ഭാരത്പേയില്‍നിന്ന് പടിയിറങ്ങി സ്ഥാപകനായ ഭവിക് കൊളാഡിയയും

യുണീകോണ്‍ (Unicorn) ഫിന്‍ടെക് കമ്പനിയായ ഭാരത്പേയില്‍നിന്ന് (BharatPe) സഹസ്ഥാപകനായ ഭവിക് കൊളാഡിയയും (Bhavik Koladiya) പടിയിറങ്ങുന്നു. മറ്റൊരു സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്നീര്‍ ഗ്രോവര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊളാഡിയയും സ്ഥാനം രാജിവെച്ചത്. ഫണ്ട് ദുരുപയോഗം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് മാനേജ്മെന്റുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അഷ്നീര്‍ ഗ്രോവര്‍ ഭാരത്പേയില്‍നിന്ന് ഇറങ്ങിയത്. ഇതിന്റെ പേരില്‍ അഷ്നീര്‍ ഗ്രോവറിന്റെ ഭാര്യയായ മാധുരി ജെയിന്‍ ഗ്രോവറിനെ ഭാരത്‌പേ പുറത്താക്കിയിരുന്നു.

2018ലാണ് ഡല്‍ഹി ഐഐടിയില്‍ പഠിക്കുകയായിരുന്ന ശാശ്വത് നക്രാനിയുമായി ചേര്‍ന്ന് കൊളാഡിയ ഭാരത്‌പേ സ്ഥാപിച്ചത്. പിന്നീട് അതേ വര്‍ഷം തന്നെ ഗ്രോവര്‍ മൂന്നാമത്തെ സഹസ്ഥാപകനായി കമ്പനിയില്‍ ചേര്‍ന്നു. നിലവില്‍ കൊളാഡിയയ്ക്ക് 5.75 ശതമാനം ഓഹരികള്‍ ഭാരത്‌പേയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഭവിക് കൊളാഡിയയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുഹൈല്‍ സമീറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊളാഡിയയുടെ വിടവാങ്ങലിന് കാരണമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Related Articles
Next Story
Videos
Share it