ലഭിച്ചു.
ഈ സമയം ചിലര്‍ പുതിയ കഴിവുകള്‍ വികസിപ്പിക്കാനും ചിലര്‍ വരുമാനമുണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയും ഇതിന് സഹായകമായി. കേരളത്തില്‍ നിന്ന് ഇരുന്നുകൊണ്ട് അമേരിക്കയിലെയും യൂറോപ്പിലെയും ക്ലയന്റുകള്‍ക്കായി ജോലി ചെയ്യാന്‍ ഇന്ന് സാധിക്കുന്നു.
മൂണ്‍ലൈറ്റിംഗ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഐടി മേഖലയിലാണ്. വെബ് ഡെവലപ്‌മെന്റ്, ആപ്പ് ഡെവലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
അധ്യാപകരും വിദ്യാഭ്യാസ മേഖലയിലെ പ്രൊഫഷണലുകളും ഓണ്‍ലൈന്‍ ട്യൂഷന്‍, എഡ്-ടെക് പ്ലാറ്റ്‌ഫോമുകളിലെ പരിശീലനം, മത്സരപരീക്ഷ കോച്ചിംഗ് എന്നിവയിലൂടെ അധിക വരുമാനം കണ്ടെത്തുന്നു.
അധിക വരുമാനം നല്‍കുന്നുവെങ്കിലും സൈഡ് ജോലികള്‍ ദീര്‍ഘകാലയളവില്‍ അത്ര സുഖകരമായിരിക്കില്ല. നീണ്ട ജോലി സമയം, കുടുംബത്തിനായി ചെലവിടുന്ന സമയം കുറയുക, മാനസിക സമ്മര്‍ദം, ബേണ്‍ഔട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട്. ചിലര്‍ക്ക് ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കുമ്പോള്‍ മറ്റുചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജോലിയിലെ പ്രകടനക്കുറവിനും കാരണമാകുന്നു.
സ്ഥിര ജോലിക്കൊപ്പം ഒന്നിലധികം വരുമാന സ്രോതസുകള്‍ സൃഷ്ടിക്കുന്നതിനെ കേരളത്തിലെ പുതു തലമുറ സാമ്പത്തിക സുരക്ഷയുടെ ഭാഗമായി കാണുന്നു. എന്നാല്‍ അധിക വരുമാനത്തിനായുള്ള ഈ ഓട്ടത്തില്‍ തൊഴില്‍ കരാറുകളും നിയമപരമായ ബാധ്യതകളും ആരോഗ്യവും കുടുംബജീവിതവും അവഗണിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. കാരണം, രണ്ടാമത്തെ ജോലി സാമ്പത്തിക സുരക്ഷ നല്‍കുമെങ്കിലും ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തരുത്.
Read DhanamOnline in English
Subscribe to Dhanam Magazine