ബൈഡന്റെ കുടിയേറ്റ നയം: ഇന്ത്യയിലെ ഐടി പ്രൊഫെഷണലുകള്‍ക്ക് പ്രതീക്ഷ

എച്ച് 1 ബി വിസ, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ സാങ്കേതികവിദ്യ വ്യവസായ ലോകം

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കു പ്രയോജനം ചെയ്യുന്നത് ആണ്.

വ്യാപാരത്തിലും കുടിയേറ്റത്തിലും പുതിയ സമീപനം സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കൂടാതെ സയന്‍സ്, ടെക്‌നോളജി രംഗങ്ങളെ പുതുക്കുന്നതിനും പുനര്‍ജീവന്‍ നല്‍കുന്നതിനും താല്‍പര്യമുണ്ടെന്നും നാസ്‌കോം പറഞ്ഞു. മുന്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഹാനികരമായ നിയന്ത്രണ നയങ്ങളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നതില്‍ അദ്ദേഹത്തിനുള്ള പ്രതിജ്ഞാബദ്ധതയേയും നാസ്‌കോം സ്വാഗതം ചെയ്തിരുന്നു.

എച്ച്1ബി വിസാ പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അനവധി നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തിയിരുന്നു. ജോലി ചെയ്യുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ സാധാരണ ഉപയോഗിക്കുന്നത് എച്ച്1ബി വിസയാണ്.
എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടും ട്രംപ് ഭരണകൂടം അനവധി ചട്ടങ്ങള്‍ കൊണ്ടുവന്നു. വിദേശികളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന വേതനത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അത്തരം നിബന്ധനകളെ ബൈഡന്‍ ഭരണകൂടം ബുധനാഴ്ച്ച പിന്‍വലിക്കുകയോ മരവിപ്പിക്കുകയോ ചെയ്തു.
ആഗോള മത്സരം, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ എന്നീ കാര്യങ്ങളെ വിജയകരമായി അഭിസംബോധന ചെയ്യുന്ന കുടിയേറ്റ നിയമ ഭേദഗതികള്‍ പുതിയ ഭരണകൂടം കൊണ്ടുവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കൗണ്‍സില്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജേസണ്‍ ഓക്‌സ്മാന്‍ പറഞ്ഞു.

അമേരിക്കയില്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, കണക്ക് മേഖലകളിലേക്ക് (സ്‌റ്റെം മേഖല) നില നില്‍ക്കുന്ന പ്രതിഭാദാരിദ്ര്യം ഒരു പ്രധാന വെല്ലുവിളിയാണെന്ന് നാസ്‌കോം പറഞ്ഞു. ജനുവരി 13ലെ കണക്കുകള്‍ അനുസരിച്ച് കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ 7,50,000ല്‍ അധികം പേരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. 2020 മെയ് മാസത്തിനുശേഷം 20 ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
യുഎസ് എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമായിരിക്കേ ഉയര്‍ന്ന സാങ്കേതിക കഴിവുകള്‍ ആവശ്യമുള്ള തൊഴിലുകളില്‍ ജോലിക്കാരുടെ ഒഴിവുകള്‍ കൂടുതലാണെന്ന് നാസ്‌കോം പറയുന്നു. ഇത് അവിടെ കഴിവുള്ളവരുടെ എണ്ണക്കുറവുണ്ടെന്ന വാദത്തെ സാധൂകരിക്കുന്നു.

ഈ പ്രതിഭാ ദാരിദ്ര്യത്തെ വഷളാക്കുന്നതാണ് മുന്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍. ഇത്തരം വിഷയങ്ങള്‍ യുഎസ് നയ രൂപകര്‍ത്താക്കളുമായി നാസ്‌കോം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംഘടന അറിയിച്ചു. സ്‌റ്റെം മേഖലയിലെ കഴിവുള്ളവരുടെ കുറവിന് പരിഹാരം കാണാന്‍ പുതിയ അമേരിക്കന്‍ ഭരണകൂടവുമായി ചേര്‍ന്ന് സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അമേരിക്കയെ മത്സരാധിഷ്ഠിതമാക്കുന്നതിനും വളരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും നാസ്‌കോം പറഞ്ഞു.


Related Articles
Next Story
Videos
Share it