പരമ്പരാഗത ബാങ്കിംഗ് രീതികള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറിയതെങ്ങനെയെന്ന് വിശദീകരിച്ച് റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.കെ ഡാഷ്. ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ ബാങ്കിംഗ് വ്യവസായത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ വളര്‍ന്നതോടെ ബാങ്കിംഗിന് ബാങ്കുകള്‍ ആവശ്യമല്ലാതാകുമെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. സാമ്പത്തിക സേവനങ്ങള്‍ ഫിന്‍ടെക്കുകള്‍ക്ക് വഴിമാറുമെന്നും ചിലര്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാറിയ സാഹചര്യത്തില്‍ ബാങ്കിംഗ് നിയന്ത്രണ നയങ്ങള്‍ രൂപീകരിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. ബാങ്കിംഗ് രംഗത്തെ നിയന്ത്രണങ്ങള്‍ കേരളത്തിലെ ആയുര്‍വേദം പോലെ സംവിധാനങ്ങളെ അതിനുള്ളില്‍ നിന്ന് തിരുത്താന്‍ സഹായിക്കുന്നവയാണ്. ബാങ്കിംഗ് റെഗുലേഷനുകള്‍ ഒരിക്കലും ഫിന്‍ടെക്കുകള്‍ക്കെതിരല്ല. ബാങ്കുകളും ഫിന്‍ടെക്കുകളും പരസ്പരം മത്സരിക്കേണ്ടവയല്ല, മറിച്ച് ഒരുമിച്ച് മുന്നോട്ടുപോകേണ്ടവയാണ്. ഇരുരംഗവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക വിപണിയെ വിപുലീകരിക്കാനും ഈ രംഗത്തെ വിശ്വാസ്യത വര്‍ധിപ്പിക്കാനും എല്ലാവര്‍ക്കും ഗുണമുണ്ടാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ ലഘൂകരിക്കുകയും ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുകയും ചെയ്തതായും ഡാഷ് കൂട്ടിച്ചേര്‍ത്തു.
90 കളില്‍ വന്‍കിട ഐ.ടി കമ്പനികളാണ് ബി.എഫ്.എസ്.ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്) എന്ന ചുരുക്കപ്പേര് സൃഷ്ടിച്ചത്. ഈ രംഗത്തെ ഡിജിറ്റല്‍ വത്കരണത്തിനാണ് 2010കള്‍ സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നിരവധി ബി.എഫ്.എസ്.എ സമ്മിറ്റുകളും തുടങ്ങി. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സോഷ്യോ-കൊമേഷ്യല്‍ ബാങ്കിംഗ് രീതികളിലാണ് നടപ്പിലാക്കിയത്. വാണിജ്യ ബാങ്കുകളെന്ന വിശേഷണമുണ്ടെങ്കിലും അതിന്റെയൊക്കെ ഉള്ളു ചികഞ്ഞാല്‍ ജനോപകാര പ്രദമായ പല കാര്യങ്ങളും കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിംഗ് ആസ് എ സര്‍വീസ് (BaaS) സംവിധാനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. ലൈസന്‍സ് ബാങ്കുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഈ രംഗത്തേക്ക് കടന്നുവരുന്ന നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കേണ്ട വെല്ലുവിളികളും തിരിച്ചറിയേണ്ടതുണ്ട്. ബാങ്കുകളും വിപണിയധിഷ്ഠിത സംവിധാനങ്ങളും മേഖലയിലെ ഏറ്റവും ചെറിയ മാറ്റങ്ങളില്‍ പോലും പരസ്പര ബഹുമാനം ശീലിക്കണം. വായ്പാ സ്രോതസുകളുടെ കാര്യത്തില്‍ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നത് ഇതിനൊരു ഉത്തരമാണ്. വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാകുന്ന ഒരു സാമ്പത്തിക രംഗത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഒരു മാര്‍ഗം. ബാങ്കിംഗ് രംഗത്തേക്ക് കാപിറ്റല്‍ ഫ്‌ളോ കുറയുന്ന പ്രവണത കാണുന്നത് ഈ രംഗത്തെ ദീര്‍ഘകാലത്തേക്കുള്ള നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കക്ക് കാരണമാകും. ബാങ്കിംഗ് രംഗത്തെ നിയന്ത്രണങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതും സോഷ്യോ-കൊമേഷ്യല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാകണമെന്നും അദ്ദേഹം വിശദീകരിച്ചു.
കൊച്ചി ലെ മെറിഡിയനില്‍ രാവിലെ ആരംഭിച്ച ബി.എഫ്.എസ്.ഐ സമ്മിറ്റ് തുടരുകയാണ്. ബാങ്കിംഗ്, ഓഹരി വിപണി, മറ്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് മേഖലകളിലെ സാങ്കേതികവും പ്രായോഗികവുമായ അറിവുകളുടെ പങ്കുവെക്കലുകളാണ് സമ്മിറ്റില്‍ പ്രധാനമായി നടക്കുന്നത്. നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങളും സമ്മിറ്റിലുണ്ട്. കെ വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറും ധനം ബിഎഫ്എസ്‌ഐ സമിറ്റ് ഉപദേശക സമിതി അധ്യക്ഷനുമായ എ ഗോപാലകൃഷ്ണന്റെ സ്വാഗത പ്രസംഗത്തോടെയാണ് പ്രഭാഷണങ്ങള്‍ക്ക് തുടക്കമായത്.