നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കുമോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

ഇന്ധന വില വര്‍ധന, ജി എസ് ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി എ ഐ ടി). ഓള്‍ ഇന്ത്യ ട്രാന്‍സ്പോട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. വാഹനബന്ദും കടകള്‍ അടച്ചുള്ള പ്രതിഷേധവും ഇവര്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും കേരളത്തില്‍ ബന്ദ് ബാധിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ധന വിലവര്‍ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് സി എ ഐ ടി അറിയിച്ചതെങ്കിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇതുവരെ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. വിട്ടുനില്‍ക്കുമെന്ന് എറണാകുളം ജില്ലാ പ്രതിനിധികള്‍ വ്യക്തമാക്കി. കേരളത്തില്‍നിന്നുള്ള ട്രാന്‍സ്‌പോര്‍ട് സംഘടനകളൊന്നും തന്നെ പണിമുടക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ലോറി ഓണേഴ്‌സ് ഫെഡറേഷനും പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സംഘടനകള്‍ പണി മുടക്ക് സൂചന നല്‍കാത്തതിനാല്‍ തന്നെ കേരളത്തിലങ്ങോളമിങ്ങോളം ബന്ദ് അസാധ്യമായിരിക്കും.
ഉത്തരേന്ത്യയില്‍ ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവായിരിക്കും. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താനും വ്യാപാര സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ ഐ എം ടി സി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഭാരത് ബന്ദ് അപൂര്‍ണമാകാനാണ് സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍.


Related Articles
Next Story
Videos
Share it