ഊബറിനും ഒലക്കും ചെക്ക്! സഹകരണ ടാക്സിക്ക് കൈകോര്‍ത്ത് എട്ട് സഹകരണ സംഘങ്ങള്‍, 300 കോടിയുടെ പദ്ധതി, ആദ്യമെത്തുക ഈ സ്ഥലങ്ങളില്‍

ഡ്രൈവര്‍മാര്‍ക്ക് മികച്ച വരുമാനവും യാത്രക്കാരന് സുരക്ഷിതവും മെച്ചപ്പെട്ടതുമായ സവാരി ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു ഉദ്യമം
Maruti Suzuki Swift Dzire and Bharath Taxi logo
Maruti Suzuki, Canva
Published on

ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ഊബറിനും ഒലക്കും വെല്ലുവിളിയുമായി സഹകരണ മേഖലയില്‍ നിന്നും ഭാരത് ടാക്‌സി സര്‍വീസ് വരുന്നു. നാല് സംസ്ഥാനങ്ങളിലായി 200ലധികം ഡ്രൈവര്‍മാര്‍ ഇതിനോടകം ഭാഗമായ സര്‍വീസ് ഇക്കൊല്ലം അവസാനത്തോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 300 കോടി രൂപയുടെ മൂലധനം പദ്ധതിക്കായി സമാഹരിച്ചിട്ടുണ്ട്. രാജ്യത്തെ എട്ട് പ്രമുഖ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യമായ ദി മള്‍ട്ടി സ്‌റ്റേറ്റ് സഹകാരി ടാക്‌സി കോപറേറ്റീവ് ലിമിറ്റഡിന്റെ കീഴിലാണ് സര്‍വീസ് ആരംഭിക്കുക.

ഇക്കൊല്ലം അവസാനത്തോടെ സഹകരണ മേഖലയില്‍ ടാക്‌സി സര്‍വീസ് തുടങ്ങുമെന്ന് കഴിഞ്ഞ മാസം കേന്ദ്രസഹകരണ വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കങ്ങള്‍. ഡ്രൈവര്‍മാര്‍ക്ക് മികച്ച വരുമാനവും യാത്രക്കാരന് സുരക്ഷിതവും മെച്ചപ്പെട്ടതുമായ സവാരി ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു ഉദ്യമമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

നാഷണല്‍ കോപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍.എസ്.ഡി.സി), ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോപറേറ്റീവ് ലിമിറ്റഡ് (ഐ.എഫ്.എഫ്.സി.ഒ), ഗുജറാത്ത് കോപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്) തുടങ്ങിയ സഹകരണ സംഘങ്ങളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്. കൂടാതെ കൃഷക് ഭാരതി കോപറേറ്റീവ് ലിമിറ്റഡ്, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്), നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, നാഷണല്‍ കോപറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ് എന്നിവരാണ് കണ്‍സോര്‍ഷ്യല്‍ അംഗമായ മറ്റ് സംഘങ്ങള്‍.

ആദ്യം ഈ നാല് സംസ്ഥാനങ്ങളില്‍

ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് 50 വീതം ഡ്രൈവര്‍മാര്‍ ഉദ്യമത്തിന്റെ ഭാഗമായിട്ടുണ്ട്. രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ സഹകരണ സംഘങ്ങളും ഇതിനൊപ്പം ചേരും. ടാക്‌സി സേവനം ബുക്ക് ചെയ്യുന്നതിനുള്ള ആപ്പ് തയ്യാറാക്കുന്നതിനായി ടെക്‌നോളജി പാര്‍ട്ണറെ കണ്ടെത്തുന്നതിനായി ടെണ്ടറും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്താകെ ഒറ്റ പ്ലാറ്റ്‌ഫോമിലാകും ടാക്‌സി സര്‍വീസിന്റെ പ്രവര്‍ത്തനം. ടാക്‌സി സര്‍വീസിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം രൂപീകരിക്കുന്നതിന് ഐ.ഐ.എം ബംഗളൂരുവും ഒരു ടെക്‌നോളജി സ്ഥാപനവും മുന്നോട്ടുവന്നിട്ടുണ്ട്.

സ്വകാര്യ കമ്പനികള്‍ക്ക് ബദലാകും

നിലവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ഊബര്‍, ഒല, റാപ്പിഡോ എന്നീ സ്വകാര്യ കമ്പനികള്‍ക്കാണ് ആധിപത്യമുള്ളത്. ബംഗളൂരു ആസ്ഥാനമായ നമ്മ യാത്രിയും ഈ മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മിക്ക ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളും ഉപയോക്താക്കളെയും ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യുകയാണെന്ന പരാതി വ്യാപകമാണ്. ഇതോടെയാണ് സഹകരണ മേഖലയില്‍ ടാക്‌സി സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി കമ്മിഷന്‍ രഹിത - സഹകരണ വില മാനദണ്ഡങ്ങളിലാകും ഭാരത് ടാക്‌സിയുടെ പ്രവര്‍ത്തനം.

Eight cooperatives are set to launch 'Bharat' taxi service as a driver-first alternative to Ola and Uber in India. The platform will onboard 200 drivers in its first phase.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com