

ഇന്ത്യയ്ക്കുമേല്‍ യു.എസിന്റെ ഇരട്ട തീരുവ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നാളെ നിര്‍ണായക ചര്‍ച്ച. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. യു.എസ് താരിഫില്‍ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഈ വിഷയത്തില്‍ കൈകൊള്ളേണ്ട നയങ്ങളും ചര്‍ച്ചയാകും.
ഇന്ത്യയ്ക്കുമേല്‍ ട്രംപ് 50 ശതമാനം തീരുവ ചുമത്താന്‍ ഇടയില്ലെന്നും അവസാന നിമിഷം തീരുവ വര്‍ധനയില്‍ മാറ്റം വരുത്തിയേക്കുമെന്നും നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. ചൈനയുമായി ഇന്ത്യ അടുക്കുന്നത് യു.എസിന്റെ മേഖലയിലെ താല്പര്യങ്ങള്‍ക്ക് ഹാനികരമാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നിലുള്ളതിനാല്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്ന തീരുമാനങ്ങളില്‍ നിന്ന് ട്രംപ് പിന്നോട്ട് പോയേക്കുമെന്ന വീക്ഷണങ്ങള്‍ ചിലര്‍ പങ്കുവയ്ക്കുന്നു.
താരിഫ് വിഷയത്തില്‍ വാണിജ്യ മന്ത്രാലയം കയറ്റുമതിക്കാരുമായും എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.എസിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന ഇടിവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കയറ്റുമതി മേഖലയുടെ നിരീക്ഷണം. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം ഏര്‍പ്പെടുത്തണമെന്നാണ് കയറ്റുമതി മേഖലയുടെ ആവശ്യം.
യു.എസ് താരിഫ് നിലവില്‍ വന്നാല്‍ പ്രതീക്ഷിക്കുന്നതിലേറെ തിരിച്ചടി ഉണ്ടായേക്കുമെന്നാണ് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാറിന്റെ മുന്നറിയിപ്പ്. വെറും സംഖ്യകള്‍ക്ക് അപ്പുറമായിരിക്കും ആഘാതം. രാജ്യത്തിന്റെ വളര്‍ച്ചയെ താരിഫ് കാര്യമായി ബാധിക്കില്ലെങ്കിലും കയറ്റുമതിയില്‍ പ്രത്യാഘാതം ഉണ്ടാക്കും. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, തുകല്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക തൊഴില്‍ നഷ്ടമുണ്ടാകുമെന്നും വിജയകുമാര്‍ മുന്നറിയിപ്പ് നല്കുന്നു.
അതേസമയം, ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഇരട്ടനികുതി യുക്രൈയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തന്ത്രമാണെന്ന് വെളിപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. എണ്ണ വിറ്റ് കൂടുതല്‍ സമ്പത്ത് ഉണ്ടാക്കാനുള്ള റഷ്യന്‍ നീക്കം തടയുന്നതിനാണ് ഇന്ത്യയ്ക്ക് മേലുള്ള അധികനികുതിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine