ഭാരത് നമ്പര്‍ പ്ലേറ്റ് ആര്‍ക്കൊക്കെ നേടാം? അപേക്ഷിക്കുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ഒരു സംസ്ഥാനത്ത് നിന്ന് ജോലിക്കായോ മറ്റോ കുറച്ചധികം നാളത്തേക്ക് മാറേണ്ടി വരുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന രു കാര്യമാണ് വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍. ഇതൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് ഭാരത് സീരീസ് (ബി.എച്ച്) നമ്പര്‍ പ്ലേറ്റുകള്‍. 2021 ഓഗസ്റ്റിലാണ് ഭാരത് സീരീസ് അവതരിപ്പിച്ചത്.

കേരളത്തിലെ വാഹനങ്ങള്‍ക്ക് നമ്പര്‍പ്ലേറ്റില്‍ കെ.എല്‍ എന്ന് ഉപയോഗിക്കുന്നത് പോലെ ഇന്ത്യയൊട്ടാകെ ബി.എച്ച് രജിസ്‌ട്രേഷന്‍ ഉപയോഗിക്കാമെന്നതാണ് ഗുണം. നിലവില്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം പരമാവധി 12 മാസമാണ് മറ്റൊരു സംസ്ഥാനത്ത് തുടരാനാകുക. പിന്നീട് തുടരണമെങ്കില്‍ ആ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണം. വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടി വരുന്നത് വലിയ സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇത് ഒഴിവാക്കുകയാണ് ബി.എച്ച്
പ്ലേ
റ്റുകള്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവരുടെ രജിസ്‌ട്രേഷനായാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഭാരത് സീരീസ് അവതരിപ്പിച്ചത്. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും വാഹനത്തിന് ഭാരത് സീരീസിലുള്ള രജിസ്‌ട്രേഷന്‍ നേടാം. അതേ സമയം, ടാക്‌സികള്‍, ട്രക്കുകള്‍, ബസുകള്‍, കാര്‍ഗോ വാഹനങ്ങള്‍ എന്നിവയ്‌ക്കൊന്നും ബി.എച്ച് പ്ലേറ്റിന് അര്‍ഹതയില്ല.
രജിസ്റ്റര്‍ ചെയ്ത വര്‍ഷം, ബി.എച്ച് സീരീസ്, നമ്പര്‍, 'ഐ'യും 'ഒ'യും ഒഴികെയുള്ള ഏതെങ്കിലും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എന്നിവയാണ് നമ്പര്‍ പ്ലേറ്റിലുണ്ടാകുക.
ബി.എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി നേടാതെ തന്നെ രാജ്യം മുഴുവന്‍ സഞ്ചരിക്കാം.
എങ്ങനെ അപേക്ഷിക്കാം
മേല്‍പറഞ്ഞ ഏതെങ്കിലും വിഭാഗത്തിലുള്‍പ്പെട്ടവരാണെങ്കില്‍ വാഹന്‍ പോര്‍ട്ടലില്‍ കയറി വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ നമ്പര്‍പ്ലേറ്റ് നേടാം. പുതിയ വാഹനമാണെങ്കില്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാം. കാരണം ഇതിനുള്ള എല്ലാ രേഖകളും പേമെന്റുമൊക്കെ ഡീലര്‍മാര്‍ നല്‍കും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ സ്വന്തമായി ചെയ്യേണ്ടി വരും. ഇതിനായി ആദ്യം ആര്‍.ടി.ഒയില്‍ ഫോം 27(A) സമര്‍പ്പിക്കണം. ആര്‍.ടി.ഒ വേരിഫിക്കേഷനുശേഷമാണ് ബി.എച്ച് സീരീസ് നമ്പര്‍
പ്ലേറ്റിന് അപേക്ഷിക്കാനാകുക.

ബി.എച്ച് പ്ലേറ്റുകളുടെ റോഡ് ടാക്‌സ് രണ്ട് വര്‍ഷത്തേക്ക് അടയ്ക്കാം. അല്ലെങ്കില്‍ രണ്ടിന്റെ ഗുണിതങ്ങളായും അടയ്ക്കാം.. 14 വര്‍ഷം വരെയാണ് റോഡ് ടാക്‌സ് അടയ്‌ക്കേണ്ടത്. 14 വര്‍ഷത്തിനുശേഷം വര്‍ഷാവര്‍ഷം അടയ്ക്കണം. 10 ലക്ഷം രൂപയിൽ താഴെയുള്ള കാറുകള്‍ക്ക് എട്ട് ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ 10 ശതമാനവും 20 ലക്ഷത്തിനു മുകളില്‍ 12 ശതമാനവുമാണ് നികുതി.

ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കാണെങ്കില്‍ നികുതിയില്‍ രണ്ട് ശതമാനം കിഴിവും ലഭിക്കും.

Related Articles

Next Story

Videos

Share it