Top

നാളെ നടക്കുന്ന ഭാരത് ബന്ദ് കേരളത്തില്‍ സമ്പൂര്‍ണമാകില്ല?

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി നാളെ ഭാരത് ബന്ദ് പ്രഖ്യാപനം നേരത്തെ തന്നെ വന്നിരുന്നു. ഭാരത് ബന്ദ് സമ്പൂര്‍ണ്ണമായിരിക്കുമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യ സര്‍വീസുകള്‍ ഒഴികേയുള്ള എല്ലാ വിധ വാഹനഗതാഗവും ദേശീയതലത്തില്‍ തടയുമെന്നും കര്‍ഷകര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 34 കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യമൊട്ടാകെയുള്ള വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ബന്ദ് പൂര്‍ണമായിരിക്കുമെന്ന് പറയാനാകില്ല.

കേരളത്തില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബദല്‍ സമര മാര്‍ഗങ്ങല്‍ തീരുമാനിക്കുമെന്നാണ് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി എന്‍ ബാലഗോപാല്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി എന്നിവര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ആവശ്യ വാഹനങ്ങളും അത്യാവശ്യ വാഹനങ്ങളും നിരത്തിലിറങ്ങിയേക്കും. കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷരെ പിന്തുണച്ചു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ സമരവേദിയിലെയിരുന്നു. നാളെ നടക്കുന്ന ഭാരത് ബന്ദിനും കെജ്രിവാള്‍ ഐക്യാര്‍ഢ്യം പ്രഖ്യാപിച്ചു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എംഎല്‍. ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഡിഎംകെ. നേതാവ് എം.കെ. സ്റ്റാലിന്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ എന്‍ഡിഎയുടെ ഘടകകക്ഷി ആര്‍എല്‍പിയും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.

ബിഎസ്പിയും എസ്പിയും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് എസ്പി നേതാവ് അഖിലേഷ് യാദവ് നടത്തിയ കിസാന്‍ യാത്ര ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. അഖിലേഷ് കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കനൗജിലേക്ക് പോകുന്നത് തടയാനായി അദ്ദേഹത്തിന്റെ ലക്‌നൗവിലെ വസതിക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഷകര്‍ നമ്മുടെ അന്നം തരുന്ന സൈനികരാണെന്നും അവരുടെ ഭയത്തെ ലഘൂകരിച്ചേ മതിയാകുവെന്നുമായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. തെരുവില്‍ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ക്ക് തണുപ്പിനെ അതിജീവിക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഗായകന്‍ ദില്‍ജിത് സിങ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രീതി സിന്റ, റിതേഷ് ദേശ്മുഖ്, റിച്ച, ഹന്‍സല്‍ മേത്ത എന്നിവരും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

അപ്ഡേറ്റ് :

മാര്‍ക്കറ്റുകളും ചരക്കുനീക്കവും തടസ്സമാകില്ലെന്ന് ദേശീയ സംഘടനകള്‍

നാളെ നടത്താനിരിക്കുന്ന ഭാരത് ബന്ദില്‍ നിന്നും രാജ്യത്തെ പ്രധാന മാര്‍ക്കറ്റുകളെ ഒഴിവാക്കിയിട്ടുള്ളതായി ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എഐടിഡബ്ല്യുഎ )തിങ്കളാഴ്ച അറിയിച്ചു. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചരക്കു നീക്കത്തിനും ഗതാഗതത്തിനും തടസ്സങ്ങളുണ്ടാകില്ലെന്നും എഐടിഡബ്ല്യുഎ വ്യക്തമാക്കി. ദേശീയ തലത്തിലെ വാണിജ്യ മാര്‍ക്കറ്റുകളും വ്യാപാരികളും പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും(സിഎഐടി) അറിയിച്ചു. ഇതിനോടകം യാതൊരു കര്‍ഷക സംഘടനകളും തങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല, അതിനാല്‍ തന്നെ എട്ടാം തീയതി നടക്കുന്ന ബന്ദില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സിഎഐടി പ്രസിഡന്റ് ബിസി ഭാര്‍തിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, പ്രദീപ് സിംഗള്‍, മഹേന്ദ്ര ആര്യ എന്നിവരും എഐടിഡബ്ല്യുഎ പ്രസിഡന്റും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കടകള്‍ പ്രവര്‍ത്തിക്കുകയും ചരക്കു നീക്കം സുഗമമായി നടക്കുകയും ചെയ്യും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it